ശക്തൻ ഐഫോൺ മുതൽ സുന്ദരൻ നോക്കിയ വരെ! ഈ ആഴ്ച പുറത്തിറങ്ങുന്ന 10 കിടിലൻ സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോൺ പ്രേമികൾക്ക് വരുന്ന ഒരാഴ്ച സന്തോഷത്തിന്റെ ആഴ്ചയാണ്. കാരണം ഏറെ നാളായി കാത്തിരിക്കുന്ന പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് നടക്കുന്നത് ഈ വരുന്ന ആഴ്ചയാണ്. ഐഫോൺ മാത്രമല്ല, മറ്റ് പ്രമുഖ ബ്രാൻഡുകളുടെ ഫോണുകളും ഈ സമയത്ത് തന്നെ എത്തുന്നുണ്ട് എന്നത് ഇരട്ടിസന്തോഷം പകരുന്നു.
കൃത്യമായി പറഞ്ഞാൽ, സെപ്റ്റംബർ 11നും 15നും ഇടയിൽ, അതായത് വെറും 5 ദിവസത്തിനുള്ളിൽ മൊത്തം 10 പുതിയ സ്മാർട്ട്ഫോണുകളാണ് ലോഞ്ച് ചെയ്യപ്പെടുന്നത്. ഇതിൽ ഏവരും ഉറ്റുനോക്കുന്നത് ഐഫോൺ 15 സീരീസിലേക്കാണ് എന്നുമാത്രം. ആപ്പിളിന് പുറമേ, നോക്കിയ, സാംസങ്, ഓപ്പോ, ഹോണർ എന്നിവയുടെ ഫോണുകളാണ് ഈ ദിവസങ്ങളിലെത്തുന്നത്.

പണ്ട് സീരിയലുകൾ ഷെഡ്യൂൾ ചെയ്തിരുന്നതുപോലെ, ഈയാഴ്ചയിലെ 'തിങ്കൾ മുതൽ വെള്ളിവരെ'യുള്ള ദിവസങ്ങളിൽ സ്മാർട്ട്ഫോൺ ലോഞ്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട് എന്നത് ഏറെ കൗതുകകരമാണ്. സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 15 വെള്ളിയാഴ്ചവരെ തുടർച്ചയായ 5 ദിവസവും ലോഞ്ച് നിശ്ചയിച്ചിട്ടുണ്ട് എന്നാണ് വിപണിയിൽ നിന്നുള്ള ഷെഡ്യൂൾ വ്യക്തമാക്കുന്നത്. ഈ ദിവസങ്ങളിൽ എത്തുന്ന ഫോണുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
നോക്കിയ ജി42 5ജി ( NOKIA G42 5G): നോക്കിയയുടെ ഏറ്റവും പുതിയ 5ജി ഫോൺ സെപ്റ്റംബർ 11 തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. നോക്കിയ എക്‌സ് 30 5ജിക്ക് ശേഷം എച്ച്എംഡി ഗ്ലോബൽ രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ നോക്കിയ 5ജി സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകത നോക്കിയ ജി42 5ജിയ്ക്കുണ്ട്.
ഇതിനോടകം നിരവധി രാജ്യങ്ങളിൽ ലോഞ്ച് ചെയ്തിട്ടുള്ള നോക്കിയ ജി42 5ജി 18,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 6.56 ഇഞ്ച് HD+ 90Hz ഡിസ്‌പ്ലേ(LCD), ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് ചിപ്പ്, 50MP റിയർ ക്യാമറ, 8MP സെൽഫി ക്യാമറ, 5,000mAh ബാറ്ററി, 20W ചാർജിംഗ് പിന്തുണ എന്നിവയെല്ലാം ഇതിലുണ്ട്.
ഐഫോൺ 15 സീരീസ് ( iPhone 15 Series): സെപ്റ്റംബർ 12 ചൊവ്വാഴ്ചയാണ് പുതിയ ഐഫോൺ 15 സീരീസ് പുറത്തിറങ്ങുന്നത്. എന്തൊക്കെ അദ്ഭുതങ്ങളാണ് പുതിയ ഐഫോണിൽ ആപ്പിൾ ഒളിപ്പിച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത് ഇത്തവണ 5 മോഡലുകൾ ആപ്പിൾ പുറത്തിറക്കും എന്നാണ്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയാണ് ഐഫോൺ 15 സീരീസിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഐഫോൺ 15 അൾട്ര എന്നൊരു മോഡൽ കൂടി ആപ്പിൾ പുറത്തിറക്കും എന്നാണ് ചില ടിപ്സ്റ്റർമാർ അവകാശപ്പെടുന്നത്. പുതിയ ഫോണുകളെപ്പറ്റി യാതൊരു വിവരവും ആപ്പിൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എങ്കിലും ആഗോളതലത്തിൽ പുറത്തിറക്കുന്ന 4 ഐഫോണുകളിലും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഡൈനാമിക് ഐലൻഡും ഉണ്ടായിരിക്കും. പ്രത്യേകിച്ച് പ്രോ മോഡലുകൾ ഒരു ആക്ഷൻ ബട്ടണുമായി വരുന്നു. കൂടാതെ, അൾട്ര മോഡലിൽ ഒരു പെരിസ്കോപ്പ് സൂം ക്യാമറ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ആപ്പിൾ വാച്ച് ഉൾപ്പെടെയുള്ള മറ്റ് ആപ്പിൾ ഡിവൈസുകളും ഇതോടൊപ്പം ലോഞ്ച് ചെയ്യും.
മിസ്റ്റീരിയസ് ഹോണർ ഫോൾഡബിൾ: സെപ്റ്റംബർ 13 ബുധനാഴ്ച ഹോണർ ചൈനയിൽ ഒരു ലോഞ്ച് ഇവന്റ് നടത്തുണ്ട്. ഹോണറിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോൺ ഈ ഇവന്റിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ മോഡലിന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഹോണർ 90 5ജി ( Honor 90 5G): സെപ്റ്റംബർ 14 വ്യാഴാഴ്ച ഹോണർ 90 5ജി കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്കുള്ള ഹോണറിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന മോഡലാകും ഹോണർ 90 5ജി. ഇതിനകം പല രാജ്യങ്ങളിലും ലഭ്യമായതിനാൽ ഈ ഫോണിന്റെ ഫീച്ചർ വിവരങ്ങൾ ലഭ്യമാണ്.

39,000 രൂപ ബജറ്റിൽ ഹോണർ 90 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ ചിപ്സെറ്റ്, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് 1.5K കർവ്ഡ് ഡിസ്‌പ്ലേ, 200MP റിയർ ക്യാമറ, 50MP സെൽഫി ക്യാമറ, ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, 5000mAh ബാറ്ററി, 66W ചാർജിംഗ് എന്നിവ ഇതിലുണ്ടാകും.
സാംസങ് ഡബ്ലു24 സീരീസ് ( Samsung W24 Series ): സെപ്റ്റംബർ 15 വെള്ളിയാഴ്ച ചൈനയിൽ പുതിയ W സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് സാംസങ് സ്ഥിരീകരിച്ചു. പുതിയ ഫോണുകൾ സാംസങ് W24 എന്നും സാംസങ് W24 Flip എന്നും വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ലീക്ക് റിപ്പോർട്ടുകളുടെയും മുമ്പത്തെ W സീരീസ് ഹാൻഡ്‌സെറ്റുകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ, W24, W24 ഫ്ലിപ്പ് എന്നിവ യഥാക്രമം ഗാലക്സി Z ഫോൾഡ് 5, ഗാലക്സി Z ഫ്ലിപ് 5 എന്നിവയുടെ പ്രീമിയം പതിപ്പായിരിക്കും. പ്രധാന സവിശേഷതകൾ ഇവയിൽ ഒരുപോലെയായിരിക്കും. എന്നാൽ ഡിസൈൻ വ്യത്യസ്തമായിരിക്കും.
ഓപ്പോ എ2 പ്രോ( Oppo A2 Pro): സെപ്റ്റംബർ 15 വെള്ളിയാഴ്ച ഓപ്പോ എ2 പ്രോ ചൈനയിൽ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം 6.7-ഇഞ്ച് FHD+ 120Hz കർവ്ഡ് ഡിസ്‌പ്ലേ, 12 ജിബി റാം, 512 ജിബി സ്റ്റോറേജ്, 5,000mAh ബാറ്ററി എന്നിവ ഇതിൽ ഉണ്ടാകും. എന്നാൽ ചിപ്‌സെറ്റിനെക്കുറിച്ച് ഒരു വിവരവുമില്ല.


Click it and Unblock the Notifications








