2023ൽ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നാം കഴിഞ്ഞ ലേഖനങ്ങളിലൊന്നിൽ ചർച്ച ചെയ്തിരുന്നു. ബാറ്ററി കപ്പാസിറ്റി മുതൽ ഹാർഡ്വെയർ, പ്രോസസർ വരെ ഈ സെലക്ഷൻ പ്രോസസിൽ നിർണായകമാണെന്ന കാര്യം ഇപ്പോൾ വായനക്കാർക്ക് അറിയാമെന്ന് കരുതുന്നു. അതവിടെ നിൽക്കട്ടെ, നമ്മുക്ക് ആൻഡ്രോയിഡ് വിപണിയിലുള്ള ഏറ്റവും മികച്ച ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
പിക്സൽ 7 പ്രോ

ചില റാങ്കിങുകൾ ഐഫോൺ 14 പ്രോ മാക്സിലും മികച്ച ക്യാമറ പെർഫോമൻസുണ്ടെന്ന് വിലയിരുത്തുന്ന ഡിവൈസ്. ആൻഡ്രോയിഡ് ഒഎസ് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഗൂഗിളിന്റെ ടെൻസർ ജി2 ചിപ്പ്സെറ്റാണുള്ളത്. പ്രീമിയം ഡിവൈസുകളിൽ അത്യാവശ്യം അഫോർഡബിൾ ആണെന്നതും പിക്സൽ 7 പ്രോയുടെ സവിശേഷതയാണ്. പിക്സൽ 7 പ്രോയിലെ മിക്കവാറും ഫീച്ചറുകളുമായി വരുന്ന പിക്സൽ 7 സ്മാർട്ട്ഫോൺ പോക്കറ്റ് ഫ്രണ്ട്ലിയായ ഓപ്ഷനാണ്. ഉടൻ ലോഞ്ച് പ്രതീക്ഷിക്കുന്ന പിക്സൽ 7എ സ്മാർട്ട്ഫോണും പരിഗണിക്കാവുന്നതാണ്.
വണ്‍പ്ലസ് 11 5ജി

പ്രീമിയം സെഗ്മെന്റിലെ കരുത്തുറ്റ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 11 5ജി. അത്യാവശ്യം വലിയ സ്‌ക്രീനും ശേഷിയേറിയ ക്യാമറകളും മികച്ച പെർഫോമൻസുമൊക്കെയുളള ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വൺപ്ലസ് 11 5ജി വാങ്ങാവുന്നതാണ്. ഏറെ നേരം നീണ്ട് നിൽക്കുന്ന ഗെയിമിങ്ങിനിടയിൽ പോലും ഡിവൈസ് അധികം ഹീറ്റാകുന്നതായി കേട്ടിട്ട് പോലുമില്ല. സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റ് മികച്ച പെർഫോമൻസ് നൽകുന്നുണ്ട്.
ഹസൽബ്ലാഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത എണ്ണം പറഞ്ഞ ക്യാമറകളും വൺപ്ലസ് 11 5ജി ഫോണിന്റെ സവിശേഷതയാണ്. 6.7 ഇഞ്ച് വരുന്ന അമോലെഡ് എൽടിപി03 ഡിസ്പ്ലെ 2കെ റെസല്യൂഷൻ, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയും ഫീച്ചർ ചെയ്യുന്നുണ്ട്. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഡിവൈസ് 20 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകാൻ സഹായിക്കുന്നുണ്ട്.
സാംസങ് ഗാലക്‌സി എസ്23 അൾട്ര

ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണ്‍ എന്ന സെഗ്മെന്റിന് പുതിയ സ്റ്റാൻഡേർഡ് കൊണ്ട് വന്ന ഡിവൈസാണ് സാംസങ് ഗാലക്‌സി എസ്23 അൾട്ര. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ, ഐഫോണുകളോട് നേരിറ്റേട്ടുമുട്ടാൻ നെഞ്ചുറപ്പുള്ള ഏക ആൻഡ്രോയിഡ് ഡിവൈസ് എന്നിങ്ങനെ ഏറെ വിശേഷണങ്ങളുമുണ്ട് സാംസങ് ഗാലക്‌സി എസ്23 അൾട്രയ്ക്ക്. 6.8 ഇഞ്ച് വരുന്ന പടുകൂറ്റൻ ഒഎൽഇഡി ഡിസ്പ്ലെയാണ് ഫോണിലുള്ളത്.
എണ്ണം പറഞ്ഞ സ്ക്രീൻ ടെക്നോളജികളും ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 200 എംപിയുടെ വൈഡ് ആംഗിൾ ക്യാമറ, 12 എംപി അൾട്ര വൈഡ് ക്യാമറ, 10x ഒപ്റ്റിക്കൽ സൂമുള്ള 10 എംപി ടെലിഫോട്ടോ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള രണ്ടാമതൊരു ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഡിവൈസിലെ റിയർ ക്യാമറ സെറ്റപ്പ്. നല്ലൊരു സെൽഫി ക്യാമറയും എസ്-പെൻ സ്റ്റൈലസും സാംസങ് ഗാലക്‌സി എസ്23 അൾട്രയിലുണ്ട്.
ഗാലക്‌സി Z ഫോള്‍ഡ് 4

ഫോൾഡബിൾ ഫോണുകളുടെ തമ്പുരാനാരെന്ന ചോദ്യത്തിന് നിലവിൽ ഒരൊറ്റ ഉത്തരം മാത്രമാണുള്ളത്. സാക്ഷാൽ സാംസങ് ഗാലക്‌സി Z ഫോൾഡ് 4. അത്രയും മികച്ച ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയെല്ലാം ഗാലക്‌സി Z ഫോൾഡ് 4-ന്റെ പ്രത്യേകതയാണ്. ഗാലക്‌സി Z ഫ്ലിപ്പ് സീരീസിലെ ഫോണുകൾ കൂടുതൽ സ്റ്റൈലിഷ് ആണെങ്കിൽ Z ഫോൾഡ് 4 പെർഫോമൻസിൽ രാജാവാണ്. രണ്ടോ മൂന്നോ സ്മാർട്ട്ഫോണുകൾ ഒന്നിച്ച് ചേർന്നാൽ എങ്ങനെയിരിക്കുമോ അത്രയും മികച്ച പെർഫോമറാണ് ഗാലക്‌സി Z ഫോൾഡ് 4.


Click it and Unblock the Notifications








