ഇത് എലുമ്പന്റെ കരുത്ത്..! ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ എന്ന റെക്കോർഡ് ഇനി OPPO Find N5ന്
അനുദിനം വളരുന്ന ടെക് ലോകം ഓരോ പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കുന്നതിന്റെ തിരക്കിലാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ. എങ്ങനെ പുതുമ കൊണ്ടുവരാം എന്ന ഗവേഷണത്തിലാണ് ഓരോ കമ്പനിയും. ഇപ്പോഴിതാ ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഗംഭീര സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ഓപ്പോ. ലോകത്തെ ഏറ്റവും കട്ടി കുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയാണ് ഓപ്പോ സ്മാർട്ട് ഫോൺ നിർമ്മാതാക്കളെയും സ്മാർട്ട് ഫോൺ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്. ഓപ്പോ ഫൈൻഡ് എൻ 5 (OPPO Find N5) എന്ന പേരിൽ പുറത്തിറക്കിയ ഈ സ്മാർട്ട് ഫോണിന് വെറും 8.93mm മാത്രമാണ് തിക്ക്നെസ്സ് ഉള്ളത്.
കൂടാതെ ഫോൾഡബിൾ കൂടി ആയതോടെ സ്മാർട്ട് ഫോൺ യുഗത്തിലെ പുതിയ അധ്യായത്തിന് ഇവിടെ തുടക്കമായെന്ന് കരുതാം. ഇനി മത്സരം കടുക്കും. മറ്റുള്ള കമ്പനികളും ഇതേ രീതി പിൻതുടരാനും അല്ലെങ്കിൽ ഇതിലേറെ മികച്ചതാക്കാനും ശ്രമിക്കും എന്ന കാര്യം തീർച്ചയാണ്. ഫോൺ തുറന്നാൽ 4.21mm മാത്രമേ ഇതിന് തിക്ക്നസ്സ് വരികയുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

തടിയില്ല, കട്ടി കുറവാണ് എന്നൊക്കെ പറഞ്ഞ് മാറ്റി നിർത്തേണ്ട, ഇവൻ ഒരു പുലിയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് ഈ 'എലുമ്പൻ' പ്രവർത്തിക്കുന്നത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഇതിനുണ്ട്. എന്തിനേറെ, 5,600 എംഎഎച്ച് ബാറ്ററിയും കൂടി ഇതിന് നൽകിയിട്ടുണ്ട്.
കൂടാതെ 80W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഇവൻ സിമ്പിളായി പെർഫോം ചെയ്യും. ഡിസ്‌പ്ലേയുടെ ഭാഗത്തേക്ക് വന്നാൽ ഈ ഫോൺ തുറന്നിട്ട് ഉപയോഗിക്കുകയാണെങ്കിൽ ഒരു ടാബ് ഉപയോഗിക്കുന്ന ഫീൽ ലഭിക്കും. അതായത് 8.12 ഇഞ്ച് OLED LTPO മെയിൻ സ്‌ക്രീനാണ് നൽകിയിരിക്കുന്നത്.

പുറത്തുള്ള ഡിസ്‌പ്ലേ 6.62 ഇഞ്ചാണ് നൽകിയിരിക്കുന്നത്. IPX6, X8, X9 എന്നീ റേറ്റിംഗുകളും ലഭിച്ച ഫോണാണ് ഇത്. ഹിഞ്ച് മെച്ചപ്പെടുത്തുന്നതിനും ഡിസ്പ്ലേ ക്രീസ് കുറയ്ക്കുന്നതിനും OPPO ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാവുന്ന കാര്യമാണ്. എല്ലാ ഭാഗങ്ങളും ശ്രദ്ധിക്കുമ്പോൾ ഇത് ഒഴിവാക്കാൻ കമ്പനിക്ക് ആവില്ല എന്ന് സാരം.
50MP മെയിൻ സെൻസറും 12MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ക്യാമറ സജ്ജീകരണത്തിന് മികച്ച ഫോട്ടോ നൽകാൻ കഴിയും. ഫോൺ മടക്കിയാലും തുറന്നാലും മികച്ച സെൽഫികൾ എടുക്കാൻ 8MP ഫ്രണ്ട് ക്യാമറയ്ക്ക് കഴിയും.യൂറോപ്പിലും ഏഷ്യയിലും പുറത്തിറങ്ങാനിരിക്കുന്ന OPPO Find N5 ഫെബ്രുവരി 28 മുതൽ സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാകും. വിലയും അൽപ്പം കൂടുമെന്ന് മാത്രം.
ഏകദേശം 1,867 യുഎസ് ഡോളറാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ രൂപയിലേക്ക് വന്നാൽ 1,62,219 രൂപയോളം വരും. നികുതിയും മറ്റും കണക്കാക്കുമ്പോൾ അതിലേറെ വരാനാണ് സാധ്യത. എന്നാൽ ഇന്ത്യയിലേക്ക് ഉടൻ ഈ ഫോൺ എത്തുമെന്ന കാര്യം സംശയമാണ്. ഇതിനെ കുറിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തിറക്കിയിട്ടില്ല.
നേരത്തെ വൺപ്ലസ് പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഓപ്പോ ഫൈൻഡ് എൻ5 പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഈ തീരുമാനത്തിൽ നിന്ന് വൺപ്ലസ് പിൻമാറുകയായിരുന്നു. എന്നാൽ ഭാവിയിൽ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് വൺപ്ലസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കാത്തിരുന്ന് കാണാം ഇനി ഫോൾഡബിൾ ഫോണിന്റെ വിപ്ലവം.


Click it and Unblock the Notifications








