ഒരു അൾടാ 'സിങ്കം' സ്മാർട്ട്ഫോണുമായി ഓപ്പോ ഫൈൻഡ് X7 സീരീസ് എത്തുന്നു; ജനുവരി 8ന്
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും കിംവദന്തികൾക്കും വിരാമമിട്ടുകൊണ്ട് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ ഓപ്പോ ഫൈൻഡ് X7 ന്റെ (OPPO Find X7 series) ലോഞ്ച് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 8ന് ഓപ്പോ ഫൈൻഡ് X7 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്യും.
സാധാരണയായി ഒരേ സീരീസിൽ പുറത്തിറങ്ങുന്ന ഫോണുകളിൽ ഒന്ന് സ്റ്റാൻഡേർഡ് മോഡലും തൊട്ടടുത്തത് പ്രോ മോഡലും ആയിട്ടായിരിക്കും എത്തുക. എന്നാലിവിടെ ഓപ്പോ ഫൈൻഡ് എക്സ്7 സീരീസിൽ പുറത്തിറങ്ങുന്ന ഫോണുകളുടെ കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ട്. സ്റ്റാന്റേർഡ് ഓപ്പോ ഫൈൻഡ് X7ന് പുറമേ ഓപ്പോ ഫൈൻഡ് X7 അൾട്രയാണ് എത്തുന്നത്.

ഓപ്പോ ഫൈൻഡ് എക്സ്7 സീരീസിലെ ഫൈൻഡ് X7, X7 അൾട്ര എന്നിവയിൽ ഏറ്റവും കേമർ ഫൈൻഡ് എക്സ് 7 അൾട്ര തന്നെയാണ്. ക്യാമറ മികവിന്റെ കാര്യത്തിൽ ഈ ഓപ്പോ ഫോൺ ഏവരെയും അമ്പരപ്പിക്കും എന്നാണ് ഇതിനകം പുറത്തുവന്ന വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓപ്പോ ഫൈൻഡ് X7, ഓപ്പോ ഫൈൻഡ് X7 അൾട്ര എന്നവയുടെ ഫീച്ചറുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ രണ്ട് ഫോണുകൾക്കും ഗ്ലാസ്, ലെതർ ബാക്ക് പതിപ്പുകളുണ്ടായിരിക്കുമെന്നും പിന്നിൽ ഹാസൽബ്ലാഡിന്റെ H ബ്രാൻഡിംഗ് ഉണ്ടെന്നും ചില ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഓപ്പോ ഫൈൻഡ് എക്സ്7 അൾട്രയിലുണ്ടാകും. ഈ രണ്ട് ഫോണുകളും കർവ്ഡ് ഡിസ്പ്ലേയോടുകൂടിയാണ് എത്തുന്നത്. മാത്രമല്ല, ഓപ്പോ ഫൈൻഡ് എക്സ്7, അൾട്ര മോഡലുകൾ സീ ആൻഡ് സ്കൈ, സ്മോക്ക് ആൻഡ് ക്ലൗഡ് പർപ്പിൾ, ഡെസേർട്ട് സിൽവർ മൂൺ, പൈൻ ഷാഡോ ആൻഡ് ഇങ്ക് റിഥം എന്നീ നാല് നിറങ്ങളിൽ ലഭ്യമാകും.
ഓപ്പോ ഫൈൻഡ് എക്സ് 7 അൾട്രയുടെ മറ്റൊരു പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഫീച്ചർ ആണ്. ആപ്പിളിന്റെ പുതിയ ഐഫോണുകളിലും മറ്റും കാണുന്ന ഈ ഫീച്ചർ ഓപ്പോയും കൊണ്ടുവരുന്നത് കൂടുതൽ ആളുകളിലേക്ക് ഈ നവീന ഫീച്ചർ എത്തുന്നതിന് സഹായകമാകും എന്ന് വിലയിരുത്തപ്പെടുന്നു.
ഓപ്പോ ഫൈൻഡ് എക്സ് 7 അൾട്ര ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് സഹിതമാണ് എത്തുന്നത് എന്ന് ഓപ്പോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ വൺപ്ലസ് 12, ഷവോമി 14, ഐക്യൂ 12, ഗാലക്സി എസ്24 സീരീസ് ഉൾപ്പെടെയുള്ള ഫോണുകളോട് ഏറ്റുമുട്ടാനാണ് ഓപ്പോ ഫൈൻഡ് എക്സ് 7 അൾട്ര പുറത്തിറക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഓപ്പോ ഫൈൻഡ് എക്സ് 7 സ്റ്റാൻഡേർഡ് മോഡലിൽ ഡിമെൻസിറ്റി 9300 ചിപ്സെറ്റ് ആണ് ഉണ്ടാകുകയെന്നും ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 3C സർട്ടിഫിക്കേഷൻ അനുസരിച്ച് ഓപ്പോ ഫൈൻഡ് X7 (PHZ110), X7 അൾട്ര (PHY110) എന്നിവയിൽ 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓപ്പോ ഫൈൻഡ് എകസ് 7 സീരീസിലെ രണ്ട് ഫോണുകളിലും 12GB / 16GB റാം, 1TB വരെ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമാകും. ഈ ഫോണുകളുടെ ഡിസ്പ്ലേകളെ സംബന്ധിച്ച അധികം വിവരങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഓപ്പോ ഫൈൻഡ് X7 അൾട്ര 6.82 ഇഞ്ച് 2K ഡിസ്പ്ലേ 120Hz LTPO പാനൽ അവതരിപ്പിക്കും.

ഓപ്പോ ഫൈൻഡ് എക്സ് 7 ന്റെ പ്രധാന ക്യാമറയ്ക്ക് f/1.6 അപ്പർച്ചർ, 15-70mm ഫോക്കൽ ലെങ്ത് എന്നിവ ഉണ്ടാകുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. അതേപോലെ എക്സ് 7 അൾട്ര മോഡലിന്റെ പ്രധാന ക്യാമറയ്ക്ക് f/1.8 അപ്പേർച്ചർ, ക്യാമറകൾക്ക് 14-135mm ഫോക്കൽ ലെങ്ത് എന്നിവയുണ്ടാകുമെന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.
ഓപ്പോ ഫൈൻഡ് എക്സ് 7 സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ ലോഞ്ചിന് ശേഷം അധികം വൈകാതെ ഓപ്പോയുടെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിലും ഈ ഫോണുകൾ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കമ്പനി ഇതേപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications








