ഞങ്ങൾ വില കൂട്ടാൻ പോകുവാണേ! മാർച്ച് 16 മുതൽ ഫോണുകൾക്ക് വില കൂട്ടുമെന്ന് ഓപ്പോയും വൺപ്ലസും
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ തേടി ഒരു നിരാശയുണ്ടാക്കുന്ന വാർത്ത എത്തിയിരിക്കുന്നു. ഓപ്പോയുടെയും വൺപ്ലസിന്റെയും സ്മാർട്ട്ഫോണുകൾക്ക് വില കൂട്ടാൻ പോകുന്നു എന്നതാണ് അത്. മാർച്ച് 16 മുതൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വില കൂടുമെന്ന് ഓപ്പോയും വൺപ്ലസും ഒരു സംയുക്ത പ്രസ്താവനയിലൂടെ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു. വൺപ്ലസ് 15r ഉൾപ്പെടെ ചില വൺപ്ലസ് മോഡലുകൾക്ക് മാർച്ചിൽ വില കൂടുമെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ വന്നിരുന്നു. അത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ ഓപ്പോയുടെയും വൺപ്ലസിന്റെയും അറിയിപ്പ് എത്തിയിരിക്കുന്നത്. ക്ഷാമം മൂലം പാർട്സുകൾക്ക് വില ഉയരുന്നു എന്നതാണ് വില വർധനവിന് കാരണമായി പറയുന്നത്.
ഇന്ത്യ ഉൾപ്പെടെ എല്ലാ വിപണികളിലും വില പരിഷ്കരണം ബാധകമാകുമെന്നും, സ്ഥിതിഗതികൾ "ശ്രദ്ധാപൂർവ്വം വിലയിരുത്തിയതിന്" ശേഷമാണ് തീരുമാനമെടുത്തതെന്നും ഇരു കമ്പനികളും അറിയിച്ചു. ഓപ്പോയുടെ കെ-സീരീസ്, എ-സീരീസ് ലൈനപ്പുകളിലെ ബജറ്റ് സ്മാർട്ട്ഫോണുകളെയും തിരഞ്ഞെടുത്ത വൺപ്ലസ് സ്മാർട്ട്‌ഫോണുകളെയും മാർച്ച് 16 മുതൽ വില വർധന ബാധിക്കും.

അതേസമയം ഇതിനകം തന്നെ ഉയർന്ന വിലയിൽ എത്തിയിതിക്കുന്ന ഓപ്പോയുടെ ഫൈൻഡ് സീരീസ്, റെനോ സീരീസ്, ഒപ്പോ പാഡ് ലൈനപ്പ് എന്നിവ തൽക്കാലം നിലവിലെ വിലയിൽ തന്നെ വിൽക്കുന്നത് തുടരും എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനർഥം ഈ വില വർധന ഏറ്റവുമധികം ബാധിക്കുക സാധാരണക്കാരുടെ സ്മാർട്ട്ഫോൺ സ്വപ്നങ്ങളെയായിരിക്കും എന്നാണ്.
വിവിധ മോഡലുകൾക്ക് എത്ര രൂപ വരെ വില വർധിക്കും എന്നതിൽ ഓപ്പോയും വൺപ്ലസും മൗനം പാലിച്ചിരിക്കുകയാണ്. മാർച്ച് 16ന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. എങ്കിലും ഏകദേശം 15-20 ശതമാനം വരെ ഫോണുകളുടെ വിലയിൽ വർധന ഉണ്ടാകാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൺപ്ലസ് 15r മോഡലിന്റെ വില മാർച്ചിൽ 50000 രൂപയിലേക്കോ അതിന് മുകളിലേക്കോ ഉയരുമെന്നാണ് മുൻ റിപ്പോർട്ടുകൾ പറഞ്ഞത്.

47,999 രൂപ വിലയിൽ അവതരിപ്പിക്കപ്പെട്ട വൺപ്ലസ് 15r അതേ വിലയിൽ തന്നെയാണ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്, കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്, അതിനാൽ 46999 രൂപ വിലയിൽ ഇപ്പോൾ ഇത് വാങ്ങാൻ അവസരമുണ്ട്. മാർച്ച് 16ന് ശേഷം ഇതിന് കുറഞ്ഞത് 50000 രൂപ വില നൽകേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നത്.
വൺപ്ലസ് 15R മോഡലിന് മാത്രമല്ല, വൺപ്ലസിന്റെ ജനപ്രിയ മോഡലുകൾ അണി നിരക്കുന്ന നോർഡ് സീരീസിലെ നോർഡ് 5 സീരീസ് മോഡലുകൾക്കും വില കൂടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഫോണുകളുടെ ഗുണനിലവാരവും മികച്ച യൂസർ എക്സ്പീരിയൻസും നിലനിർത്തുന്നതിന് വില വർധന അനിവാര്യമാണ് എന്നാണ് കമ്പനികൾ വിശദീകരിക്കുന്നത്.
ഓപ്പോ സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം, വില കൂടാൻ സാധ്യതയുള്ള ഓപ്പോ ഫോണുകളിൽ ഓപ്പോ K14x, K13 സീരീസ്, K12, A6 സീരീസ്, A5 സീരീസ് എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഏതെങ്കിലും മോഡലുകൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ മാർച്ച് 16ന് മുൻപ് അവ വാങ്ങുന്നതായിരിക്കും നല്ലത്.

ഹൈ-സ്പീഡ് സ്റ്റോറേജ് ഹാർഡ്‌വെയർ ഉൾപ്പെടെ നിരവധി പ്രധാന പാർട്സുകളുടെ വില ഉയരുന്നതിന്റെ പ്രതികരണമായാണ് വില വർധന ഉണ്ടായിരിക്കുന്നത്. ഓപ്പോ, വൺപ്ലസ് എന്നിവ മാത്രമല്ല, മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും വില വർധനയുടെ പാതയിൽ തന്നെയാണ്. ഇതിനകം എല്ലാ ബ്രാൻഡുകളും തങ്ങളുടെ ചില മോഡലുകൾക്ക് വില വർധന നടപ്പാക്കിയിരുന്നു. എന്നാൽ അതുകൊണ്ട് കാര്യമായ ഗുണം ഉണ്ടാകാഞ്ഞതിനാലാകാം, ഇപ്പോൾ വീണ്ടും കുറച്ചുകൂടി ശക്തമായി വില വർധന നടപ്പാക്കാനുള്ള നീക്കങ്ങളിലാണ് ബ്രാൻഡുകൾ.


Click it and Unblock the Notifications











