രണ്ട് 200MP ക്യാമറകളാണ് കൈയിൽ വച്ച് തരുന്നത്! ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് കോംപാക്ട് മോഡലാകാൻ ഫൈൻഡ് X9s
ഓപ്പോയുടെ ഫ്ലാഗിഷിപ്പ് സ്മാർട്ട്ഫോൺ മോഡലുകളുടെ നിരയിലേക്ക് ഒരു പുതിയ കോംപാക്ട് സ്മാർട്ട്ഫോൺ എത്താൻ പോകുന്നു എന്ന് റിപ്പോർട്ട്. ഓപ്പോ ഫൈൻഡ് X8s മോഡലിന്റെ പിൻഗാമിയായി ഓപ്പോ ഫൈൻഡ് X9s (OPPO Find X9s) എന്ന മോഡൽ വരാൻ പോകുന്നു എന്നാണ് അഭൂഹം. ഓപ്പോ ഫൈൻഡ് എക്സ്9 സീരീസിൽ ഇതിനകം ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നീ പ്രീമിയം മോഡലുകൾ എത്തിയിട്ടുണ്ട്. ഇവയുടെ നിരയിലേക്ക്, ഫൈൻഡ് X9 സീരീസിലെ കോംപാക്ട് ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന നിലയിലാകും ഫൈൻഡ് X9s എത്തുക എന്നാണ് റിപ്പോർട്ട്.
പ്രീമിയം മോഡലുകളെ അപേക്ഷിച്ച്, ചെറിയ ഡിസ്പ്ലേയും ബോഡിയുമായി എത്തുന്ന ഈ കോംപാക്ട് സ്മാർട്ട്ഫോൺ പക്ഷേ ശക്തമായ ക്യാമറ സജ്ജീകരണങ്ങൾ അടക്കം പ്രീമിയം എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യും. ഈ ഫോണിന്റെ ഹൈലൈറ്റ് തന്നെ അതിന്റെ ക്യാമറ സജ്ജീകരണമാണ്, അതിൽ രണ്ട് 200MP സെൻസറുകൾ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു.

ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഇപ്പോൾ വെയ്ബോയിലൂടെ വരാനിരിക്കുന്ന ഒരു ഓപ്പോ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് പങ്കുവച്ചിട്ടുണ്ട്, ഇത് ഓപ്പോ ഫൈൻഡ് X9s മോഡലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കോംപാക്റ്റ് ഫോണിൽ ഒരു ഡ്യുവൽ 200MP ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും എന്ന് ടിപ്‌സ്റ്റർ പറയുന്നുണ്ട്.
200MPയുടെ ഒരു മെയിൻ സെൻസറും 200MPയുടെ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് ഈ രണ്ട് 200MP ക്യാമറകൾ. ഫൈൻഡ് X9s മോഡലിലെ മൂന്നാമത്തെ സെൻസറായി 50MP അൾട്രാ-വൈഡ് ക്യാമറയും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. കോംപാക്റ്റ് ബോഡിയിൽ ഇത്ര ശക്തമായ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നത് ഈ ഫോണിന് വിപണിയിൽ വലിയ സ്വീകാര്യത നേടിക്കൊടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിനകം പുറത്തിറങ്ങിയ ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിവ അവയുടെ ക്യാമറ മികവുകൊണ്ട് വേറിട്ടുനിൽക്കുന്നു, സമാനമായ അനുഭവം ഫൈൻഡ് X9s-ൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നാല് വശങ്ങളിലും അൾട്രാ-നാരോ ബെസലുകളുള്ള 6.3 ഇഞ്ച് LIPO ഡിസ്‌പ്ലേയാണ് വരാൻ പോകന്ന കോംപാക്ട് മോഡലിന്റെ ഒരു പ്രത്യേകതയെന്ന് ടിപ്സ്റ്റർ പറയുന്നു.
വയർലെസ് ചാർജിങ് സഹിതം 7,000mAh അല്ലെങ്കിൽ അതിൽ കൂടുതൽ ബാറ്ററി ശേഷിയും അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഫൈൻഡ് X9s ൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. IP69 അല്ലെങ്കിൽ IP69K റേറ്റിങ്ങും മൾട്ടിസ്പെക്ട്രൽ ലെൻസും ഫൈൻഡ് X9 പ്രോയിലേത് പോലെ ഒരു ടെലികൺവെർട്ടറും ഈ കോംപാക്ട് മോഡലിനൊപ്പം പ്രതീക്ഷിക്കുന്നു.
ഓപ്പോയുടെ ഇതിനകം പുറത്തിറങ്ങിയ ഫൈൻഡ് X9 സീരീസ് മോഡലുകൾക്ക് കരുത്ത് പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9500+ SoC ആണ്, ഇതുതന്നെ വരാൻ പോകുന്ന കോംപാക്ട് മോഡലിലും പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ മുൻ മോഡലിനെ അപേക്ഷിച്ച് ശ്രദ്ധേയമായ പെർഫോമൻസ് പുതിയ ഓപ്പോ കോംപാക്ട് മോഡലിൽ നിന്ന് ലഭിക്കും.
ക്യാമറകൾ, പെർഫോമൻസ്, ബാറ്ററി ലൈഫ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആകർഷകമായ ഒരു കോംപാക്റ്റ് ഫ്ലാഗ്‌ഷിപ്പ് സ്മാർട്ട്ഫോണായി ഓപ്പോ ഫൈൻഡ് X9s എത്തുമെന്ന് ഈ സൂചനകളിൽ നിന്ന് മനസിലാക്കാം. അടുത്തിടെയായി ഇന്ത്യൻ വിപണിയിലും ആഗോളതലത്തിലും കോംപാക്ട് സ്മാർട്ട്ഫോണുകൾക്ക് ജനപ്രീതി കൂടുന്നുണ്ട്. ഫൈൻഡ് X9s ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കോംപാക്ട് സ്മാർട്ട്ഫോൺ ആരാധകർക്ക് ഈ ഫോൺ സ്വന്തമാക്കാനുള്ള തയാറെടുപ്പുകൾ ആരംഭിക്കാവുന്നതാണ്.


Click it and Unblock the Notifications








