360° ആർമർ ബോഡി, ടോപ് വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് സഹിതം ഓപ്പോയുടെ ചുണക്കുട്ടന്മാർ; F29, F29 പ്രോ
ഓപ്പോ തങ്ങളുടെ F സീരീസിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ പോകുന്നു. ഈ സീരീസിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട F27 സീരീസ് സ്മാർട്ട്ഫോണുകളാണ്. ഇവയുടെ പിൻഗാമിയായി പുതിയ ഓപ്പോ F29 സീരീസ് (OPPO F29 series) മാർച്ച് 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഓപ്പോ ഇപ്പോൾ അറിയിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏത് പ്രതികൂല പരിതസ്ഥിതിയെയും നേരിടാൻ തക്ക കരുത്തുള്ളവയാണ് പുതിയ എഫ്29 സീതീസ് എന്ന് കമ്പനി പറയുന്നു. രണ്ട് മോഡലുകളാണ് ഈ സീരീസിൽ മാർച്ച് 20ന് ലോഞ്ച് ചെയ്യുന്നത്.
ഓപ്പോ എഫ്29 5ജി (OPPO F29 5G), ഓപ്പോ എഫ്29 പ്രോ 5ജി (OPPO F29 Pro 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് എഫ്29 സീരീസിൽ അടങ്ങുന്നത്. 360° ആർമർ ബോഡി, എക്സ്ട്രീം വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ എന്നിവയോടെയാണ് ഈ രണ്ട് മോഡലുകളും എത്തുന്നത് എന്ന് കമ്പനി പറയുന്നു.

മികച്ച ഈട് ഉറപ്പുനൽകുമ്പോൾ തന്നെ ഇവയുടെ ഭാരവും വളരെ കുറവാണ്. വെറും 180 ഗ്രാം ഭാരവും 7.55mm വലിപ്പവുമാണ് ഇവയ്ക്ക് ഉള്ളത്. ഇന്ത്യയിലെ SGS (സൊസൈറ്റി ജനറൽ ഡി സർവൈലൻസ്) IP66, IP68, IP69 റേറ്റിംഗുകൾക്കായി ടെസ്റ്റുകൾ നടത്തപ്പെട്ടവയാണ് ഇവ. ഉയർന്ന അളവിലുള്ള പൊടിയും വെള്ളവും കയറുന്നതിനെതിരെ പ്രതിരോധമുയർത്താൻ ഇവയ്ക്ക് സാധിക്കുമെന്ന് ഈ സർട്ടിഫിക്കേഷൻ സാക്ഷ്യപ്പെടുത്തുന്നു.
ഫോൺ താഴെ വീണാൽ കേടുപാട് ഉണ്ടാകാതിരിക്കാൻ കഴിയാവുന്നത്ര മുൻകരുതലുകൾ എഫ്29 സീരീസിൽ എടുത്തിട്ടുണ്ട്. ഇതിലെ സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ് വീഴ്ചകളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കുന്നു, കൂടാതെ ബാറ്ററി കവറും സൈഡ് ഫ്രെയിമും ഒരു അധിക സംരക്ഷണ പാളി നൽകുന്നു. പുതിയ റെയ്‌സ്ഡ് കോർണർ ഡിസൈൻ കവർ നാല് മൂലകളെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ഉയർന്നതും കുറഞ്ഞതുമായ താപനിലകൾ, ഷോക്ക്, മഴ, ഫ്രീസിങ് വാട്ടർ, മണൽ, പൊടി, ഉപ്പ്, മൂടൽമഞ്ഞ്, സൗരോർജ്ജ വികിരണം, ഈർപ്പം, വൈബ്രേഷൻ, ദ്രാവക മലിനീകരണം, പൂപ്പൽ, g-ലോഡുകൾ പരിശോധിക്കുന്ന ത്വരണം, പ്രതിരോധം എന്നിവയ്‌ക്കെതിരെ സാക്ഷ്യപ്പെടുത്തുന്ന 14 മിലിട്ടറി സ്റ്റാൻഡേർഡ് (MIL-STD-810H-2022) പരിശോധനകൾക്ക് വിധേയമായ ശേഷമാണ് F29 സീരീസ് എത്തുന്നത് എന്ന് ഓപ്പോ അറിയിച്ചിട്ടുണ്ട്.
ശക്തിപ്പെടുത്തിയ ഗ്ലാസിൽ നിർമ്മിച്ച ഇതിലെ ലെൻസ് പ്രൊട്ടക്ഷൻ റിംഗ്, പോറലുകൾ തടയാൻ ക്യാമറ ലെൻസിനേക്കാൾ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. കൂടാതെ, മദർബോർഡിനെ സംരക്ഷിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ആന്തരിക ഫ്രെയിം എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ആയി അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗും 300% നെറ്റ്‌വർക്ക് ബൂസ്റ്റും ഉള്ള 6000mAh ബാറ്ററിയാണ് ഈ സീരീസിൽ ഉള്ളത് എന്നും ഓപ്പോ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓപ്പോ എഫ്29 പ്രോ: മാർബിൾ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. 8GB + 128GB, 8GB + 256GB, 12GB + 256GB എന്നീ റാം + സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് ഓപ്പോ ഇന്ത്യ വെബ്സൈറ്റിലെ ഔദ്യോഗിക ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു.

ഓപ്പോ എഫ്29 5G: സോളിഡ് പർപ്പിൾ നിറത്തിലും, ഗ്ലേസിയർ ബ്ലൂ നിറത്തിലും ഈ ഫോൺ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇത് 8GB + 128GB, 8GB + 256GB എന്നീ റാം + സ്റ്റോറേജ് മോഡലുകളിൽ ലഭ്യമാകും. മാർച്ച് 20ലെ ലോഞ്ചിന് ശേഷം ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ എഫ്29 സീരീസ് ഫോണുകൾ വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








