ഓപ്പോയുടെ ആദ്യത്തെ 'കാന്താരി'! ചെറിയ ബോഡിയിൽ നിറയെ ഫീച്ചറാ; ഓപ്പോ റെനോ 15 പ്രോ മിനി ഇന്ത്യയിൽ എത്തി
വലിപ്പത്തിൽ കുഞ്ഞനായി തോന്നുമെങ്കിലും വീര്യത്തിൽ മുമ്പനാണ് കാന്താരി, ഏതാണ്ട് അതേ സ്വഭാവത്തിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ഓപ്പോ റെനോ 15 പ്രോ മിനി (OPPO Reno15 Pro mini) എന്ന പേരിൽ ഓപ്പോ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് എത്തിയിരിക്കുന്നു. ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായിട്ടാണ് 15 പ്രോ മിനിയുടെ വരവ്. 6.32-ഇഞ്ച് ഡിസ്പ്ലേയാണ് ഈ മിനി മോഡലിന് ഉള്ളത്. ഓപ്പോ റെനോ 15 സീരീസിൽ റെനോ 15 5ജി, റെനോ 15 പ്രോ 5ജി എന്നിവയ്ക്ക് ഒപ്പമാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.
കോംപാക്ട് മോഡൽ ആയി പുറത്തിറക്കിയിരിക്കുന്നതിനാൽ ഒതുക്കമുള്ള ബോഡിയുമായാണ് എത്തുന്നത് എങ്കിലും പ്രോ മോഡലിനോട് കിട പിടിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് റെനോ 15 പ്രോ മിനി. പേരിൽ കാണുന്നത് പോലെ തന്നെ ഇത് ഒരു മിനി പ്രോ മോഡലാണ്. റെനോ 15 പ്രോയിൽ ഉള്ള അതേ ഡൈമെൻസിറ്റി 8450 ചിപ്സെറ്റും 200MP മെയിൻ ക്യാമറയും അടക്കം ഈ മിനി മോഡലിലും ഉണ്ട്.

മറ്റ് രണ്ട് മോഡലുകളിലേതുപോലെ മികച്ച ഈടും റെനോ 15 പ്രോ മിനിയിലുണ്ട്. ഓൾ-റൗണ്ട് ആർമർ ബോഡി, സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ്, എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം, IP66, IP68, IP69 റേറ്റിങ്, പ്ലാറ്റിനം പൂശിയ ചാർജിംഗ് പോർട്ട് എന്നിവ റെനോ 15 പ്രോ മിനിയിൽ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് രണ്ട് മോഡലുകളെ അപേക്ഷിച്ച് ബാറ്ററി ശേഷിയുടെ കാര്യത്തിൽ മാത്രം ഈ മിനി മോഡൽ അൽപ്പം പിന്നിലാണ്, കോംപാക്ട് മോഡലായതിനാൽ അത് ക്ഷമിക്കാവുന്നതേയുള്ളൂ.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.32-ഇഞ്ച് (2640 × 1216 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് ഓപ്പോ റെനോ 15 പ്രോ മിനിയുടെ കരുത്ത്. Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസിലാണ് പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം റെനോ 15 പ്രോ മിനിയിലും ഉണ്ട്. അതിൽ 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 112º അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP 3.5X പെരിസ്കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിലടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം റെനോ 15 പ്രോ മിനിയിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C 2.0, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 151.21×72.42×7.99mm (തവിട്ട്, സ്റ്റാർലൈറ്റ്) / 8.13 mm (അറോറ നീല) വലിപ്പവും 187g (തവിട്ട്, സ്റ്റാർലൈറ്റ്) / 188g (അറോറ നീല) ഭാരവും ഈ ഫോണിനുണ്ട്.
വിലയും ലഭ്യതയും
ഓപ്പോ റെനോ 15 പ്രോ മിനിയുടെ 12ജിബി + 256ജിബി മോഡലിന് 59,999 രൂപയും 12ജിബി + 512ജിബി മോഡലിന് 64,999 രൂപയുമാണ് വില. നിലവിൽ കൊക്കോ ബ്രൗൺ, ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. ക്രിസ്റ്റൽ പിങ്ക് അടുത്ത മാസം വാലന്റൈൻസ് ദിനത്തിൽ ലഭ്യമാകും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ജനുവരി 13 മുതൽ ആണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. പ്രീ ഓഡർ ഇന്ന് മുതൽ തന്നെ സാധ്യമാണ്.


Click it and Unblock the Notifications








