പുതിയ കളറും കൂടുതൽ റാമും സ്റ്റോറേജും; ഓപ്പോ റെനോ 13 5G ഇനി വേറെ ലെവൽ!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾക്കിടയിൽ മത്സരം ശക്തമാണ്. അതിനായി അവർ പല തന്ത്രങ്ങളും പയറ്റുന്നു. അത്തരത്തിൽ മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ ഒരു പുതിയ തന്ത്രം കൂടി പുറത്തെടുത്തിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ. ഈ വർഷം ജനുവരിയിൽ ഓപ്പോ തങ്ങളുടെ റെനോ സീരീസിലെ പുതിയ മോഡലുകളായി ഓപ്പോ റെനോ 13 (OPPO Reno 13), ഓപ്പോ റെനോ 13 പ്രോ (OPPO Reno 13 Pro) എന്നീ മോഡലുകൾ അവതരിപ്പിച്ചിരുന്നു. മികച്ച ഫീച്ചറുകൾ സഹിതമെത്തിയ കിടിലൻ മോഡലുകളായിരുന്നു ഇവ.
ലോഞ്ച് ചെയ്ത് ഏതാണ്ട് രണ്ട് മാസം പിന്നിട്ടിരിക്കെ ഇപ്പോൾ റെനോ 13 സീരീസിലെ ഓപ്പോ റെനോ 13 5ജിയിലേക്ക് കൂടുതൽ കരുത്തും അഴകും കൂട്ടിച്ചേർത്തിരിക്കുകയാണ് ഓപ്പോ. ലൂമിനസ് ബ്ലൂ, ഐവറി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് മുൻപ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ പുതിയ സ്കൈ ബ്ലൂ കളർ ഓപ്ഷൻ കൂടി ഓപ്പോ ലഭ്യമാക്കിയിരിക്കുന്നു.

റെനോ 13 5ജിക്ക് പുതിയ ലുക്ക് മാത്രമല്ല, റാം, സ്റ്റോറേജ് കരുത്തും ഓപ്പോ നൽകിയിരിക്കുന്നു. അതായത് മുൻപ് 8GB+ 128GB, 8GB+ 256GB എന്നീ രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് ഓപ്പോ റെനോ 13 5ജി ലഭ്യമായിരുന്നത്. എന്നാലിപ്പോൾ 12GB + 512GB വേരിയന്റിലും ഓപ്പോ റെനോ 13 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ഓപ്പോ റെനോ 13 5ജിയുടെ പുതിയ 12GB + 512GB സ്കൈ ബ്ലൂ മോഡലിന്റെ വില 43,999 രൂപയാണ്. മുൻപ് ലോഞ്ച് ചെയ്യപ്പെട്ട 8GB+ 128GB അടിസ്ഥാന വേരിയന്റിന് 37,999 രൂപയും 8GB+ 256GB വേരിയന്റിന് 39,999 രൂപയുമാണ് വില. ഓപ്പോ റെനോ 13 5ജിയുടെ പുതിയ കളർ, മെമ്മറി ഓപ്ഷൻ മാർച്ച് 20 മുതൽ ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇ-സ്റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി വാങ്ങാനാകും.

പുതിയ കളർ ഓപ്ഷനും റാം+ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാക്കി എന്നതിനപ്പുറം ഓപ്പോ റെനോ 13 5ജിയുടെ ഫീച്ചറുകളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED കർവ്ഡ് ഡിസ്പ്ലേ സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.
240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയാണ് റെനോ 13 5ജിയുടെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഫീച്ചറുകൾ. മാലി - G615 MC6 ജിപിയു, LPDDR5X റാം, UFS 3.1 സ്റ്റോറേജ് എന്നിവ റെനോ 13 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 13 5ജിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ), 8MP 112º അൾട്രാ-വൈഡ് ക്യാമറ (OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ ( f/2.4 അപ്പേർച്ചർ, OV02B1B സെൻസർ) എന്നിവ 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതമെത്തുന്നു. ഫ്രണ്ടിൽ സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയുമുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66+ IP68+ IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററി എന്നിവയാണ് റെനോ 13 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 157.90×74.73x 7.24mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.


Click it and Unblock the Notifications








