രാജ്യത്തെ ആദ്യ ട്രിപ്പിൾ ക്യാമറ ഫോൾഡിങ് ഫോൺ; ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ത്യയിൽ അവതരിപ്പിച്ചു, കൂടുതൽ അറിയാം
ഓപ്പോയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ത്യയിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ആണ് കമ്പനി പുതിയ ഫോൺ അവതരിപ്പിച്ചത്. ഔദ്യോഗികമായി തന്നെ ഫോണിന്റെ ഫീച്ചറുകളും വിലയും ഓപ്പോ പുറത്തു വിട്ടു. പുതിയ ഫോൺ വിപണിയിൽ എത്തുന്നതോടെ ഫോൾഡബിൾ ഫോണുകളുടെ മത്സരം വാശിയേറുമെന്ന് വ്യക്തമായി.
ഓപ്പോ രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണാണ് ഫൈൻഡ് എൻ 3 ഫ്ലിപ്. ഈ വർഷം ഫെബ്രുവരിയിൽ ഓപ്പോ അവതരിപ്പിച്ച ഫൈൻഡ് 2വിന്റെ പിൻഗാമി ആയിട്ടാണ് പുതിയ ഫോൺ എത്തുന്നത്. ആയതിനാൽ തന്നെ ഫൈൻഡ് 2വിൽ നിന്ന് നിരവധി അപ്ഡേഷനുകളും പുതിയ ഫോണിന് അവകാശപ്പെടാനുണ്ട്. ഫോണിന്റെ കവർ സ്ക്രീനിൽ തന്നെ വാട്സ്ആപ്പ്, ജിമെയിൽ തുടങ്ങി നാൽപ്പതോളം ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും.

മാത്രമല്ല ട്രിപ്പിൾ ക്യാമറ സിസ്റ്റത്തോടെ ഇന്ത്യൻ മാർക്കറ്റിൽ എത്തുന്ന ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോൺ ആണ് ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ്. ഇതിൽ ടെലിഫോട്ടോ ലെൻസും ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഫോണിന്റെ മാറ്റ് കൂട്ടുന്നു. നിലവിൽ ക്രീം, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഓപ്പോ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ 22 മുതൽ ഫോൺ മാർക്കറ്റിൽ ലഭ്യമാകുന്നതായിരിക്കും 94,999 രൂപ മുതലാണ് ഈ ഫോണിന് വില ആരംഭിക്കുന്നത്.
ഫോണിന്റെ 12 GB റാം 256 GB സ്റ്റോറേജ് വേരിയന്റിനാണ് ഈ വില നൽകേണ്ടി വരുന്നത്. ഫൈൻഡ് എൻ 3 ഫ്ലിപിന്റെ കൂടുതൽ സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഡിസ്പ്ലേ വിശേഷങ്ങൾ പരിശോധിച്ചാൽ 6.8 ഇഞ്ച് FHD പ്ലസ് ആമലോഡ് ആയിരിക്കും ഫോണിന്റെ മെയിൻ ഡിസ്പ്ലേ. ഇത് 1080x2520 പിക്‌സൽ ക്രിസ്റ്റൽ ക്ലിയർ റെസലൂഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ഈ സ്ക്രീൻ 120Hz പുതുക്കൽ നിരക്കും അവകാശപ്പെടുന്നുണ്ട്.

അതേ സമയം സെക്കന്ററി ഡിസ്പ്ലേയുടെ വലുപ്പം 3.26 ഇഞ്ച് ആയിരിക്കും 382x720 പിക്സൽ റെസല്യൂഷനായിരിക്കും ഈ സ്ക്രീനിന് അവകാശപ്പെടാനുള്ളത്. വളരെ ആകർഷണീയമായി ആണ് ഈ സ്ക്രീൻ ഓപ്പോ രൂപകൽപന ചെയ്തിരിക്കുന്നത്. സ്ക്രീനിന്റെ ഗൊറില്ല ഗ്ലാസ് വിക്ടസ് പോറലുകളേയും അഴുക്കുകളേയും മികച്ച രീതിയിൽ പ്രതിരോധിക്കും. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9200 ചിപ്‌സെറ്റും ഫോണിനായി ഓപ്പോ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 13-ൽ ആണ് ഫൈൻഡ് എൻ3 ഫ്ലിപ് പ്രവർത്തിക്കുക.
അതേ സമയം ക്യാമറയുടെ കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഏതൊരു ഉപഭോക്താകവിനേയും സംതൃപ്തിപ്പെടുത്തുന്ന ക്യാമറ ഫീച്ചറുകളാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ ആദ്യമായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം കൊണ്ടുവന്നിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ്. പ്രമുഖ ക്യാമറ നിർമ്മാതാക്കളായ ഹസൽബ്ലാഡുമായി ചേർന്നാണ് ഓപ്പോ ഈ ക്യാമറകൾ തയ്യാറാക്കിയിരിക്കുന്നത്.
50 മെഗാ പിക്സൽ ആണ് പ്രധാന ക്യമറ. f/1.8 അപ്പേർച്ചർ ഈ ക്യാമറയ്ക്കുണ്ട്. 48 മെഗാ പിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. f/2.2 അപ്പേർച്ചർ ആണ് ഈ ലെൻസിന് അവകാശപ്പെടാനുള്ളത്. ടെലിഫോട്ടോ ലെൻസ് ആകട്ടെ 32 മെഗാ പിക്സൽ ആണ് ഇതിന്റെ അപ്പേർച്ചർ f/2.0 ആണ്. ഇതിനെല്ലാം പുറമെ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ഓപ്പോ ഒരുക്കിയിട്ടുണ്ട്.
44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,300mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. മാന്യമായ ഒരു ബാറ്ററി ലൈഫ് തന്നെ ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യും. അതേ സമയം സാംസങ്ങിന്റെ ഗാലക്സി ഇസഡ് ഫോൾഡ് 5 ഫ്ലിപ്, മോട്ടറോള റാസർ 40 തുടങ്ങിയ ഫോൾഡബിൾ ഫോണുകൾക്ക് കനത്ത വെല്ലുവിളി ആയിരിക്കും ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ് വിപണിയിൽ ഉയർത്തുക.


Click it and Unblock the Notifications








