നക്ഷത്രക്കണ്ണുള്ള സുന്ദരന്മാർ! ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ക്യാമറ മികവിനൊപ്പം മികച്ച പെർഫോമൻസും നൽകുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാനോളം പ്രതീക്ഷകൾ നൽകി ഓപ്പോ തങ്ങളുടെ റെനോ 11 5ജി സീരീസ് (Oppo Reno 11 series) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് സ്മാർട്ട്ഫോണുകളാണ് റെനോ 11 സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
2023 നവംബറിൽ ഓപ്പോ ചൈനയിൽ റെനോ 11 സീരീസ് ലോഞ്ച് ചെയ്തിരുന്നു. അന്ന് സീരീസിൽ രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. ഓപ്പോ റെനോ 11 (OPPO Reno 11), റെനോ 11 പ്രോ ( OPPO Reno 11 Pro ) എന്നിവയായിരുന്നു അവ.

ഓപ്പോ റെനോ 11 സീരീസിലെ രണ്ട് മോഡലുകളും ഇപ്പോൾ ഇന്ത്യയിലും വാങ്ങാം. ഓപ്പോ റെനോ 10 സീരീസിന്റെ പിൻഗാമിയായിട്ടാണ് റെനോ 11 സീരീസ് ഇന്ത്യയിലേക്ക് എത്തുന്നത്. റെനോ 11 സീരീസിന്റെ ചിപ്‌സെറ്റും ഡിസൈനും ഒഴികെ മറ്റ് ഫീച്ചറുകളെല്ലാം ഏതാണ്ട് മുൻ മോഡലുകളിലേതിന് സമാനമാണ് എന്നാണ് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 11 സീരീസിന്റെ പ്രധാന പ്രത്യേകതകൾ: മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് കരുത്താക്കിയാണ് ഓപ്പോ റെനോ 11 എത്തുന്നത്. അതേസമയം റെനോ 11 പ്രോയുടെ കരുത്ത് ഡിമെൻസിറ്റി 8200 ചിപ്സെറ്റ് ആണ്. ഈ ഫോണുകളിലെ മറ്റ് ഫീച്ചറുകൾ ഏറിയും കുറഞ്ഞും ഏതാണ്ട് ഒരുപോലെ തന്നെയാണ്.

ഓപ്പോ റെനോ 11 സീരീസ് 6.7 ഇഞ്ച് OLED കർവ്ഡ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിന് 1600 നിറ്റ്സ് ബ്രൈറ്റ്നസ് ഉണ്ട്.
പുതിയ ഓപ്പോ ഫോണുകൾ കഴിഞ്ഞ വർഷത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ ഡിസൈനിലും വ്യത്യസ്ത ടെക്സ്ചർ ഫിനിഷുകളിലുമാണ് വരുന്നത്. 8GB റാം - 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം- 256GB ഇന്റേണൽ സ്റ്റോറേജ്, എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ റെനോ 11 ലഭ്യമാകും.
ഓപ്പോ റെനോ 11 പ്രോ 12GB റാം - 256GB സ്റ്റോറേജ് എന്ന ഒറ്റ ഓപ്ഷനിലാണ് ലഭ്യമാകുക. ഡ്യുവൽ സിം, 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.4, ജിഎൻഎസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ റെനോ 11 സീരീസ് വാഗ്ദാനം ചെയ്യുന്നു.

ഓപ്പോ റെനോ 11 മോഡലിൽ 50MP സോണി LYT600 സെൻസർ, 32MP 2x ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ വൈഡ് ക്യാമറ എന്നവിയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്. ഇതേപോലെ ഓപ്പോ റെനോ 11 പ്രോയിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
റെനോ 11 പ്രോ മോഡലിൽ 50MP സോണി IMX890 സെൻസർ മെയിൻ ക്യാമറയായി നൽകിയിരിക്കുന്നു. ഇതോടൊപ്പം 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കായി ഈ മോഡലിലും IMX709 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറ തന്നെയാണ് ഉള്ളത്.
ആൻഡ്രോയിഡ് 14 ഒഎസിലാണ് റെനോ 11 സീരീസ് പ്രവർത്തിക്കുന്നത്. ബയോമെട്രിക്സിനായി, ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. അതേസമയം 11 സീരീസിലെ രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി വ്യത്യസ്തമാണ്. 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് സ്റ്റാൻഡേർഡ് മോഡലിലുള്ളത്. പ്രോ പതിപ്പിൽ 80W സൂപ്പർവൂക്ക്ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററി ആണ് ഉള്ളത്.

ഓപ്പോ റെനോ 11 വേവ് ഗ്രീൻ, റോക്ക് ഗ്രേ നിറങ്ങളിലും 11 പ്രോ പേൾ വൈറ്റ്, റോക്ക് ഗ്രേ നിറങ്ങളിലും ആണ് ലഭ്യമാകുക. ഓപ്പോ റെനോ 11 ന്റെ 8GB റാം + 256GB സ്റ്റോറേജ് പ്രാരംഭമോഡലിന് 29,999 രൂപ രൂപ ആണ് വില.
ഓപ്പോ റെനോ 11ന്റെ 8GB+ 256GB വേരിയന്റിന് 31,999 രൂപ ആണ് വില. റെനോ 11 പ്രോയുടെ സിംഗിൾ 12GB + 256GB മോഡലിന് 39,999 രൂപ നൽകണം. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജനുവരി 12 മുതൽ തന്നെ ഈ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാം.


Click it and Unblock the Notifications








