ഡിമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്തുള്ള ആദ്യ സ്മാർട്ട്ഫോണുകളുമായി ഓപ്പോ ഫൈൻഡ് X9 സീരീസ്; നമുക്കും വാങ്ങാം
സ്മാർട്ട്ഫോൺ വിപണിയിൽ വരുംകാലങ്ങളിൽ ബ്രാൻഡുകൾക്കിടയിൽ കരുത്തിന്റെ മത്സരം ശക്തമാക്കാൻ ശേഷിയോടെ, പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റ് മീഡിയടെക് പുറത്തിറക്കിയിരുന്നു. മീഡിയടെക് ഡിമെൻസിറ്റി 9500 (MediaTek Dimensity 9500) എന്ന പേരിട്ടിരിക്കുന്ന ഈ പ്രീമിയം ചിപ്സെറ്റ് കരുത്തിൽ ആഗോള തലത്തിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ ഓപ്പോ ഫൈൻഡ് X9 സീരീസ് (OPPO Find X9 Series) ആയിരിക്കും എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2025ൽ വച്ച് ഓപ്പോയും മീഡിയടെക്കും പരസ്പരം സഹകരിക്കാനുള്ള തങ്ങളുടെ തീരുമാനം വെളിപ്പെടുത്തി.
ഓൺ-ഡിവൈസ് AI, ഊർജ്ജ കാര്യക്ഷമത, മൊബൈൽ ഇമേജിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ പുതിയ മീഡിയടെക് ഡിമെൻസിറ്റി ചിപ്സെറ്റ് ഏറെ മുന്നിലാണ് എന്നാണ് റിപ്പോർട്ട്. 4K ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷൻ, ഇമേജ്-ടു-ഇമേജ് സ്റ്റൈൽ കൺവേർഷൻ, റിയൽ-ടൈം AI ഗെയിമിംഗ് ഒപ്റ്റിമൈസേഷനുകൾ തുടങ്ങിയ ഫീച്ചറുകൾ സഹിതം ശക്തമായ എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ കരുത്തുപകരാൻ ഈ പ്രീമിയം ചിപ്സെറ്റിന് കഴിയും.

മീഡിയടെക് ഡിമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്ത് സ്ഥിരീകരിച്ചതോടെ ഓപ്പോയുടെ ഫൈൻഡ് X9 പ്രീമിയം സ്മാർട്ട്ഫോൺ സീരീസിനെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. ഒക്ടോബർ 16 ന് ഫൈൻഡ് എക്സ്9 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ ഇതിനകം സ്ഥിരീകരിച്ച കാര്യമാണ്. ഇപ്പോൾ ഈ സീരീസിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച ഒരു നിർണായക വിവരവും എത്തിയിരിക്കുന്നു.
ഈ മാസം നടക്കുന്ന ചൈനീസ് ലോഞ്ചിന് പിന്നാലെ അടുത്ത മാസം തന്നെ ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നതാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം കമ്പനി ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. ചിപ്സെറ്റിനപ്പുറം ഈ സീരീസിലെ ഫോണുകളുടെ മറ്റ് ഫീച്ചറുകളൊന്നും നിലവിൽ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റ്
മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് തേർഡ് ജനറേഷൻ ഓൾ- ബിഗ്- കോർ സിപിയു ആർക്കിടെക്ചർ അവതരിപ്പിക്കുന്നു, അതിൽ ഒരു 4.21GHz അൾട്രാ-കോർ, മൂന്ന് പ്രീമിയം കോറുകൾ, നാല് പെർഫോമൻസ് കോറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ കോൺഫിഗറേഷൻ മുൻ ജനറേഷനെ അപേക്ഷിച്ച് സിംഗിൾ-കോറിൽ 32% വർദ്ധനവും മൾട്ടി-കോർ പെർഫോമൻസിൽ 17% വർദ്ധനവും നൽകുന്നു, ഒപ്പം പീക്ക് പവർ ഉപഭോഗം 55% വരെ കുറയ്ക്കുന്നു.
കൂടാതെ, ഗ്രാഫിക്സിനായി, ആം ജി1-അൾട്രാ ജിപിയു സജ്ജീകരിച്ചിരിക്കുന്നു, ഇത് 33% വരെ ഉയർന്ന ഗ്രാഫിക്സ് പ്രകടനവും 42% മികച്ച പവർ എഫിഷ്യൻസിയും നൽകുമെന്ന് പറയപ്പെടുന്നു. നാനൈറ്റ്, മെഗാ ലൈറ്റ് പോലുള്ള അൺറിയൽ എഞ്ചിൻ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിലൂടെ, മീഡിയടെക് സ്മാർട്ട്‌ഫോണുകളിലേക്ക് കൺസോൾ-ഗ്രേഡ് വിഷ്വലുകളും ലൈറ്റിംഗ് ഇഫക്റ്റുകളും കൊണ്ടുവരുന്നു.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ഇതിനകം തന്നെ ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്തിൽ സ്മാർട്ട്ഫോണുകൾ ഇറക്കാൻ മീഡിയടെക്കുമായി സഹകരണം ഉറപ്പാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഈ ചിപ്സെറ്റ് കരുത്തിൽ വിവോ, സാംസങ്, ടെക്നോ, ലാവ, ഓപ്പോ അടക്കമുള്ള ബ്രാൻഡുകളുടെ ഫോണുകൾ എത്തും എന്നും വ്യക്തമായിട്ടുണ്ട്.

വിവിധ ബ്രാൻഡുകൾ പുതിയ മീഡിയടെക് ഡിമെൻസിറ്റി 9500 ചിപ്സെറ്റിൽ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇറക്കാൻ തയാറെടുക്കുന്നുണ്ട് എങ്കിലും ഈ പ്രോസസർ ആദ്യം അവതരിപ്പിക്കുക ഓപ്പോ ഫൈൻഡ് എക്സ് 9 സീരീസ് തന്നെയാണ് എന്നാണ് റിപ്പോർട്ട്. ക്വാൽകോം വളരെക്കാലമായി ആധിപത്യം പുലർത്തുന്ന ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി ഈ ചിപ്സെറ്റ് കരുത്തിലൂടെ മീഡിയടെക് പിടിച്ചെടുക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.


Click it and Unblock the Notifications








