നിങ്ങളുടെ അടുത്ത 'ക്യാമറ' ഇതായിരിക്കും! ഓപ്പോ ഫൈൻഡ് X9 അൾട്ര ലോഞ്ച് ഉറപ്പിച്ചു
ഓപ്പോ തങ്ങളുടെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോണായി അവതരിപ്പിക്കാറുള്ള ഫൈൻഡ് അൾട്ര മോഡൽ ഇതാദ്യമായി ചൈനയ്ക്ക് പുറത്തും ലോഞ്ച് ചെയ്യാൻ പോകുന്നു. ഓപ്പോ ഫൈൻഡ് X9 സീരീസിന്റെ ഭാഗമായി ഓപ്പോ ഫൈൻഡ് X9 അൾട്ര മോഡൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമെന്ന് ഇപ്പോൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു അൾട്ര മോഡൽ ചൈനയ്ക്ക് പുറത്ത് ലോഞ്ച് ചെയ്യുന്നത് എന്നതിനാൽ തന്നെ ഈ പ്രഖ്യാപനം ആവേശത്തോടെയാണ് സ്മാർട്ട്ഫോൺ ആരാധകർ വരവേൽക്കുന്നത്. ഓപ്പോയുടെ സ്മാർട്ട്ഫോൺ മാർക്കറ്റിങ് തന്ത്രത്തിലെ ഒരു സുപ്രധാന ചുവട് മാറ്റമായി ഈ അൾട്ര മോഡലിന്റെ ഗ്ലോബൽ ലോഞ്ച് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നു.
ഫൈൻഡ് X9 സീരീസിലെ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ മോഡലുകൾ ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യുകയും പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുപോലെ ഫൈൻഡ് X9 അൾട്രയും ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യുകയും തുടർന്ന് ഈ വർഷത്തിന്റെ അവസാനത്തോടെ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

"നിങ്ങളുടെ അടുത്ത ക്യാമറ''
ബാഴ്‌സലോണയിൽ MWC 2026ൽ മീഡിയ ഇവന്റിൽ സംസാരിക്കവേ ഓപ്പോ യൂറോപ് സിഇഒ എൽവിസ് ഷൗ ഓപ്പോ ഫൈൻഡ് X9 അൾട്രയെ പരിചയപ്പെടുത്തിയത് "നിങ്ങളുടെ അടുത്ത ക്യാമറയാകാൻ നിർമ്മിച്ചത്" എന്നാണ്. അതായത് ഒരു ക്യാമറ എന്ന നിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയും വിധം ശക്തമായ ക്യാമറ സജ്ജീകരണം ഈ അൾട്ര മോഡൽ സ്മാർട്ട്ഫോണിലുണ്ടാകും.
ഫൈൻഡ് X9 അൾട്രയുടെ പ്രാഥമിക ശ്രദ്ധ അതിന്റെ ക്യാമറ ടെക്നോളജിയിലാണ്. ഒരു സ്മാർട്ട്‌ഫോണിനായി ഓപ്പോ ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും നൂതനമായ ഇമേജിംഗ് സിസ്റ്റം ഈ അൾട്ര മോഡലിൽ നൽകിയിരിക്കുന്നതായി ഓപ്പോ പറയുന്നു. മൊബൈൽ ഫോട്ടോഗ്രാഫി കഴിവുകൾ വികസിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നെക്സ്റ്റ് ജനറേഷൻ ഒപ്റ്റിക്കൽ എഞ്ചിനീയറിംഗിനെയാണ് ഹാർഡ്‌വെയർ ആശ്രയിക്കുന്നത്.
ഹാസൽബ്ലാഡുമായി സഹകരിച്ചാണ് ഓപ്പോ ഫൈൻഡ് X9 അൾട്രയിലെ ക്യാമറ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രൊഫഷണൽ ഇമേജിംഗ് വൈദഗ്ദ്ധ്യം മൊബൈലുകളിലേക്ക് സംയോജിപ്പിക്കുന്നതിന് ഹാസൽബ്ലാഡുമായുള്ള സഹകരണം ഈ ഫോണിലും ഓപ്പോ തുടരുന്നു. 200MP 1/1.28″ അൾട്രാ-ലാർജ് സെൻസർ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP 10X പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിലെ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.
7000mAh-ൽ അധികം ബാറ്ററി ശേഷിയും ഓപ്പോ ഫൈൻഡ് X9 അൾട്ര മോഡലിലുണ്ടാകും എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. കൂടുതൽ ഡീറ്റെയിൽസ് ഇനിയുള്ള ദിവസങ്ങളിൽ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു. ഫൈൻഡ് X9 അൾട്രയുടെ ഫീച്ചറുകൾ, ലഭ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഔദ്യോഗിക ലോഞ്ച് തിയതി വെളിപ്പെടുത്തുന്നതിന് പിന്നാലെ ഫൈൻഡ് X9 അൾട്രയുടെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തുമെന്നാണ് ഓപ്പോ അറിയിച്ചിട്ടുള്ളത്. 2026ൽ പ്രമുഖ ബ്രാൻഡുകളെല്ലാം ശക്തമായ ക്യാമറ സജ്ജീകരണത്തോടെ പ്രീമിയം മോഡലുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഫൈൻഡ് X9 അൾട്ര അവതരിപ്പിച്ചുകൊണ്ട് ഓപ്പോയും ഈ മത്സരത്തിൽ മാറ്റുരയ്ക്കും.
ഓപ്പോ ഫൈൻഡ് X9 അൾട്രയുടെ വില സംബന്ധിച്ച് നിലവിൽ സൂചനകളില്ല. ഈ സീരീസിൽ ഇതിനകം ഇന്ത്യയിൽ എത്തിയതിൽ ഓപ്പോ ഫൈൻഡ് X9 5ജിയുടെ 12GB+256GB അടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില. ഓപ്പോ ഫൈൻഡ് X9 പ്രോ 16GB + 512GB മോഡൽ 1,09,999 രൂപ വിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ ഇവ യഥാർഥ വിലയെക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








