പുലി വരുന്നേ... പുലി... ഒന്നല്ല രണ്ട്! ഇനി ഇന്ത്യയിൽ ഓപ്പോ ഫൈൻഡ് X8 സീരീസ് വിളയാട്ടം
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഓപ്പോ ഒടുവിൽ ആ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയിരിക്കുന്നു. ഓപ്പോ ഫൈൻഡ് X8 സീരീസ് (Oppo Find X8 series) നവംബർ 21-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ചൈനയിൽ കഴിഞ്ഞ മാസം 24ന് ഓപ്പോ ഫൈൻഡ് X8 സീരീസ് ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള ലോഞ്ച് തിയതി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ഫൈൻഡ് X8 സീരീസ് ലോഞ്ച് ചെയ്യുന്ന നവംബർ 21ന് തന്നെ ഇത് ഇന്ത്യയിലും ലഭ്യമാകും എന്ന് ഓപ്പോ അറിയിക്കുകയായിരുന്നു.
ഓപ്പോ ഫൈൻഡ് X8 (Oppo Find X8), ഓപ്പോ ഫൈൻഡ് X8 പ്രോ (Oppo Find X8 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. ഇവ രണ്ടും ഇന്ത്യയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. നവംബർ 21ലെ ലോഞ്ചിന് ശേഷം ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ ഓൺലൈനായി വാങ്ങാനാകും.

മികച്ച ക്യാമറ ശേഷി വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകളായിരിക്കും ഇവ എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്. ക്യാമറ മികവിനായി ഹാസൽബ്ലാഡ് സഹകരണം ഓപ്പോ ഈ ഫോണിൽ ഉറപ്പാക്കിയിരുന്നു. ഇത് കൂടാതെ പെർഫോമൻസിന്റെ കാര്യത്തിലും ഈ സീരീസ് നിരാശപ്പെടുത്തിയേക്കില്ല. കാരണം പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ് ആണ് ഇതിൽ ഉണ്ടാകുക.
ഗെയിമിംഗ്, ഫോട്ടോഗ്രാഫി, AI- അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഓപ്പോ ഈ ഫൈൻഡ് X8 സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എഡ്ജ്-ടു-എഡ്ജ് ഡിസൈനോടുകൂടിയ 6.78 ഇഞ്ച് ഇൻഫിനിറ്റി വ്യൂ ഡിസ്‌പ്ലേയും സൂപ്പർ നാരോ ബെസലുകളും ഫൈൻഡ് എക്‌സ് 8 പ്രോ അവതരിപ്പിക്കും.

പേൾ വൈറ്റ്, സ്‌പേസ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാകും പ്രോ മോഡലെത്തുക. സ്റ്റാന്റേർഡ് മോഡൽ സ്റ്റാർ ഗ്രേ, സ്പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15 അടിസ്ഥാനമാക്കിയാണ് ഫൈൻഡ് X8 സീരീസ് പ്രവർത്തിക്കുക. മീഡിയടെക് ഡൈമെൻസിറ്റി 9400 കരുത്തിന് പുറമേ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 5910mAh വരെ ബാറ്ററിയും ഇവയിൽ ഉണ്ടാകും.
"Hasselblad മാസ്റ്റർ ക്യാമറ സിസ്റ്റം" എന്ന് വിളിക്കപ്പെടുന്ന ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറ സിസ്റ്റമാകും ഈ സീരീസിലെ ഫോണുകളിൽ ഉണ്ടാകുക. ക്ലാരിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ ദൂരെയുള്ളവയുടെ ഡീറ്റെയിൽഡ് ചിത്രങ്ങൾ പകർത്താൻ ഇതിലെ AI- പവർഡ് ടെലിസ്കോപ്പ് സൂം ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഈ സൂം ശേഷി, 10x-നപ്പുറത്തേക്ക് വ്യാപിക്കുന്നു, മാത്രമല്ല ഇത് ഒരു ഓപ്പോ സ്മാർട്ട്‌ഫോണിൽ ലഭ്യമാകുന്ന ഏറ്റവും നൂതനമായ സൂം സംവിധാനങ്ങളിലൊന്നാണ്.
അതേപോലെ ഫൈൻഡ് X8 സീരീസിലെ "ലൈറ്റനിംഗ് സ്‌നാപ്പ്" ഫീച്ചർ, നിലവാരം സംരക്ഷിച്ചുകൊണ്ടുതന്നെ സെക്കൻ്റിൽ ഏഴ് ഇമേജുകൾ വരെ വേഗത്തിൽ തുടർച്ചയായ ഷോട്ടുകളിൽ പകർത്താൻ അനുവദിക്കുന്നു.
അൾട്രാ-കോംപാക്ട് ക്യാമറ മൊഡ്യൂൾ, അലേർട്ട് സ്ലൈഡർ, കോസ്മോ റിംഗ് ഡിസൈൻ എന്നിവ ചെയ്തിട്ടുണ്ട്. രണ്ട് മോഡലുകളും ക്യാമറ മികവ് പുലർത്തുമെങ്കിലും പ്രോ മോഡൽ സ്വാഭാവികമായും അൽപ്പം കൂടുതൽ മികച്ചതാണ്.

സൂമിംഗിനും ദീർഘദൂര ഫോട്ടോഗ്രാഫിക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഫൈൻഡ് X8 പ്രോ മോഡലിന്റെ പ്രത്യേകതകളിലൊന്ന്. കൂടാതെ പ്രോ മോഡലിന് വലിയ ഡിസ്പ്ലേയുമുണ്ട്. 6.59 ഇഞ്ച് ഡിസ്‌പ്ലേയാണ് ഓപ്പോ ഫൈൻഡ് X8 ന് ഉളളത്, ഈ സ്റ്റാൻഡേർഡ് മോഡലിന് 193 ഗ്രാം ഭാരവും 7.85 mm കനവും ഉണ്ട്.
X8 പ്രോ മോഡൽ ആണ് 5910mAh ബാറ്ററിയോടെ എത്തുന്നത്. X8 മോഡലിൽ 5630mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഈ ഫോണുകളിൽ രണ്ടിലും സിലിക്കൺ-കാർബൺ ബാറ്ററികൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോൺ വ്യവസായത്തിൽ ആവേശകരമായ ഒരു മാറ്റം അടയാളപ്പെടുത്താൻ കഴിയും വിധത്തിലാണ് ഫൈൻഡ് X8 സീരീസ് സജ്ജീകരിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. ഇതിന്റെ വില അടക്കമുള്ള വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications