ഫോൾഡബിൾ സ്മാർട്ട്ഫോണുമായി ഓപ്പോയും; ഫൈൻഡ് എൻ ലോഞ്ച് ഡിസംബർ 15ന്
കാത്തിരിപ്പിനൊടുവിൽ ഒപ്പോയും ഫോൾഡബിൽ സ്മാർട്ട്ഫോൺ വിപണിയിലേക്ക് കാല് കുത്തുകയാണ്. വർഷങ്ങൾ നീണ്ട പ്രോട്ടോടൈപ്പ് പരീക്ഷണങ്ങൾക്കൊടുവിൽ ഓപ്പോയുടെ ആദ്യ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോൺ "ഫൈൻഡ് എൻ" ഡിസംബർ 15ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. പുതിയ ഫോണിന്റെ ലോഞ്ചോടെ പ്രീമിയം ഫോൾഡബിൽ സെഗ്മെന്റിലേക്ക് ഓപ്പോ പ്രവേശിക്കും. നിലവിൽ സാംസങും മോട്ടോറോളയും മാത്രമാണ് ഫോൾഡബിൾ സെഗ്മെന്റിൽ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ളത്. 4 വർഷം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ഓപ്പോ തങ്ങളുടെ ഫൈൻഡ് എൻ സ്മാർട്ട്ഫോൺ ലോർഞ്ച് ചെയ്യുന്നത്. ഫൈനൽ പ്രോഡക്റ്റിന് മുമ്പ് 6 പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചെടുത്തിരുന്നതായും കമ്പനി പറയുന്നു.

ഓപ്പോ ഇന്നോ ഡേയുടെ രണ്ടാം ദിവസമാണ് ഡിസംബർ 15. അന്ന് തന്നെ ഫൈൻഡ് എൻ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. പുതിയ ഡിവൈസിന്റെ ലോഞ്ചിനെക്കുറിച്ച് ഓപ്പോയുടെ സിപിഒയും വൺപ്ലസ് സഹസ്ഥാപകനുമായ പീറ്റ് ലോയാണ് പ്രഖ്യാപനം നടത്തിയത്. ഫോണിന്റെ ഫോൾഡ് ചെയ്ത രീതിയിലുള്ള ഒരു റെൻഡറും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. നിലവിലെ എല്ലാ ഫോൾഡബിൾ സ്മാർട്ട്ഫോണുകളെക്കാളും മികച്ചു നിൽക്കുന്ന ഡിവൈസാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് 2021 ലേക്ക് വൈകിപ്പിച്ചതിനും പീറ്റ്‌ലോ കൃത്യമായ വിശദീകരണം നൽകുന്നുണ്ട്. "2018 ഏപ്രിലിൽ തന്നെ, ഫൈൻഡ് എൻ പ്രോട്ടോടൈപ്പിന്റെ ഫസ്റ്റ് ജനറേഷൻ തയ്യാറായിക്കഴിഞ്ഞിരുന്നു. മറ്റ് ചില ബ്രാൻഡുകൾ ഇതിനകം തന്നെ ഫോൾഡബിൾ ഡിവൈസുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കെല്ലാം യൂട്ടിലിറ്റി, ഡ്യൂറബിലിറ്റി, ഉപയോക്തൃ അനുഭവം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ട്. അതിനാൽ തന്നെ നിലവിൽ വിപണിയിലുള്ള ഫോൾഡബിൾ ഡിവൈസുകൾ അത്ര കണ്ട് പ്രായോഗികം അല്ല. അതിനാൽ കഴിഞ്ഞ വർഷം ഞാൻ ഓപ്പോയിൽ തിരിച്ചെത്തിയപ്പോൾ, ഈ പ്രധാന പ്രോജക്റ്റ് ഏറ്റെടുക്കുന്നതിലും ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള അവസാന തടസങ്ങൾ മറികടക്കാൻ ടീമിനെ നയിക്കുന്നതിലും ഞാൻ ആവേശഭരിതനായിരുന്നു." ഡിസ്പ്ലേയിൽ പാടുകൾ വീഴുകയെന്നത് ഇപ്പോഴത്തെ ഫോൾഡബിൾ ഡിവൈസുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഒപ്പം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഈട് നിൽക്കാനുള്ള സാധ്യത കുറവും ആണ്. ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചാണ് പുതിയ ഡിവൈസ് പുറത്തിറക്കുന്നത് എന്നും പീറ്റ്ലോ അവകാശപ്പെടുന്നു.

പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
കുറഞ്ഞ വിലയിൽ കൂടുതൽ സ്പെസിഫിക്കേഷൻസ് തരികയെന്നത് ഓപ്പോയടക്കമുള്ള ചൈനീസ് കമ്പനികളുടെ ശൈലിയാണ്. അതിനാൽ മികച്ച ഫീച്ചറുകൾ തന്നെ പ്രതീക്ഷിക്കാം. നിലവിൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് ഫോണിനേക്കുറിച്ച് ലഭ്യമായിട്ടുള്ളത്. ഓപ്പോയുടെ ഫോൾഡബിൾ ഡിവൈസ് ഫൈൻഡ് എൻ അടുത്തിടെ ചൈനയിലെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയത്തിൽ നിന്ന് സർട്ടിഫിക്കേഷൻ നേടിയിരുന്നു. ഈ സർട്ടിഫിക്കേഷനിൽ പുതിയ സ്മാർട്ട്ഫോണിന്റെ ചില നിർണായക ഫീച്ചറുകൾ വെളിപ്പെടുത്തിയിരുന്നു.

ഓപ്പോ ഫൈൻഡ് എൻ 1.80 ഗിഗാ ഹെർട്സ് അടിസ്ഥാന ക്ലോക്ക് സ്പീഡുള്ള സ്നാപ്പ്ഡ്രാഗൺ 888 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. പുതിയ സ്‌മാർട്ട്‌ഫോൺ കുറഞ്ഞത് ഒരു വേരിയന്റിലെങ്കിലും 12 ജിബി റാമുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് ആയിരിക്കും ഫൈൻഡ് എൻ സ്കിന്നിന്റെ ബേസ്. 65വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോൾഡബിൾ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ഓപ്പോ 12എംപി പ്രൈമറി ലെൻസ് ഫൈൻഡ് എന്നിൽ ഉപയോഗിക്കുമെന്നും മുൻ ക്യാമറയിൽ 8എംപി സെൻസറുണ്ടാകുമെന്നും ഡിവൈസിനേക്കുറിച്ചുള്ള പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നു. കമ്പനി പങ്കിട്ട റെൻഡർ അനുസരിച്ച്, പുതിയ ഡിവൈസിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉറപ്പ് വരുത്തുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നതിലും മികച്ച ഫീച്ചറുളും നമ്മുക്ക് പ്രതീക്ഷിക്കാം.

ഓപ്പോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഈ പുതിയ സ്മാർട്ട്ഫോണിനെക്കുറിച്ച് ലീക്ക് റിപ്പോർട്ടുകൾ പോലും അത്രയധികം ലഭ്യമായിരുന്നില്ല. സാംസങ് ഫോൾഡ് അടക്കമുള്ള ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളിയായിരിക്കും ഓപ്പോയുടെ ഡിവൈസെന്ന് ഉറപ്പാണ്. കൂടുതൽ കമ്പനികൾ ഫോൾഡബിൾ ഡിവൈസുകളുടെ പണിപ്പുരയിൽ ആണ്. അധികം വൈകാതെ ഈ ഡിവൈസുകളും വിപണികളിൽ എത്തും.


Click it and Unblock the Notifications








