ബാറ്ററി 6500mAh, ക്യാമറ 50MP, ഡിസ്‌പ്ലേ 120Hz; ഫെബ്രുവരി 10ന് ലോഞ്ച് ചെയ്യുന്ന ഓപ്പോ K14x 5G ഫീച്ചറുകൾ
ഓപ്പോ തങ്ങളുടെ കഴിഞ്ഞ വർഷത്തെ K13x 5ജി എന്ന ബജറ്റ് സ്മാർട്ട്ഫോൺ മോഡലിന്റെ പിൻഗാമിയായി പുതിയ ഓപ്പോ K14x (OPPO K14x) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഫെബ്രുവരി 10ന് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ലോഞ്ച് തിയതി ഉറപ്പിച്ചതിന് പിന്നാലെ ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്ന ഫീച്ചറുകൾ എന്തൊക്കെ എന്ന് കമ്പനി വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, ബാറ്ററി ശേഷി, ഡിസൈൻ എന്നിവയൊക്കെയാണ് ആദ്യഘട്ടമായി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഓപ്പോ K-സീരീസിൽ മിഡ്-റേഞ്ച്, ബജറ്റ് സ്മാർട്ട്ഫോണുകൾ ആണ് അണിനിക്കാറുള്ളത്. അതിൽ x മോഡലുകൾ K സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്നവയാണ്. ഓപ്പോ K13x 5ജി കുറഞ്ഞ വിലയിൽ എത്തി നിരവധി ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയ മോഡലാണ്, അതിന്റെ പിൻഗാമിയായി എത്തുന്ന ഓപ്പോ K14x മുൻഗാമിയുടെ പല ഫീച്ചറുകളും പിന്തുടരുന്നു എന്നാണ് ആദ്യ ഘട്ടത്തിൽ മനസിലാക്കാനാകുന്നത്.

6,500mAh ബാറ്ററിയാണ് ഓപ്പോ K14x മോഡലിലുള്ളത്, ഇത് 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായി എത്തുന്നു. ഓപ്പോ K13x മോഡലിനും ഇതേ ഫാസ്റ്റ് ചാർജിങ് ശേഷി തന്നെയായിരുന്നു എങ്കിലും ബാറ്ററി ശേഷി കുറച്ചുകൂടി കുറവായിരുന്നു, കൃത്യമായി പറഞ്ഞാൽ 6,000mAh ബാറ്ററിയാണ് K13xന് ഉണ്ടായിരുന്നത്. അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ മോഡലിൽ ബാറ്ററി ശേഷി കൂടിയിട്ടുണ്ട്.
ബാറ്ററി ശേഷിക്കും ഫാസ്റ്റ് ചാർജിങ്ങിനും പുറമേ ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരുകാര്യം ഇതിന്റെ ഡിസ്പ്ലേ റിഫ്രഷ് റേറ്റാണ്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് വരാൻ പോകുന്ന പുതിയ മോഡലിലുള്ളത്. 1,125 nits പീക്ക് ബ്രൈറ്റ്‌നസും ഒരു LCD പാനലും ഇതിനുണ്ടായിരിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് ഡിസ്പ്ലേ ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്, ബ്രൈറ്റ്‌നസ് ലെവൽ അല്പം വർധിച്ചിട്ടുണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ മുൻ മോഡലിലേതിന് സമാനമായി 50MP മെയിൻ ക്യാമറ സഹിതമാണ് ഓപ്പോ K14x എത്തുക. എന്നാൽ AI ഫീച്ചറുകളുടെ അകമ്പടിയിൽ ഇത് മുൻ മോഡലിനെക്കാൾ അൽപ്പം മുന്നിൽ നിന്നേക്കാം. ഓപ്പോ K14x-ന് IP64 റേറ്റിംഗ് ആണ് ഉള്ളത് എന്നാണ് റിപ്പോർട്ട്. യഥാർഥത്തിൽ ഇത് അൽപ്പം കുറവാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം, മുൻഗാമിയായ K13x-ന് IP65 റേറ്റിങ് ഉണ്ടായിരുന്നു.
ടീസർ ചിത്രങ്ങൾ ഓപ്പോ K14x മോഡലിന്റെ ഡിസൈനെക്കുറിച്ചും വെളിപ്പെടുത്തുന്നു. ഫ്ലാറ്റ് ഡിസൈനും മെറ്റൽ ഫ്രെയിമും ഉള്ള K13x പോലെ തന്നെയാണ് പുതിയ മോഡലുകളും കാണുന്നത് എന്നാൽ റിയർ ക്യാമറ മൊഡ്യൂളുകളിലെ മാറ്റം കൊണ്ട് അൽപ്പം വേറിട്ട് നിൽക്കുന്നുണ്ട്. റിയർ പാനലിൽ ക്യാമറ മൊഡ്യൂളിന് പുറത്താണ് ഫ്ലാഷ് നൽകിയിരിക്കുന്നത്.
ഡാർക്ക് പർപ്പിൾ, സിൽവർ / ലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഓപ്പോ K14x എത്തുകയെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. കളർ ഒഎസിലാണ് ഈ ഫോൺ എത്തുക. ഫ്ലിപ്പ്കാർട്ടിൽ ഈ ഓപ്പോ സ്മാർട്ട്ഫോണിന്റെ മൈക്രോ സൈറ്റ് ഇതിനകം വന്നിട്ടുണ്ട്. ഈ ഫോണിന്റെ ഫീച്ചറുകൾ ഇതിൽ വെളിപ്പെടുത്തിയിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് വഴി ഓപ്പോ K14x വാങ്ങാനാകുമെന്ന് മൈക്രോ സൈറ്റിന്റെ സാന്നിധ്യത്തിൽ നിന്ന് വ്യക്തമാണ്. ഏകദേശം 15,000 രൂപയോട് അടുത്ത വിലയിൽ ഈ ഓപ്പോ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വിപണിയിൽ കടുത്ത മത്സരം തന്നെ നേരിടേണ്ടിവരും. വില എത്രയും കുറയുന്നുവോ അത്രയും മത്സരം കുറയാനാണ് സാധ്യത.


Click it and Unblock the Notifications








