6500mAh ബാറ്ററി, 50MP ക്യാമറ; ഓപ്പോ A6s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
കഴിഞ്ഞ ദിവസം K14 5ജി ലോഞ്ച് ചെയ്തതിന് പിന്നാലെ മറ്റൊരു പുതിയ 5ജി ഫോൺ കൂടി ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഓപ്പോ A6 സീരീസിന്റെ ഭാഗമായി ഓപ്പോ A6s 5G (OPPO A6s 5G) എന്ന പുത്തൻ മോഡൽ ആണ് പുതിയതായി എത്തിയിരിക്കുന്നത്. ബജറ്റ് മുതൽ മിഡ് റേഞ്ച് വരെയുള്ള സ്മാർട്ട്ഫോണുകൾ ഓപ്പോയുടെ A സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടാറുണ്ട്. അതായത് 10,000 രൂപ മുതൽ 25,000 രൂപ വരെ വിലയുള്ള ഫോണുകൾ, ഈ നിരയിലേക്ക് 20000 രൂപയിൽ താഴെ വിലയിൽ ആണ് A6s എത്തിയിരിക്കുന്നത്.
പ്രീമിയം ലുക്കിംഗ് ഡിസൈനും മാന്യമായ ഹാർഡ്‌വെയറും ഉള്ള ബാറ്ററി ഫോക്കസ്ഡ് സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് പുതിയ A6s മോഡലിലൂടെ ഓപ്പോ ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്. 6,500mAh ബാറ്ററി, 50MP മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ എന്നിവയും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
6.75 ഇഞ്ച് HD+ (1570 × 720 പിക്‌സൽസ്) എൽസിഡി ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റും 1,125 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും സഹിതം എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഈ ഓപ്പോ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്.
ARM Mali-G57 MC2@1072MHz ജിപിയുവും ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. ഫോട്ടോകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി AI പോർട്രെയിറ്റ് റീടൂച്ചിംഗ്, AI പെർഫെക്റ്റ് ഷോട്ട് തുടങ്ങിയ AI സവിശേഷതകളും സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്.

കളർഒഎസ് 15-ൽ ആണ് ഓപ്പോ A6s 5ജിയുടെ പ്രവർത്തനം. 4GB + 128GB, 6GB + 128GB എന്നിങ്ങനെ രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്. LPDDR4X റാം, UFS 2.2 സ്റ്റോറേജ് എന്നിവയാണ് ഇതിൽ ഓപ്പോ സജ്ജീകരിച്ചിരിക്കുന്നത്.
ഫിംഗർ പ്രിന്റ്, ഫേഷ്യൽ സെൻസറുകൾ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിംഗും ഓപ്പോ A6s 5ജിയിലുണ്ട്. പുതിയ OPPO സ്മാർട്ട്‌ഫോണിന്റെ ഹൈലൈറ്റ് അതിന്റെ 6,500mAh ബാറ്ററിയാണ്, ഇത് സാധാരണ ഉപയോഗത്തിൽ അല്ലെങ്കിൽ മിതമായ ഉപയോഗത്തിൽ ഒരു ദിവസം മുഴുവൻ എളുപ്പത്തിൽ പ്രവർത്തിക്കും.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഓപ്പോ A6s 5ജി എത്തുന്നത്. ഡ്യുവൽ സിം, 5ജി, 4ജി എന്നിവയും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഓറോറ ഗോൾഡ്, പ്ലം പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 212g ആണ് ഈ ഫോണിന്റെ ഭാരം.

വിലയും ലഭ്യതയും
ഓപ്പോ A6s 5ജിയുടെ 4GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 18,999 രൂപയും 6GB+ 128GB വേരിയന്റിന് 20,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 1,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട്, 3 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും എന്നിവ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇതിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











