പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ...! ഇന്ത്യാമഹാരാജ്യം ഇളക്കിമറിക്കാൻ ഓപ്പോ F27 5G എത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് സർപ്രൈസ് സമ്മാനിച്ച് ഓപ്പോ തങ്ങളുടെ എഫ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ഓപ്പോ എഫ്27 5ജി (Oppo F27 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിനകം ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഓപ്പോ എഫ്27 പ്രോ പ്ലസ് മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്നു എന്നതാണ് സമാന സീരീസിൽ എത്തുന്ന ഈ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഓപ്പോ എഫ്27 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി കമ്പനി അറിയിച്ചില്ല. വരും ആഴ്ചകളിൽ ലോഞ്ച് ചെയ്യപ്പെട്ടേക്കാമെന്ന് കരുതിയിരിക്കവേയാണ് ഓഗസ്റ്റ് 20ന് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.
അടുത്തിടെ പുറത്തിറങ്ങിയ ഓപ്പോ എഫ്27 പ്രോ പ്ലസ് മോഡലടക്കം നിരവധി മികച്ച ഫോണുകൾ ഓപ്പോ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാകില്ലല്ലോ എന്ന് വിശേഷിപ്പിക്കാൻ കഴിയും വിധത്തിൽ, ഓപ്പോയുടെ റെനോ സീരീസ് ഫോണുകളും കെ സീരീസ്, എ സീരീസ് ഫോണുകളുമൊക്കെ ജനപ്രിയമായ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ എഫ് സീരീസിലെ ഈ പുതിയ ഫോണിലൂടെ ഓപ്പോ മികച്ച ഫോണുകൾ പുറത്തിറക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ്, 50MP പ്രൈമറി ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകൾ ഈ സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ വാഗ്ദാനം ചെയ്യുന്നു.
ഓപ്പോ എഫ്27 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1080 X 2400 പിക്‌സൽ റെസലൂഷൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 394 PPI, AGC-DT സ്റ്റാർ 2 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മാലി G57 MP2 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB LPDDR4X റാം, 8GB വെർച്വൽ റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് ഓപ്‌ഷനുകൾ, മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഓപ്പോ എഫ്27 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, അടുത്തകാലത്തായി ഏറെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന റൗണ്ട് ക്യാമറ മൊഡ്യൂൾ ആണ് ഓപ്പോ എഫ്27 5ജിയിലും നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50MP ഓമ്‌നിവിഷൻ OV50D പ്രൈമറി ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഓമ്നിവിഷൻ OV02B1B പോർട്രെയ്റ്റ് ക്യാമറ, ഹാലോ ലൈറ്റ് എന്നിവ ഇതിൽ ഇടംപിടിച്ചിരിക്കുന്നു.
സെൽഫിക്കും വീഡിയോകോളുകൾക്കും മറ്റുമായി ഓപ്പോ എഫ്27 5ജിയുടെ ഫ്രണ്ടിൽ 32-മെഗാപിക്സൽ സോണി IMX615 സെൻസർ നൽകിയിരിക്കുന്നു. 5ജി, ഡ്യുവൽ സിം സപ്പോർട്ട്, വൈഫൈ 5, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ് തുടങ്ങിയവയൊക്കെയാണ് ഈ ഓപ്പോ 5ജി ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

45W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഓപ്പോ എഫ്27 5ജിയിൽ ഉള്ളത്. വീഴ്ചകളെയും മറ്റും പ്രതിരോധിക്കാനായി ആർമർ ബോഡിയും വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഇതിലുണ്ട്. 300 ശതമാനം അൾട്രാ വോളിയം മോഡ്, 50 മാസത്തെ ഫ്ലൂവൻസി സർട്ടിഫിക്കേഷൻ എന്നിവയോടെയാണ് ഈ ഫോൺ എത്തുന്നത് എന്ന് ഓപ്പോ പറയുന്നു.
വിലയും ലഭ്യതയും: എമറാൾഡ് ഗ്രീൻ, ആംബർ ഓറഞ്ച് നിറങ്ങളിലാണ് ഓപ്പോ എഫ്27 5ജി എത്തുന്നത്. ഇതിന്റെ 8GB റാം+ 128GB സ്റ്റോറേജ് അടിസ്ഥാന മോഡലിന് 22,999 രൂപയും 8GB+ 256GB വേരിയന്റിന് 24,999 രൂപയുമാണ് ഇന്ത്യയിൽ വില. ഓപ്പോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
ലോഞ്ച് ഓഫർ എന്ന നിലയിൽ ആകർഷകമായ ഡിസ്കൗണ്ടും ഓപ്പോ എഫ്27 5ജിക്ക് ലഭ്യമാണ്. ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വൺകാർഡ്, എസ്ബിഐ എന്നീ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 10% (ഏകദേശം 2500 രൂപ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓപ്പോ നൽകുന്നുണ്ട്.


Click it and Unblock the Notifications








