പിക്സൽ 7എ സ്മാർട്ട്ഫോൺ മെയ് 11 -ന് ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം | Pixel 7a
പിക്സൽ സീരീസിലെ പുത്തൻ സ്മാർട്ട്ഫോൺ Pixel 7a മെയ് 11 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. പിക്സൽ 6എ സ്മാർട്ട്ഫോണിന്റെ പിൻഗാമിയായ പുതിയ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി കമ്പനി സ്ഥിരികരിച്ചിട്ടുമുണ്ട്. ഏത് ഫോണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ടീസർ ചിത്രവും ലീക്ക് റിപ്പോർട്ടുകളും പിക്സൽ 7എയിലേക്ക് തന്നെ വിരൽ ചൂണ്ടുന്നു.
ആഗോള വിപണികളിൽ മെയ് 10 -ന് നടക്കുന്ന I/O ഡെവലപ്പർ കോൺഫറൻസിൽ ഗൂഗിൾ പിക്സൽ 7എ അവതരിപ്പിക്കും. എല്ലാ വർഷവും നടക്കുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ എ സീരീസ് ഫോൺ അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ പതിവുമാണ്. ഈ സാധ്യതകളെല്ലാം പിക്സൽ 6എ സ്മാർട്ട്ഫോണിന്റെ പിൻഗാമിയുടെ അവതാരപ്പിറവിക്ക് അധികം വൈകില്ലെന്ന് വ്യക്തമാക്കുന്നു. പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ പിക്സൽ ഡിവൈസുകൾക്ക് വലിയ സ്വീകാര്യതയും യൂസർ ബേസുമുണ്ടെന്നതാണ് യാഥാർഥ്യം.

രാജ്യത്ത് പിക്സൽ 7എ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിറ്റഴിക്കുക. ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. അതിനാൽ തന്നെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്ത് വന്നേക്കാമെങ്കിലും നിലവിൽ പ്രതീക്ഷിക്കാവുന്ന നിരക്ക് എത്രയാണെന്ന് നോക്കാം. 50,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ തന്നെയാകും പിക്സൽ 7എ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. പിക്സൽ 6എ സ്മാർട്ട്ഫോൺ 43,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തതെന്ന് ഓർക്കണം.
ഒരു പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്ന സമയത്ത് മാർക്കറ്റിൽ ഏത് വിധത്തിൽ പെർഫോം എന്ന് തീരുമാനിക്കുന്നതിൽ അതിന്റെ വിലയും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് ഗൂഗിൾ പിക്സൽ 6എയുടെ കാര്യം തന്നെ പരിഗണിക്കാം. ലോഞ്ച് ചെയ്ത സമയത്ത് 6എ സ്മാർട്ട്ഫോണിന് വില ഒരുപാട് കൂടുതൽ ആണെന്ന പ്രതീതി ഉയർന്നിരുന്നു. പക്ഷെ പിന്നീട് വിലയിൽ വലിയ കുറവ് വരുത്തിയതോടെ പിക്സൽ 6എ സ്മാർട്ട്ഫോണുകൾ ചൂടപ്പം പോലെ വിറ്റുപോയി.
ഫ്ലിപ്പ്കാർട്ടിൽ 40,000 രൂപയിൽ താഴെ വിലയിൽ വിറ്റഴിച്ച ഫോൺ ലോഞ്ച് ചെയ്ത് എതാനും മാസങ്ങൾക്കുള്ളിൽ 35,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കാനും തുടങ്ങിയിരുന്നു. ഇതിന് ശേഷം പിക്സൽ 6എയുടെ വിൽപ്പന വലിയ രീതിയിൽ കൂടുകയും ചെയ്തു. ഗൂഗിൾ പിക്സൽ 7 സീരീസ്, പിക്സൽ 6എ സ്മാർട്ട്ഫോണുകൾ തങ്ങൾക്ക് വലിയ വരുമാന നേട്ടം ഉണ്ടാക്കിയതായി ഗൂഗിൾ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ പിക്സൽ 7എ സ്മാർട്ട്ഫോണുകളിൽ കമ്പനി വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്.
ഏകദേശം 40,000 രൂപയ്ക്കോ അതിൽ കുറഞ്ഞ നിരക്കിലോ പിക്സൽ 6എ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വേണമെങ്കിൽ നമ്മുക്ക് ആഗ്രഹിക്കാവുന്നതാണ്. എന്നാൽ ഗൂഗിളിന്റെ മുൻകാല സമീപനം പരിഗണിച്ചാൽ ഇതിന് സാധ്യതയില്ലെന്നതാണ് യാഥാർഥ്യം. ആഗോള വിപണിയിൽ ഏകദേശം 37,100 രൂപ മുതൽ 41,200 രൂപ വരെ പിക്സൽ 7എ സ്മാർട്ട്ഫോണുകൾക്ക് വില പ്രതീക്ഷിക്കാവുന്നതാണ്. ഇതിൽ ചെറിയ വ്യത്യാസങ്ങളും പ്രതീക്ഷിക്കാം.
ഈ നിരക്കുകളിൽ പിക്സൽ 7എ ആഗോള വിപണിയിൽ എത്തിയാലും ഇന്ത്യക്കാർ കൂടുതൽ പണം നൽകേണ്ടി വരുമെന്നതാണ് യാഥാർഥ്യം. രാജ്യത്തെ കസ്റ്റംസ് നിരക്കുകളും മറ്റും പരിഗണിക്കുമ്പോൾ തന്നെ വിലയിൽ ഏതാണ്ട് 7,000 രൂപയുടെ അന്തരം പ്രതീക്ഷിക്കാവുന്നതാണ്. നേരത്തെ സംഭവിച്ച തെറ്റുകളിൽ നിന്ന് ഗൂഗിൾ പാഠം ഉൾക്കൊള്ളുമോ അതോ പ്രീമിയം പ്രൈസ് ടാഗ് നില നിർത്തുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.


Click it and Unblock the Notifications








