ഓമനക്കുട്ടന്റെ ഷേപ്പ് മാറ്റി ഓപ്പോ; റെനോ 12 പ്രോ മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു
ഫെസ്റ്റിവൽ സീസണിൽ സ്മാർട്ട്ഫോൺ കച്ചവടം ഉയരങ്ങളിലേക്ക് കുതിക്കാൻ പോകുകയാണ്. ഈ ആവേശത്തിന്റെ ഭാഗമാകാൻ ഓപ്പോ തങ്ങളുടെ റെനോ 12 പ്രോ പുത്തൻ ഭാവത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ജൂലൈയിൽ ആണ് റെനോ 12 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ മനീഷ് മൽഹോത്രയുടെ ഐക്കണിക് വേൾഡ് കളക്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ (OPPO Reno12 Pro 5G Manish Malhotra Limited Edition) കമ്പനി ഇന്ത്യയിൽ പുറത്തിറക്കി.
സ്വർണ്ണ ഫിലിഗ്രി, ഫ്ലോറൽ എംബ്രോയ്‌ഡറി എന്നിവ ഒരു കറുത്ത ബാക്ഗ്രൗണ്ടിൽ സമ്മേളിക്കുന്നു എന്നതാണ് പുതിയ ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിൻ്റെയും സമ്പൂർണ്ണ സംയോജനമാണ് ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ ഡിസൈൻ എന്ന് കമ്പനി പറയുന്നു.

നൂതന മെറ്റീരിയലുകളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും കലാപരമായ സംയോജനത്തിൽ നിന്നാണ് ഈ ലിമിറ്റഡ് എഡിഷന്റെ പിൻ കവർ രൂപം കൊള്ളുന്നത് എന്ന് ഓപ്പോ പറയുന്നു. പാറ്റേൺഡ് അനീലിംഗിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നൂതനമായ ഡബിൾ എച്ചിംഗ് + അനീലിംഗ് സാങ്കേതികത ഇതിൽ ഉപയോഗിക്കുന്നു. ഡിസൈനിൽ പുതുമ കൊണ്ടുവന്നു എന്നതിനപ്പുറം ഇതിലെ ഫീച്ചറുകളെല്ലാം ഓപ്പോ റെനോ 12 പ്രോയിലേതിന് സമാനമാണ്.
ഓപ്പോ റെനോ 12 പ്രോ 5ജി മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ ഗോൾഡൻ നിറത്തിലാണ് എത്തുന്നത്. ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ 12GB + 256GB മോഡലിന് 36,999 രൂപയാണ് വില. യഥാർത്ഥ റെനോ 12 പ്രോ അടിസ്ഥാന വേരിയന്റും ഇതേ വിലയിൽ തന്നെയാണ് എത്തിയത്.

ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300- 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
ഡിസ്പ്ലേയ്ക്കായി വിക്ടസ് 2 പ്രൊട്ടക്ഷനുമായിട്ടാണ് ഈ ഫോൺ എത്തുന്നത്. 256GB / 512GB UFS 3.1 സ്റ്റോറേജും 12GB LPDDR4X റാമും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ പ്രോ ഫോണിലുള്ളത്. അതിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറയും സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറയും ƒ/2.2 അപ്പേർച്ചർ, ഓമ്നിവിഷൻ OVO2B10 സെൻസർ, 4K 30 വീഡിയോ റെക്കോഡിങ് പിന്തുണകളുള്ള 2MP മാക്രോ ക്യാമറയും അടങ്ങുന്നു.

ഫ്രണ്ടിൽ സാംസങ് JN5 സെൻസറോട് കൂടിയ 50MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകൾ ഈ ലിമിറ്റഡ് എഡിഷൻ ഫോണിലും ഉണ്ട്.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് റെനോ 12 പ്രോ ലിമിറ്റഡ് എഡിഷനിലും ഉള്ളത്. AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് തുടങ്ങി വിവിധ എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഒക്ടോബർ 3 മുതൽ ഈ ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








