റെനോ സീരീസിൽ ആദ്യമായി ഒരു കോംപാക്ട് സ്മാർട്ട്ഫോൺ; വരുന്നു ഓപ്പോ റെനോ 15 പ്രോ മിനി
ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ചിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ റെനോ 15 സീരീസിന് മുൻ വർഷങ്ങളിൽ ഇല്ലാതിരുന്ന ഒരു പ്രത്യേകതയുണ്ട് എന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. അതായത് ഓപ്പോ റെനോ സീരീസിൽ ഇതാദ്യമായി ഒരു കോംപാക്ട് സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു എന്ന് രഹസ്യ സ്രോതസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 91മൊബൈൽസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഓപ്പോ റെനോ 15 പ്രോ മിനി (OPPO Reno15 Pro Mini) എന്നാണ് വരാൻ പോകുന്ന ആ ഓപ്പോ കോംപാക്ട് സ്മാർട്ട്ഫോണിന്റെ പേര്.
ചെറുതും സുഖമായി കൈയിൽ പിടിക്കാവുന്നതും കൊണ്ടുനടക്കാവുന്നതുമായ കോംപാക്ട് സ്മാർട്ട്‌ഫോണുകൾക്ക് വിപണിയിൽ ആരാധകർ കൂടി വരുന്നുണ്ട്. വൺപ്ലസ്, വിവോ പോലുള്ള ബ്രാൻഡുകൾ കോംപാക്ട് സ്മാർട്ട്ഫോൺ പരീക്ഷണങ്ങൾ ധൈര്യപൂർവം നടത്തുന്നുമുണ്ട്. അതിൽ വൺപ്ലസ് 13s മോഡൽ ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ കോംപാക്ട് സ്മാർട്ട്ഫോൺ മോഡലാണ്.

ഇപ്പോൾ കോംപാക്ട് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്ക് ഓപ്പോയും ചുവടുവയ്ക്കുന്നു എന്ന് വേണം പുതിയ റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ. ഓപ്പോയുടെ മിഡ് റേഞ്ച് റെനോ സീരീസ് ഫോണുകൾക്ക് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. ആ നിരയിലേക്ക് ഒരു കോംപാക്ട് ഫോൺ എത്തുമെന്നത് ഓപ്പോ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.
പ്രീമിയം മോഡൽ എന്ന് തോന്നിപ്പിക്കുന്ന ആകർഷകമായ ഡിസൈനുമായാണ് ഓപ്പോ റെനോ സീരീസ് എത്താറുള്ളത്. വരാൻ പോകുന്ന കോംപാക്ട് മോഡലും പ്രീമിയം ലെവൽ ഡിസൈനിൽ വിട്ടുവീഴ്ച ചെയ്യാതെ ഒപാക്റ്റ്‌നെസിന് മുൻഗണന നൽകുമെന്നാണ് വിവരം. റെനോ 15 പ്രോ മിനി ഗ്ലേസിയർ വൈറ്റ് കളർ ഓപ്ഷനിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, ഒരു റിബൺ ഡിസൈൻ ആയിരിക്കും ഇതിന് ഉണ്ടാകുക.
റെനോ ലൈനപ്പിന്റെ പ്രീമിയം ഫീലിന് അനുസൃതമായി റെനോ 15 പ്രോ മിനി മോഡലിന് ഒരു ഗ്ലാസ് ബാക്ക് ഉണ്ടായിരിക്കും. 6.32 ഇഞ്ച് അമോലെഡ് സ്‌ക്രീനുമായിട്ടായിരിക്കും ഓപ്പോയുടെ ഈ റെനോ 15 പ്രോ മിനി എത്തുക. ഇത് ഇന്നത്തെ നിലവാരമനുസരിച്ച് കോംപാക്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തും.
187 ഗ്രാം ഭാരം, 7.99 മില്ലീമീറ്റർ കനം, 1.6 മില്ലീമീറ്റർ സ്‌കിന്നി ബെസലുകൾ എന്നിവ ഓപ്പോയുടെ ഈ ആദ്യ കോംപാക്ട് സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഹൈ ഗ്രേഡ് പൊടി, ജല പ്രതിരോധങ്ങളെ സൂചിപ്പിക്കുന്ന IP66, IP67, IP69 റേറ്റിങ് സഹിതമായിരിക്കും ഓപ്പോ റെനോ 15 പ്രോ മിനി എത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
റെനോ 15 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് റെനോ 15, റെനോ 15 പ്രോ മോഡലുകൾ കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഓപ്പോ റെനോ 15c എന്നൊരു മോഡലും ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഇതിൽ റെനോ 15C മോഡൽ ആയിരിക്കും ഇന്ത്യയിൽ റെനോ 15 എന്ന പേരിൽ അവതരിപ്പിക്കപ്പെടുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനയിൽ ഓപ്പോ ഇതുവരെ റെനോ 15 പ്രോ മിനി എന്നൊരു മോഡൽ അവതരിപ്പിച്ചിട്ടില്ല. പരിമിത വിപണികളിൽ മാത്രമേ ഈ കോംപാക്ട് മോഡൽ അവതരിപ്പിക്കൂ എന്നാണ് റിപ്പോർട്ട്. റെനോ സീരീസിന്റെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയിൽ റെനോ 15 പ്രോ മിനി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല എന്നത് ശ്രദ്ധിക്കുക.


Click it and Unblock the Notifications








