പല നാട്ടിൽ പല പേരിൽ, പക്ഷേ കള്ളനല്ല! ഓപ്പോ റെനോ 11F ഇന്ത്യയിൽ ഓപ്പോ F25 5ജി എന്നപേരിൽ എത്തും
ഓപ്പോ അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ റെനോ 11 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിനോടകം ഈ ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ അധികം വൈകാതെ മറ്റൊരു ഓപ്പോ റെനോ ഫോൺ കൂടി ഇന്ത്യയിലേക്ക് എത്താൻ പോകുന്നു എന്നവിവരം ഇപ്പോൾ എത്തിയിരിക്കുന്നു.
ഓപ്പോ റെനോ 11F (OPPO Reno 11F) എന്നൊരു സ്മാർട്ട്ഫോൺ ഇപ്പോൾ ഓപ്പോ നിർമിക്കുന്നുണ്ട്. ഇത് ഫെബ്രുവരിയിൽ മലേഷ്യയിൽ ലോഞ്ച് ചെയ്യും. ഈ ഓപ്പോ റെനോ ഫോൺ തന്നെ ഓപ്പോ F25 5ജി (OPPO F25 5G) ആയി ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ട്.

ഓപ്പോ F25 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി ഫെബ്രുവരിയിലാകും തീരുമാനിക്കുക എന്നാണ് റിപ്പോർട്ട്. ഉള്ളിൽ ഓപ്പോ റെനോ 11F ന്റെ ഫീച്ചറുകൾ ആണെങ്കിലും ഇന്ത്യയിലേക്ക് എത്തുമ്പോൾ, കഴിഞ്ഞ വർഷം മേയിൽ ലോഞ്ച് ചെയ്ത ഓപ്പോ F23 ന്റെ പിൻഗാമിയായാണ് ഓപ്പോ F25 നെ അടയാളപ്പെടുത്തുക.
വരാൻ പോകുന്ന ഈ ഫോണിന്റെ ഡിസൈനും കളർ ഓപ്ഷനുകളും കാണിക്കുന്ന ടീസർ ചിത്രം ഇതിനകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓപ്പോ റെനോ 11F ഫ്ലാറ്റ് എഡ്ജുകളോടും ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടും കൂടിയാണ് എത്തുന്നത് എന്ന് ചിത്രം വ്യക്തമാക്കുന്നു. പിങ്ക്, നീല, പച്ച എന്നീ മൂന്ന് കളർ ഓപ്ഷനുകളും പിൻഭാഗത്ത് വ്യത്യസ്ത പാറ്റേണുകളും ചിത്രത്തിൽ കാണാം.
വരാൻ പോകുന്ന ഓപ്പോ റെനോ 11F അഥവാ ഓപ്പോ F25 5ജിയുടെ പ്രൈമറി ക്യാമറ 64MP ആയിരിക്കുമെന്നും ഇത് 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുമെന്നും ടീസർ സ്ഥിരീകരിക്കുന്നു. മറ്റ് ഫീച്ചറുകളൊന്നും വ്യക്തമല്ല. എങ്കിലും വിവിധ ലീക്ക് റിപ്പോർട്ടുകൾ ഈ ഫോണിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓപ്പോ റെനോ 11എഫിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും റെനോ 11എഫ് ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്. മീഡിയടെക് ഡൈമെസ്‌നിറ്റി 7050 ചിപ്സെറ്റ് കരുത്തിലാകും ഈ സ്മാർട്ട്‌ഫോൺ എത്തുക.
ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 64MP പ്രൈമറി ക്യാമറ, 8MP സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള OV64B സെൻസറും 2MP മാക്രോ സെൻസറും പ്രതീക്ഷിക്കുന്നു. സെൽഫി ക്യാമറ 32എംപി സെൻസറായിരിക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസിൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം.

മികച്ച ബാറ്ററി സപ്പോർട്ടിനായി 5,000mAh ബാറ്ററിയും വെള്ളം പൊടി എന്നിവയെ പ്രതിരോധിക്കാൻ IP65 റേറ്റിംഗും ഓപ്പോ റെനോ 11എഫിൽ ഉണ്ടാകും. ഇതേ ഫീച്ചറുകൾ തന്നെയാകും ഇന്ത്യയിൽ അവതരിപ്പിക്കുന്ന F25 5ജിയിലും കാണാൻ സാധിക്കുക. ഇന്ത്യയിൽ, ഓപ്പോ F25 ഫെബ്രുവരിയിൽ എത്തുമെന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് പറയുന്നു.
അതേസമയം ഓപ്പോ F25 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഓപ്പോയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എങ്കിലും മുൻപ് പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ഓപ്പോ ഉപകരണങ്ങൾ എത്തിയിട്ടുള്ളതിനാൽ ഈ റിപ്പോർട്ടും വിശ്വസിക്കാം. ലോഞ്ച് അടുക്കുന്നതോടെ ഈ ഫോണിന്റെ ഡീറ്റെയിൽസ് കമ്പനി തന്നെ വെളിപ്പെടുത്തും.


Click it and Unblock the Notifications








