ആൻഡ്രോയിഡ് തറവാട്ടിലെ ഇളമുറത്തമ്പുരാൻ; ഗൂഗിൾ പിക്സൽ 7എ ഇന്ത്യയിലെത്തി | Google Pixel 7a
കാത്തിരിപ്പിനൊടുവിൽ Google Pixel 7a സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പിക്സൽ 6എയുടെ പിൻഗാമി എന്ന നിലയിൽ എത്തുന്ന ഡിവൈസിന് 43,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. എന്നാൽ ഗൂഗിളിന്റെ ഏറ്റവും അഫോർഡബിളായ 5ജി സ്മാർട്ട്ഫോൺ ബാങ്ക് ഓഫറുകൾ ഉപയോഗപ്പെടുത്തി ഇപ്പോൾ 39,999 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയും.
ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ്, ഗൂഗിൾ ഐ/ഒ ഇവന്റിൽ വച്ചാണ് പുത്തൻ മിഡ് റേഞ്ച് ഫോണായ പിക്സൽ 7എ പുറത്തിറക്കിയത്. പിക്സൽ 6എയുടെ പിൻഗാമിയെ, 6എയുടെ അതേ പ്രൈസ് ടാഗും ഒട്ടിച്ച് തന്നെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡിസൈൻ ഫീച്ചറുകളിൽ 'പിക്സൽ ടച്ച്' നിലനിർത്തിയിട്ടുള്ള ഫോണിൽ ഗൂഗിളിന്റെ തന്നെ പ്രോസസറായ ഗൂഗിൾ ടെൻസർ ജി2 ആണ് കമ്പനി നൽകിയിരിക്കുന്നത്.

വലിയൊരു ഹൈപ്പ് നൽകിയാണ് ഗൂഗിൾ, പിക്സൽ 7എ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണുകൾ വാങ്ങാൻ കഴിയും. ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സും വിശദമായി മനസിലാക്കാനും ഏറ്റവും മികച്ച ഡീലുകൾ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ ഡിവൈസ് സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാനും തുടർന്ന് വായിക്കുക.
ഗൂഗിൾ പിക്സൽ 7എ വിലയും ലഭ്യതയും : ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ സ്മാർട്ട്ഫോണിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റ് മാത്രമാണ് ഉള്ളത്. ചാർക്കോൾ, സീ, സ്നോ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും ഫോൺ ലഭ്യമാകും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ കൈയ്യിലുള്ളവർക്ക് ഒറ്റയടിക്ക് 4,000 രൂപയുടെ ഡിസ്കൌണ്ടാണ് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നത്. ഇത് വഴി ഡിവൈസിന്റെ എഫക്റ്റീവ് പ്രൈസ് 39,999 രൂപയായി കുറയും.

എക്സ്ചേഞ്ച് ഓഫറുകളും ഫോണിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. കൈയ്യിലൊരു പഴയ ഫോൺ ഉണ്ടെങ്കിൽ ഇതിലും കുറഞ്ഞ നിരക്കിൽ ഗൂഗിൾ പിക്സൽ 7എ സ്വന്തമാക്കാവുന്നതാണ്. പഴയ ഫോണുകൾക്ക് പരമാവധി 32,000 രൂപയാണ് എക്സ്ചേഞ്ച് മൂല്യം ലഭിക്കുന്നത്. ഇത്രയും രൂപ എക്സ്ചേഞ്ച് മൂല്യം എന്ന നിലയിൽ ലഭിക്കണമെങ്കിൽ എക്സ്ചേഞ്ച് ചെയ്യുന്ന ഫോൺ പുതിയ മോഡലുകളിൽ ഒന്നായിരിക്കണം. ഒരുപാട് പഴയ ഫോണുകൾക്കും പ്രവർത്തിക്കാത്ത ഡിവൈസുകൾക്കുമൊന്നും വലിയ എക്സ്ചേഞ്ച് മൂല്യം കിട്ടില്ല.
ഗൂഗിൾ പിക്സൽ 7എ ഫീച്ചറുകൾ : 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ലഭ്യമാക്കിയിരിക്കുന്നു. ഗൂഗിൾ ടെൻസർ ജി2 ചിപ്പസെറ്റാണ് ഡിവെസിന്റെ ഹൃദയം. അഡാപ്റ്റീവ് ബാറ്ററി മോഡിൽ ഫോൺ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് അവകാശവാദം. എക്‌സ്ട്രീം ബാറ്ററി സേവർ മോഡിൽ ബാറ്ററി 72 മണിക്കൂർ വരെ ഉപയോഗിക്കാം. വയർലെസ് ചാർജിങ് സപ്പോർട്ടും ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിലുണ്ട്.
ഗൂഗിൾ പിക്‌സൽ 7 സ്മാർട്ട്ഫോണിന് സമാനമായ ഡിസൈനാണ് ഈ ഫോണിലുമുള്ളത്. സ്മൂത്തായിട്ടുള്ള ബാക്ക് പാനലും മെറ്റൽ ഫ്രെയിമും ഫോണിലുണ്ട്. റിയർ പാനലിലെ ക്യാമറ ബാറിൽ 64 എംപി പ്രൈമറി റിയർ ക്യാമറയും 13 എംപി അൾട്രവൈഡ് ക്യാമറയും പ്ലേസ് ചെയ്തിരിക്കുന്നു. ഫോട്ടോ അൺബ്ലർ, മാജിക് ഇറേസർ, നൈറ്റ് സൈറ്റ് തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിൽ റൺ ചെയ്യുന്ന ഫോണിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








