പേര് രണ്ടാണെങ്കിലും ഫോൺ ഒന്ന് തന്നെ! ഓപ്പോ A6 പ്രോ 5G ലോഞ്ച് ചെയ്തു; 7000mAh ബാറ്ററി സഹിതം
ഓപ്പോ തങ്ങളുടെ എ സീരീസിലേക്ക് ഒരു പുതിയ ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. ഓപ്പോ A5 പ്രോയുടെ പിൻഗാമിയായി ഓപ്പോ A6 പ്രോ (OPPO A6 Pro) എന്ന മോഡൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ചൈനയിൽ അല്ലേ ലോഞ്ച് ചെയ്തത്, നമുക്ക് എന്ത് ഗുണം എന്ന് ഇന്ത്യയിലെ ഓപ്പോ ആരാധകർ നിരാശപ്പെടേണ്ടതില്ല. കാരണം സെപ്റ്റംബർ 15ന് ഓപ്പോ F31 പ്രോ എന്ന പേരിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഈ ഫോൺ തന്നെയാണ് എന്നാണ് റിപ്പോർട്ട്. അതായത് രണ്ട് രാജ്യങ്ങളിലും ഈ പറഞ്ഞ രണ്ട് പേരുകളിലാണ് എത്തുന്നത് എങ്കിലും ഇതിലെ ഫീച്ചറുകൾ ഒന്നുതന്നെയായിരിക്കും.
മികച്ച ഫീച്ചറുകൾ നിരവധിയുണ്ടെങ്കിലും ഓപ്പോ എ6 പ്രോയുടെ മുഖ്യ ആകർഷണം അതിന്റെ ഈട് തന്നെയായിരിക്കും. കാരണം, IP69, IP68, IP66 റേറ്റിങ്സ് സഹിതമാണ് ഈ ഓപ്പോ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വെള്ളത്തിൽ മുങ്ങിപ്പോകൽ, ഉയർന്ന മർദ്ദത്തിലുള്ള ജലപ്രവാഹം, ഉയർന്ന താപനിലയിലുള്ള ചൂടുവെള്ളം എന്നിവയെയെല്ലാം പ്രതിരോധിക്കാൻ ഈ ഫോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കുറഞ്ഞത് ആറ് വർഷമെങ്കിലും മികച്ച ജലപ്രതിരോധം നൽകാൻ ഈ ഫോണിന് ശേഷിയുണ്ടെന്ന് ഓപ്പോ പറയുന്നു. കൂടാതെ അൾട്രാ-ഡ്രോപ്പ്-റെസിസ്റ്റന്റ് ഡയമണ്ട് സ്ട്രക്ചറിനായി ബോഡിയിൽ ഏവിയേഷൻ അലോയ് ഫ്രെയിമും OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു. മിലിട്ടറി ഗ്രേഡ് ഈട് സർട്ടിഫിക്കേഷനും ഇതിനുണ്ട്. ശക്തമായ വീഴ്ചകളിൽ ഉള്ളിലും പുറമേയും പരുക്കുകൾ കുറയ്ക്കാൻ ശക്തമായ ഡ്രോപ്പ് റെസിസ്റ്റൻസും ഉണ്ട്.
ഓപ്പോ A6 പ്രോയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) 6.57-ഇഞ്ച് FHD+ OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 1400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ് എന്നിവ സഹിതം എത്തുന്നു.

ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് എ6 പ്രോയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB / 12GB / 16GB LPDDR4X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, 4300mm² VC കൂളിങ് എന്നിവയും ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.0-ൽ ആണ് പ്രവർത്തനം.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, NFC എന്നിവയും ഇതിലുണ്ട്.

80W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററിയും ഓപ്പോ എ6 പ്രോ 5ജിയിലുണ്ട്. ദുർബലമായ നെറ്റ്‌വർക്ക് പരിതസ്ഥിതികളിൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ഫീച്ചറുകളും ഇതിൽ ഓപ്പോ സജ്ജീകരിച്ചിട്ടുണ്ട്. 158.16×74.99×7.96mm വലിപ്പവും 190 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ബ്ലാക്ക് ജേഡ്, ഗോൾഡ്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
ഓപ്പോ എ6 പ്രോയുടെ 8GB+256GB അടിസ്ഥാന വേരിയന്റിന് 1799 യുവാൻ (ഏകദേശം 22,235 രൂപ) ആണ് വില. 12GB+ 256GB വേരിയന്റിന് 1999 യുവാനും (ഏകദേശം 24,705 രൂപ), 16GB+256GB വേരിയന്റിന് 2199 യുവാനും (ഏകദേശം 27,180 രൂപ), 16GB+512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 30,885 രൂപ) ആണ് ചൈനയിലെ വില. സെപ്റ്റംബർ 15ന് F31 പ്രോ എന്ന പേരിൽ ഈ ഫോൺ ഇന്ത്യയിലെത്തും.


Click it and Unblock the Notifications