ഓപ്പോ K14 5ജിയിൽ എന്തെല്ലാം ഉണ്ട്? IP69 റേറ്റിങ് ഉണ്ട്, 50MP ക്യാമറ ഉണ്ട്, 7000mAh ബാറ്ററി ഉണ്ട്...
ഓപ്പോ ഇന്ത്യയിൽ K സീരീസിൽ മാർച്ച് 9 ന് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചതാണ്. കഴിഞ്ഞ വർഷത്തെ K13 5ജിയുടെ പിൻഗാമിയായി ഓപ്പോ K14 5ജി (OPPO K14 5G) എന്ന പുതിയ മോഡലാണ് മാർച്ച് 9ന് ലോഞ്ച് ചെയ്യുക. ലോഞ്ച് തിയതി സ്ഥിരീകരിച്ചതിന് പിന്നാലെ, ലോഞ്ചിന് മുൻപായിത്തന്നെ ഈ ഫോണിന്റെ ഫീച്ചറുകൾ ഒന്നൊന്നായി കമ്പനി വെളിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. ഇതിനകം IP റേറ്റിങ്, ബാറ്ററി, ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഫീച്ചറുകളും വരും ദിവസങ്ങളിൽ വ്യക്തമാക്കും.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP69 റേറ്റഡ് പ്രൊട്ടക്ഷനോടെയാണ് ഓപ്പോ K14 5ജി എത്തുകയെന്ന് ഏറ്റവും പുതിയതായി ഓപ്പോ സ്ഥീരികരിച്ചിരിക്കുന്നു. കൂടാതെ ഗണ്യമായി വികസിപ്പിച്ച ഗ്രാഫൈറ്റ് കവറേജുള്ള 3900mm² വേപർ ചേമ്പർ ഇതിലുണ്ട് എന്ന വിവരവും ഉറപ്പിച്ചിട്ടുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ ആണ് ഈ ഓപ്പോ ഫോണിലുണ്ടാകുക എന്ന പുതിയ സ്ഥിരീകരണവും വന്നിട്ടുണ്ട്.

ഓപ്പോ K14 5ജിയുടെ മുഖ്യ ആകർഷണം അതിലെ ബാറ്ററി ശേഷിയാണ് എന്ന് കമ്പനി നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. "എൻഡുറൻസ് പവർഹൗസ്" എന്ന വിശേഷണത്തോടെയാണ് ഓപ്പോ K14 5ജിയെ പരിചയപ്പെടുത്തുന്നത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓപ്പോ K14 5ജി മൈക്രോ സൈറ്റ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വരാൻ പോകുന്ന ഈ ഫോണിന്റെ ചില ഫീച്ചറുകൾ ഈ വെബ്പേജിൽ കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. ക്ലാസിക് വൈറ്റ്, കടും പർപ്പിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഓപ്പോ K14 5ജി എത്തുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്.

ദീർഘചതുരാകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ K14 5ജിയിലുള്ളത്. റിയർ പാനലിന്റെ താഴത്തെ പകുതിയിൽ ഒരു പ്രത്യേക ജ്യാമിതീയ, ടെക്സ്ചർ ചെയ്ത പാറ്റേൺ ഉണ്ട്, ഇത് ഒരു സവിശേഷ വിഷ്വൽ പ്രൊഫൈൽ ഈ ഓപ്പോ ഫോണിന് നൽകുന്നു.
60 മാസ ഫ്യൂവൻസി പ്രൊട്ടക്ഷൻ ഓപ്പോ K15 5ജിക്ക് ഉണ്ട് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ മികവോടെയാണ് K14 5ജി എത്തുക. സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുക എന്നാണ് സൂചന.
K13 5ജിയിൽ സ്‌നാപ്ഡ്രാഗൺ 6 Gen 4 ചിപ്സെറ്റാണ് ഉണ്ടായിരുന്നത്, ഇതിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതായിരിക്കും പുതിയ K14 5ജിയിലെ പ്രോസസർ. വരാൻ പോകുന്ന ഈ ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ കമ്പനി വെളിപ്പെടുത്തും. മാർച്ച് 9ലെ ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.

മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാകും ഓപ്പോ K14 5ജി എത്തുക. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ K13 5Gയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. എന്നാൽ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ഈ വേരിയന്റുകളുടെ വില വർധിപ്പിച്ചു.
നിലവിൽ ഓപ്പോ K13 5ജി വേരിയന്റുകൾ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 22999 രൂപ, 24999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ വില 18999 രൂപയായി കുറയ്ക്കാൻ സാധിക്കും. പുതിയ K14 5ജി 25000 രൂപയോട് അടുത്ത വിലയിൽ എത്താനാണ് സാധ്യത. കൃത്യമായ വില ലോഞ്ചിന് ശേഷമേ അറിയാനാകൂ.


Click it and Unblock the Notifications








