വമ്പൻ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട, വില കുറവായിരിക്കും! ഗൂഗിൾ പിക്സൽ 10a ലീക്ക് വിവരങ്ങൾ
ഗൂഗിൾ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ അണിനിരന്ന പിക്സൽ 10 സീരീസ് ഈ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെശയ്തിരുന്നു. ഈ നിരയിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ പിക്സൽ 10 ആയിരുന്നു. ഇതിന്റെ അടിസ്ഥാന വേരിയന്റിന് 79,999 രൂപയാണ് ഇന്ത്യയിലെ വില. അതായത് ഒരു പിക്സൽ 10 സീരീസ് സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ ഔദ്യോഗിക വില പ്രകാരം കുറഞ്ഞത് 79999 രൂപ നൽകണം. ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണെങ്കിൽ വില ചെറുതായി കുറയും എന്നുമാത്രം. എന്നാൽ ഇത്രയും ഉയർന്ന തുക മുടക്കാൻ കഴിയാത്ത ഗൂഗിൾ പിക്സൽ ഫോൺ ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു പിക്സൽ ഫോണിന്റെ ലോഞ്ചിനായാണ്.
ആപ്പിൾ, സാംസങ് എന്നീ വമ്പൻ ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം മോഡലുകളോട് അനുബന്ധമായി ഒരു വില കുറഞ്ഞ വേരിയന്റും പിന്നീട് അവതരിപ്പിക്കാറുണ്ട്. അതായത് പ്രീമിയം മോഡലുകളോട് ചേർന്നുനിൽക്കുന്ന ഫീച്ചറുകളുള്ള ഒരു സ്മാർട്ട്ഫോൺ ഓപ്ഷൻ പ്രീമിയം മോഡലുകളുടെ വിലയെക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ അവതരിപ്പിക്കാറുണ്ട്.

സാംസങ്ങിന്റെ കാര്യമെടുത്താൽ FE (ഫാൻ എഡിഷൻ) എന്ന പേരിലാണ് ഈ വില കുറഞ്ഞ പ്രീമിയം മോഡലുകൾ എത്തിയിരുന്നത്. ആപ്പിളിന്റെ കാര്യമെടുത്താൽ SE (സ്പെഷൽ എഡിഷൻ) എന്ന പേരിലാണ് ഈ മോഡലുകൾ എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഐഫോൺ 16 സീരീസ് എത്തിയപ്പോഴേക്കും ആപ്പിൾ അത് E മോഡലായിട്ടാണ് അവതരിപ്പിച്ചത്. അതായത് ഐഫോൺ 16e മോഡലാണ് 16 സീരീസിന്റെ ബജറ്റ് ഓപ്ഷനായി എത്തിയത്.
ഇതുപോലെ ഗൂഗിളും തങ്ങളുടെ പ്രീമിയം മോഡൽ വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാനായി അൽപ്പം കുറഞ്ഞ വിലയിൽ സ്പെഷൽ സ്മാർട്ട്ഫോൺ പുറത്തിറക്കാറുണ്ട്. a സീരീസിലാണ് ഈ ഫോണുകൾ എത്തുക. പിക്സൽ 7a, 8a, 9a എന്നിവയെല്ലാം ഇത്തരത്തിൽ അവതരിപ്പിക്കപ്പെടുകയും ഉപയോക്താക്കൾ ഏറ്റെടുക്കുകയും ചെയ്ത മോഡലുകളാണ്.
ഇപ്പോൾ പിക്സൽ 10 സീരീസ് ലോഞ്ച് കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴേക്ക് പിക്സൽ എ സീരീസിൽ അടുത്തതായി എത്താൽ പോകുന്ന പിക്സൽ 10a മോഡലിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിൽ നിന്നുള്ള ഒരു റിപ്പോർട്ട് വരാനിരിക്കുന്ന ഈ ഗൂഗിൾ ഹാൻഡ്‌സെറ്റിന്റെ റെൻഡറുകൾ പുറത്തുവിട്ടിരിക്കുന്നു.
പിക്സൽ 9 മോഡലിനെ അപേക്ഷിച്ച് ഇത്തവണ കാര്യമായ മാറ്റങ്ങൾ പിക്സൽ 10a മോഡലിൽ കൊണ്ടുവരാൻ ഗൂഗിൾ ഉദ്ദേശിക്കുന്നില്ല എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ചില ഓൺലൈൻ റിപ്പോർട്ടുകൾ അഭിപ്രായപ്പെടുന്നു. പിക്സൽ 9a യ്ക്ക് സമാനമായ ഡിസൈൻ തന്നെയാണ് പിക്സൽ 10aയുടേത് എന്ന പേരിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രത്തിലുമുള്ളത്.
പുറത്തുവന്ന പിക്സൽ 10a ചിത്രത്തിൽ ക്യാമറ മൊഡ്യൂൾ റിയർ പാനലുമായി പൂർണ്ണമായും ഫ്ലഷ് ചെയ്തിരിക്കുന്നതായി കാണുന്നു. പിക്സൽ 9a യിലും സമാനമായ ഒരു ക്യാമറ മൊഡ്യൂൾ ആയിരുന്നെങ്കിലും അതിൽ ഒരു ചെറിയ ബമ്പ് ഉണ്ടായിരുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് വരാൻ പോകുന്ന മോഡലിന്റെ ഫ്രണ്ട് ബെസലുകൾ സ്ലിം ആണ്. നേരിയ വലിപ്പ വർധനവിന് ഇത് ഇടയാക്കും എന്ന് വിലയിരുത്തപ്പെടുന്നു.

വോളിയത്തിന്റെയും പവർ ബട്ടണുകളുടെയും സ്ഥാനം മുൻ മോഡലിലേത് പോലെ തന്നെ. ഹാർഡ്വെയർ ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ, കഴിഞ്ഞ വർഷത്തെ പിക്സൽ 9aയിലെ ടെൻസർ G4 ചിപ്‌സെറ്റ് തന്നെ പിക്സൽ 10a മോഡലിലും ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പിക്സൽ 10 സീരീസിലെ ടെൻസർ G5 പ്രോസസർ പിക്സൽ 10a മോഡലിൽ ഉപയോഗിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടാവില്ലെന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാനാകുന്നത്.
G5 ചിപ്‌സെറ്റിന്റെ വില അൽപ്പം കൂടുതലാണ്. അതിനാൽ കുറഞ്ഞ വിലയിൽ അവതരിപ്പിക്കാൻ തയാറാക്കുന്ന a മോഡലിൽ നിന്ന് G5 ചിപ്‌സെറ്റ് ഒഴിവാക്കപ്പെട്ടു എന്നാണ് സൂചന. എങ്കിലും പിക്സൽ 10aയിൽ നൽകുന്ന G4 ഒരു 'ബൂസ്റ്റ്ഡ്' പതിപ്പാണെന്നും അതിനാൽ മുൻ മോഡലിനെക്കാൾ പെർഫോമൻസ് ഉണ്ടാകുമെന്നും പറയപ്പെടുന്നു. 9mm ആയിരിക്കും പിക്സൽ 10a യുടെ കനമെന്നാണ് സൂചന, ഇത് പിക്സൽ 9aയുടെ 8.9mm കനത്തെക്കാൾ അൽപ്പം കൂടുതലാണ്.
ബാറ്ററിയുടെ കാര്യമെടുത്താൽ, പിക്സൽ 9a മോഡലിൽ ഉണ്ടായിരുന്ന അതേ 5,100mAh ബാറ്ററി പിക്സൽ 10a യിലും നിലനിർത്തിയേക്കാം. വരാൻ പോകുന്ന പിക്സൽ 10aയുടെ വില സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. മുൻഗാമിയായ പിക്സൽ 9a ഇന്ത്യയിൽ 49,999 രൂപയ്ക്കാണ് എത്തിയത്. 2026 മാർച്ചിൽ പുതിയ പിക്സൽ 10a ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








