ഓപ്പോയുടെ അടുത്ത ഫോൾഡബിൾ ഫോൺ ഈ മാസം 12ന് ഇന്ത്യയിലെത്തും; സാംസങ് ഇനി കുറച്ച് വിയർക്കേണ്ടി വരും
ഓപ്പോയുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോൺ ആയ ഫൈൻഡ് എൻ 3 ഫ്ലിപ് ഒക്ടോബർ 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓപ്പോ തന്നെയാണ് ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഫോണിന്റെ ലോഞ്ച് ചടങ്ങുകൾ ഒക്ടോബർ 12-ന് വൈകിട്ട് 7 മണി മുതൽ ആരംഭിക്കുന്നതാണ്. ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ചടങ്ങിന്റെ തൽത്സമയ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോൾഡബിൾ ഫോൺ ആയിരിക്കും ഫൈൻഡ് എൻ 3 ഫ്ലിപ്. നേരത്തെ ഫൈൻഡ് 2 കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം ആയിരുന്നു കമ്പനി ഈ ഫോൺ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് മികച്ച അഭിപ്രായം ആയിരുന്നു ഫൈൻഡ് 2വിന് ലഭിച്ചിരുന്നത്. ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെ ചില സവിശേഷതകൾ ഓപ്പോ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

വില മാത്രമാണ് കമ്പനി ഇനിയും പുറത്ത് വിടാത്തത്. എന്നിരുന്നാലും ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 90,000 രൂപയുടെ അടുത്തായിരിക്കും ഇതിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈൻഡ് 2വിന്റെ നവീകരിച്ച പതിപ്പ് ആയിരിക്കും ഫൈൻഡ് എൻ 3 ഫ്ലിപ്പ്. MediaTek Dimensity 9200 SoC ആണ് ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെ പ്രോസസർ. രണ്ടാം തലമുറ TSMC 4nmനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക. എഐ ടാസ്‌ക്കുകളെ സഹായിക്കാൻ MediaTek APU 690 ഫോണിന് നൽകിയിട്ടുണ്ട്.
ഒരു ARM Cortex X3 കോർ, മൂന്ന് Cortex-A715 പെർഫോമൻസ് കോറുകൾ, നാല് Cortex-A510 എഫിഷ്യൻസി കോറുകൾ എന്നിവയും ഈ ഫോണിൽ അടങ്ങിയിട്ടുണ്ട്. ഫോണിന്റെ റാം പരിശോധിക്കുമ്പോൾ 12 ജിബി എൽപിഡിഡിആർ 5 എക്സ് റാം ആണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പിനായി ഒരുക്കിയിരിക്കുന്നത്. 256GB ആയിരിക്കും ഫോണിന്റെ സ്റ്റോറേജ് സ്പേസ്. ഫോണിന്റെ പ്രധാന ക്യാമറയിൽ സോണി IMX709 സെൻസറും എഐ പിന്തുണയും ഉണ്ടായിരിക്കുന്നതാണ്.

44W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,300mAh ബാറ്ററിയും ഫോണിൻ ഇടം പിടിച്ചിട്ടുണ്ട്. ബാറ്ററി 0 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജ് നേടാനായി 56 മിനിറ്റ് എടുക്കും എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിനെ തണുപ്പിക്കാനായി ഗ്രാഫൈറ്റ് ലെയറും പെർഫോമൻസ് ജെല്ലും ഓപ്പോ ഒരുക്കിയിട്ടുണ്ട്. ആയതിനാൽ തന്നെ ഫൈൻഡ് 2 ആയി താരതമ്യം ചെയ്യുമ്പോൾ 86 ശതമാനം ചൂട് വ്യാപനം മെച്ചപ്പെടുത്തുമെന്ന് ഓപ്പോ അവകാശപ്പെടുന്നു.
ഫോണിന്റെ മറ്റ് സവിശേഷതകൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ചൈനയിൽ അവതരിപ്പിച്ച പതിപ്പിന്റെ സമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് ഫോൾഡിംഗ് ഡിസ്‌പ്ലേ ആയിരിക്കും ഫോണിൽ ഉണ്ടാകുക. ഇതിന് 120Hz പുതുക്കൽ നിരക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൺ മടക്കുമ്പോൾ പുറത്ത് ദൃശ്യമാകുന്ന ഡിസ്പ്ലേയ്ക്ക് 3.26 ഇഞ്ച് ആയിരിക്കും വലുപ്പം. ഇനി ഫോണിന്റെ ക്യാമറാ കാര്യങ്ങൾ പരിശോധിക്കാം.
പ്രധാന ക്യാമറയ്ക്ക് പുറമേ, ഫോണിന് 48 മെഗാപിക്സൽ അൾട്രാ വൈഡും 32 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ആണ് ഫോണിന്റെ ചൈനീസ് പതിപ്പിന് ഓപ്പോ നൽകിയത്. ഈ ക്യാമറകൾ തന്നെ ഇന്ത്യൻ പതിപ്പിലും പ്രതീക്ഷിക്കാവുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. ഫോൺ ഏതൊക്കെ വേരിയന്റുകളിൽ പുറത്തിറങ്ങും, നിറങ്ങൾ തുടങ്ങിയ വിവരങ്ങൾ എല്ലാം ലോഞ്ച് സമയത്ത് മാത്രമേ അറിയാൻ സാധിക്കു.
ഓപ്പോയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉത്പന്നം തന്നെ കമ്പനി പുറത്തിറക്കും എന്നാണ് പ്രതീക്ഷ. പുതിയ ഫോൺ കൂടി വിപണിയിൽ എത്തുമ്പോൾ ഫോൾഡബിൾ ഫോണുകൾക്കിടയിലുള്ള മത്സരം വർധിക്കും. ഇതിന് പുറമെ വൺപ്ലസും തങ്ങളുടെ ഫോൾഡബിൾ ഫോൺ ഉടൻ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








