ഓപ്പോ എ 94 സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
അവതരിപ്പിക്കുവാൻ പോകുന്ന പുതിയ ഓപ്പോ എ 94 സ്മാർഫോൺ കമ്പനിയുടെ ഔദ്യോഗിക യുണൈറ്റഡ് അറബ് എമിറേറ്റ്സ് വെബ്സൈറ്റിൽ ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലിസ്റ്റിംഗ് ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ വിലയോ ലഭ്യതയോ മറ്റ് വിശദാംശങ്ങളോ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ, ഹാൻഡ്സെറ്റിൻറെ സവിശേഷതകളെ കുറിച്ച് ഒരു നേർകാഴ്ച്ച നൽകുവാൻ ഇത് വളരെയധികം സഹായകരമായി എന്നുതന്നെ പറയാം. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച ഓപ്പോ എ 93 യുടെ പിൻഗാമിയായി ഓപ്പോ എ 94 കമ്പനി അധികം വൈകാതെ തന്നെ വിപണിയിൽ അവതരിപ്പിക്കും.

ഓപ്പോ എ 94: വില
ഓപ്പോ എ 94 ൻറെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലഭ്യമായ ഏതാനും വിശദാംശങ്ങൾ അനുസരിച്ച്, ഇതിൻറെ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 7,490,000 വിയറ്റ്നാമീസ് ഡോങ് (ഏകദേശം 23,769 രൂപ) വില വരുമെന്ന് പറയുന്നു. ആഗോളതലത്തിൽ ഈ ഹാൻഡ്‌സെറ്റ് എപ്പോൾ വിപണിയിലെത്തുമെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പർപ്പിൾ കളർ ഓപ്ഷനുകളിൽ ഓപ്പോ എ 94 വിപണിയിൽ ലഭ്യമാക്കും.

ഓപ്പോ എ 94: സവിശേഷതകൾ
ഫുൾ എച്ച്ഡി + റെസല്യൂഷൻ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഓപ്പോ എ 94ൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്നതും, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 95 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൽ പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11.1 സ്‌കിൻ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് ഗൂഗിൾ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 30W വൂക്ക് ചാർജിംഗ് സപ്പോർട്ടുള്ള 4,310 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ 94ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓപ്പോ എ 94: ക്യാമറ സവിശേഷതകൾ
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സുരക്ഷയ്‌ക്കായി ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. മുൻപിൽ വരുന്ന ക്യാമറ ഉപയോഗിച്ച് ഫേസ് റെക്കഗ്‌നിഷൻ സപ്പോർട്ടും ചെയ്യുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ്, മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഇതിൽ ഉൾക്കൊള്ളുന്നു. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിന് 85 ഡിഗ്രി ഫീൽഡ് വ്യൂ വരുന്ന 32 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.

ഡാർവിൻ എന്ന രഹസ്യനാമമുള്ള ഓപ്പോ സ്മാർട്ട്‌ഫോൺ ഏഷ്യയിൽ റെനോ 5 എഫ്, യൂറോപ്പിൽ എ 94, ഇന്ത്യയിൽ എഫ് 19 എന്നിങ്ങനെ ലോഞ്ച് ചെയ്യുമെന്ന് ലീക്ക്സ്റ്റർ ഇവാൻ ബ്ലാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മാർച്ച് എട്ടിന് എഫ് 19 പ്രോ, എഫ് 19 പ്രോ + 5 ജി എന്നിവ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഓപ്പോ എ 94 ൻറെ കൂടുതൽ വിശദാംശങ്ങൾ അധിക വൈകാതെ പൂർണമായി അറിയുവാൻ സാധിക്കും.


Click it and Unblock the Notifications