റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി: മൂന്ന് സുന്ദരൻ ഓപ്പോ ഫോണുകൾ ജനുവരി 8ന് ഇന്ത്യയിൽ എത്തും
ഓപ്പോ തങ്ങളുടെ പ്രശസ്തമായ റെനോ സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ജനുവരി 8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള റെനോ 14 സീരീസിന്റെ പിൻഗാമിയായി പുതിയ ഓപ്പോ റെനോ 15 സീരീസ് (OPPO Reno15 Series) ഫോണുകളാണ് ജനുവരി 8ന് ഇന്ത്യയിൽ എത്തുക. ഇതിൽ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഓപ്പോ റെനോ 15, റെനോ 15 പ്രോ എന്നീ സ്ഥിരം മോഡലുകൾക്ക് ഒപ്പം പുതിയതായി റെനോ 15 പ്രോ മിനി എന്ന പുതിയ മോഡലും ഉൾപ്പെടുന്നതാണ് വരാൻ പോകുന്ന ഓപ്പോ റെനോ 15 സീരീസ്.
ഹോളോഫ്യൂഷൻ ടെക്‌നോളജി ഉപയോഗിച്ചുള്ള ഡിസൈനിൽ എത്തുന്നു എന്നതാണ് റെനോ 15 സീരീസിന്റെ ഒരു പ്രത്യേകത. വരാൻ പോകുന്ന ഓപ്പോ റെനോ 15 സീരീസിന്റെ ലോഞ്ചിനെ ശ്രദ്ധേയമാക്കുന്നത് പുതിയതായി അവതരിപ്പിക്കപ്പെടുന്ന റെനോ 15 പ്രോ മിനി മോഡലിന്റെ സാന്നിധ്യമാണ്. കാരണം, ഇതാദ്യമായാണ് റെനോ സീരീസിൽ ഒരു കോംപാക്ട് സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുന്നത്.

ഫീച്ചറുകളിൽ കുറവ് വരുത്താതെ തന്നെ കോംപാക്റ്റ് ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് ഓപ്പോ റെനോ 15 പ്രോ മിനി എത്തുന്നത്. റെനോ 15 സീരീസിലെ എല്ലാ മോഡലുകളിലും ഓൾ-റൗണ്ട് ആർമർ ബോഡി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ആണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.
മികച്ച ഈടിനായി IP66, IP68 (1.5 മീറ്റർ ശുദ്ധജലത്തിൽ 30 മിനിറ്റ് പ്രതിരോധിക്കും), IP69 (ഉയർന്ന മർദ്ദം, ഉയർന്ന താപനിലയുള്ള വാട്ടർ ജെറ്റുകൾക്കെതിരായ സംരക്ഷണം) റേറ്റിങ് ഈ ഫോണുകൾക്ക് ഉണ്ട്. മാത്രമല്ല കാലക്രമേണ തുരുമ്പെടുക്കൽ തടയാൻ ചാർജിംഗ് പോർട്ടുകൾ പ്ലാറ്റിനം പൂശിയാണ് എത്തുന്നത്.
റെനോ 15 മോഡൽ ഗ്ലേസിയർ വൈറ്റ്, ട്വിലൈറ്റ് ബ്ലൂ, അറോറ ബ്ലൂ കളർ ഓപ്ഷനുകളിലും റെനോ 15 പ്രോ മോഡൽ സൺസെറ്റ് ഗോൾഡ് (ലിക്വിഡ് ഗോൾഡ് ഇഫക്റ്റ്), കൊക്കോ ബ്രൗൺ കളർ ഓപ്ഷനുകളിലും റെനോ 15 പ്രോ മിനി കൊക്കോ ബ്രൗൺ, ഗ്ലേസിയർ വൈറ്റ് (3D റിബൺ പാറ്റേൺ ഉൾപ്പെടുത്തിയിട്ടുണ്ട്) കളർ ഓപ്ഷനിലും ലഭ്യമാകും.
ഓപ്പോ റെനോ 15 സീരീസിലെ മുൻനിര മോഡലുകൾ റെനോ 15 പ്രോ 5G, റെനോ 15 പ്രോ മിനി എന്നിവയാണ്, ഇവയിൽ 200MP അൾട്രാ-ക്ലിയർ മെയിൻ ക്യാമറയുണ്ട്. കൂടാതെ 50MP ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ (3.5× ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ഈ ലെൻസ്, ഒരു സ്വാഭാവിക ബൊക്കെ ഇഫക്റ്റ് സൃഷ്ടിക്കുന്നതിനും പശ്ചാത്തല ഘടകങ്ങൾ സബ്ജക്ടിലേക്ക് അടുപ്പിക്കുന്നതിനും ടെലിഫോട്ടോ കംപ്രഷൻ ഉപയോഗിക്കുന്നു) പ്രോ മോഡലുകളിലുണ്ട്.
മെയിൻ, ടെലിഫോട്ടോ ക്യാമറകൾക്ക് പുറമേ 50MP അൾട്രാ-വൈഡ് ക്യാമറയും (100° വ്യൂ ഫീൽഡ് ഉള്ള ഈ സെൻസർ വിശാലമായ ലാൻഡ്‌സ്‌കേപ്പുകൾക്കും ഗ്രൂപ്പ് ഷോട്ടുകൾക്കുമായി ഉദ്ദേശിച്ചുള്ളതാണ്, "ഗോൾഡൻ അൾട്രാ-വൈഡ് പോർട്രെയ്റ്റ്" അൽഗോരിതങ്ങൾ ഇതിൽ ഉപയോഗിക്കുന്നു) അടങ്ങുന്നതാണ് ഓപ്പോ റെനോ 15 സീരീസിലെ പ്രോ മോഡലുകളുടെ റിയർ ക്യാമറ സജ്ജീകരണം.

റെനോ 15 പ്രോ മോഡലുകൾ എല്ലാ ഇന്റഗ്രേറ്റഡ് ക്യാമറകളിലും - ഫ്രണ്ട്, മെയിൻ, അൾട്രാ-വൈഡ്, ടെലിഫോട്ടോ - 60fps-ൽ 4K HDR വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. ഇവയിലെ പ്രധാന റിയർ ക്യാമറ ഒരു ഡ്യുവൽ കൺവേർഷൻ ഗെയിൻ (DCG) സിസ്റ്റം കൂടി ഉപയോഗിക്കുന്നു.
പ്രൈമറി, ടെലിഫോട്ടോ ലെൻസുകളിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS 2.0) ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നിവ സംയോജിപ്പിച്ച് മെച്ചപ്പെടുത്തിയ അൾട്രാ-സ്റ്റെഡി വീഡിയോ സിസ്റ്റവും റെനോ 15 സീരീസ് ഫോണുകളിലുണ്ട്. എക്സ്പോഷറിൽ തടസ്സങ്ങളില്ലാതെ റെക്കോർഡുചെയ്യുമ്പോൾ ഉപയോക്താക്കളെ ഫ്രണ്ട്, റിയർ ക്യാമറകൾക്കിടയിൽ ഫ്ലിപ്പ് ചെയ്യാൻ അനുവദിക്കുന്ന ക്യാമറ സ്വിച്ചിങ്ങും ഇവയിലുണ്ട്.
പ്രോ മോഡലുകളിലെ ഡ്യുവൽ-വ്യൂ വീഡിയോ ഫീച്ചർ വിവിധ സ്പ്ലിറ്റ്-സ്ക്രീൻ ലേഔട്ടുകളിൽ ഫ്രണ്ട്, റിയർ സെൻസറുകളിൽ നിന്ന് ഒരേസമയം റെക്കോർഡിംഗ് പ്രാപ്തമാക്കുന്നു. കൂടാതെ ഇവയിലെ മൾട്ടി-ഔട്ട്പുട്ട് ക്യാപ്ചർ ഫീച്ചർ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഉയർന്ന നിലവാരമുള്ള സ്റ്റില്ലുകളോ മോഷൻ ഫോട്ടോകളോ എടുക്കാൻ പിന്തുണയ്ക്കുന്നു.

അതേസമയം ഓപ്പോ റെനോ 15 മോഡൽ 50MP അൾട്രാ-ക്ലിയർ മെയിൻ ക്യാമറ, 50MP 3.5× ടെലിഫോട്ടോ പോർട്രെയ്റ്റ് ലെൻസ്, 8MP റിയർ അൾട്രാ-വൈഡ് സെൻസറുമായി ജോടിയാക്കിയ 50MP അൾട്രാ-വൈഡ് സെൽഫി ക്യാമറ എന്നിവ സഹിതം എത്തുന്നു. 6.59-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്റ്റാന്റേർഡ് മോഡലിനുള്ളത്. ഇത് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.
റെനോ 15 പ്രോയിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള 6.78-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും റെനോ 15 പ്രോ മിനിയിൽ ഗൊറില്ല ഗ്ലാസ് 7i / AGC DT-STAR D+ പ്രൊട്ടക്ഷനുള്ള 6.32-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമാണ് ഉള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 10-ബിറ്റ് കളർ ഡെപ്ത്തും എല്ലാ മോഡലുകളിലും ഉണ്ട്.
ജനുവരി 8 ലെ ലോഞ്ചിന് ശേഷം ഓപ്പോ റെനോ 15 സീരീസ് മോഡലുകൾ ആമസോൺ, ഫ്ലിപ്പ്കാർട്ട് ഓപ്പോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോർ എന്നിവ വഴി വിൽപ്പനയ്ക്ക് എത്തും. ഇവയുടെ വില അടക്കമുള്ള വിവരങ്ങൾ ലോഞ്ച് ഇവന്റിൽ ആണ് ഔദ്യോഗികമായി വെളിപ്പെടുത്തുക.


Click it and Unblock the Notifications








