'മാജിക് ക്യൂബ്' ബട്ടണും ട്രിപ്പിൾ റിയർ ക്യാമറയും! ഓപ്പോ റെനോ 14 പ്രോയുടെ വിവരങ്ങൾ പുറത്ത്
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓപ്പോ പുറത്തിറക്കിയ റെനോ 13 പ്രോ മോഡലിന്റെ പിൻഗാമിയായി തകർപ്പൻ ഫോൺ വിപണിയെ ലക്ഷ്യമാക്കി എത്തുന്നതായി റിപ്പോർട്ട്. ഓപ്പോ റെനോ 14 പ്രോയാണ് ഓപ്പോ പുറത്തിറക്കുന്ന കിടിലൻ ഫോൺ. ഓപ്പോ റെനോ 14 പ്രോ ഈ വർഷം അവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്റെ രൂപകൽപ്പനയെക്കുറിച്ച് സൂചന നൽകുന്ന തരത്തിൽ, ഓപ്പോ റെനോ 14 പ്രോയുടെ ഡിസൈൻ റെൻഡർ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുനർരൂപകൽപ്പന ചെയ്ത ക്യാമറ ഐലൻഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെ ഓപ്പോ റെനോ 14 പ്രോയെ സജ്ജീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഓപ്പോ റെനോ 14 പ്രോയിൽ ഒരു ഫ്ലാറ്റ് OLED സ്‌ക്രീനും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ പ്രോഗ്രാം ചെയ്യാവുന്ന 'മാജിക് ക്യൂബ്' ബട്ടണും എത്തിയേക്കാമെന്നും ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സ്മാർട്ട്പ്രിക്സ് പ്രസിദ്ധീകരിച്ച ഓപ്പോ റെനോ 14 പ്രോയുടെ ഡിസൈൻ റെൻഡറിൽ, ക്യാമറ ഐലൻഡ് ഒഴികെ ഹാൻഡ്‌സെറ്റിന്റെ പിൻ പാനലിന്റെ ഡിസൈൻ റെനോ മുൻഗാമിയായ റെനോ 13 പ്രോവിന് സാമ്യമുണ്ടാവാം.

റെനോ 13 പ്രോയിൽ ഡിസ്‌ക്രീറ്റ് 'റിംഗുകൾ'ക്കുള്ളിൽ മൂന്ന് ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ അടുത്ത തലമുറ റെനോ മോഡലിൽ അൽപം മാറ്റങ്ങൾ വരുത്തിയ ലേഔട്ട് ഉണ്ടായിരിക്കാനാണ് സാധ്യത. സ്മാർട്ട്പ്രിക്സ് പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ റെനോ 14 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിന്റെ സ്ഥാനം നിലനിർത്തുമെന്ന് ചിത്രം സൂചിപ്പിക്കുന്നു.
പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഒരേ മൊഡ്യൂളിൽ ഒരുമിച്ച് കാണാൻ കഴിയുന്നുണ്ട്. അതേസമയം, ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ക്യാമറ എൽഇഡി ഫ്ലാഷിന് മുകളിൽ വലതുവശത്താണ് കാണാൻ സാധിക്കുന്നത്. ഓപ്പോ റെനോ 14 പ്രോയിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ നോക്കാം. ഓപ്പോ റെനോ 14 പ്രോ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കാനാണ് സാധ്യത.
ഓപ്പോയുടെ കളർ ഒഎസ് 15 സ്‌കിൻ ഓപ്പോ റെനോ 14 പ്രോയിലും ഉണ്ടായിരിക്കും. ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഉള്ള നിലവിലെ തലമുറ മോഡലിൽ നിന്ന് വ്യത്യസ്തമായി, 120Hz റിഫ്രഷ് റേറ്റുള്ള ഒരു ഫ്ലാറ്റ് OLED സ്‌ക്രീൻ ആയിരിക്കും ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കുക. കൂടാതെ മറ്റ് ഓപ്പോ, വൺപ്ലസ് സ്മാർട്ട്‌ഫോണുകളെപ്പോലെ ഐഫോൺ 15 പ്രോയിലെയും പുതിയ മോഡലുകളിലെയും ആപ്പിളിന്റെ ആക്ഷൻ ബട്ടൺ പോലെ റീമാപ്പ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ 'മാജിക് ക്യൂബ്' ബട്ടൺ റെനോ 14 പ്രോയിലും ഉണ്ടാകും.

ക്യാമറയുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഓപ്പോ റെനോ 14 പ്രോ എത്തുക.
എന്നാൽ ഓപ്പോ റെനോ 14 പ്രോയ്ക്ക് കരുത്ത് പകരുന്ന പ്രോസസറിനെക്കുറിച്ചോ ഹാൻഡ്‌സെറ്റിന്റെ ബാറ്ററി ശേഷിയെക്കുറിച്ചോ നിലവിൽ ഒരു വിവരവും ലഭ്യമല്ല. ഓപ്പോ റെനോ 14 പ്രോ അടുത്ത മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്നും ഹാൻഡ്‌സെറ്റ് 'ജൂണിലോ ജൂലൈയിലോ' ഇന്ത്യയിൽ എത്തുമെന്നും സ്മാർട്ട്പ്രിക്സ് അവകാശപ്പെടുന്നുണ്ട്.

എന്നിരുന്നാലും, ഓപ്പോ റെനോ 14 പ്രോയെ കുറിച്ചുള്ള വിവരങ്ങളോ ലോഞ്ച് തിയ്യതിയോ വിലയോ ഒന്നും കമ്പനി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൾ വരാനിരിക്കുന്ന ഓപ്പോ റെനോ 14 പ്രോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കാം.


Click it and Unblock the Notifications








