ഗൂഗിൾ ഉണ്ടാക്കിവിട്ടത് കളിപ്പാട്ടമല്ല, ഒന്നാന്തരം സ്മാർട്ട്ഫോൺ; ബാറ്ററി ചത്താലും ഇനി ഫോൺ കണ്ടെത്താം
സെർച്ച് എൻജിൻ ഭീമൻ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ടെക്നോളജി മേഖലയിലെ വൻ ശക്തികളിലൊന്നുകൂടിയാണ് ഗൂഗിൾ. എഐ അടക്കം പുതിയ ടെക്നോളജികളുമായി ബന്ധപ്പെട്ട് നിർണായകമായ പല ഗവേഷണങ്ങളും ഗൂഗിൾ നടത്തുന്നുണ്ട്. ഇത് കൂടാതെ സ്മാർട്ട്ഫോൺ നിർമാണ മേഖലയിലും ഗൂഗിൾ ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
സ്മാർട്ട്ഫോണിൽ പുതിയ ടെക്നോളജികൾ അവതരിപ്പിക്കാൻ ആപ്പിളിനെപ്പോലെ ഗൂഗിളും ആഗ്രഹിക്കുന്നു. അതിനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ ഗൂഗിളിന്റെ സ്റ്റാൻഡേർഡ് നിലനിർത്തും വിധത്തിൽ മികച്ച ഫീച്ചറുകളുമായി തന്നെയാണ് പുറത്തിറങ്ങുന്നത്. എങ്കിലും ഐഫോണുകൾ പോലെയോ സാംസങ് ഗാലക്സി അൾട്ര മോഡലുകൾ പോലെയോ ജനപ്രീതി നേടാൻ അവയ്ക്കായിട്ടില്ല.

സാധാരണക്കാർക്കിടയിൽ പൊതുവിൽ അത്ര സ്വാധീനം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടെക്നോളജി പ്രേമികളായിട്ടുള്ള ആളുകൾക്കിടയിൽ പിക്സൽ ഫോണുകൾ ശ്രദ്ധനേടിയിട്ടുണ്ട്. പിക്സൽ ഫോണുകളെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകൾ ഇന്ന് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിലുണ്ട്. പുതിയ പിക്സൽ 8എയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ടെക്നോളജി രംഗത്തെ വമ്പനായ ഗൂഗിൾ ഒരു ഫോൺ ഇറക്കുമ്പോൾ അത് വെറും ഫോൺ ആയിരിക്കാൻ പാടില്ലല്ലോ!
സ്മാർട്ട്ഫോൺ രംഗത്ത് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഗൂഗിളിന്റെ ഗവേഷക ടീം നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. എഐയുമായി ബന്ധപ്പെട്ടൊക്കെ നിരവധി പുതിയ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാലും കണ്ടെത്താൻ സഹായിക്കുന്ന ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് ഫീച്ചർ കൂടുതൽ നവീകരിച്ച് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നു.

പവർ ഡൗണായിരിക്കുമ്പോഴോ ബാറ്ററി തീർന്നതിനുശേഷമോ പോലും ഫോൺ കണ്ടെത്താനാകും എന്നതാണ് ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കിൽ പുതിയതായി കൂട്ടിചേർത്തിരിക്കുന്ന കഴിവ്. ഈ ഓഫ്‌ലൈൻ ട്രാക്കിംഗ് ഫീച്ചർ ഗൂഗിളിൻ്റെ ഏറ്റവും പുതിയ പിക്‌സൽ 8 സീരീസ് ഫോണുകളായ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയിലാണ് ലഭ്യമാകുക.
പിക്സൽ 8 സീരീസ് ഫോണുകളിലെ സ്പെഷ്യലൈസ്ഡ് പിക്സൽ ഹാർഡ്‌വെയർ വഴിയാണ് പുതിയ ഫീച്ചർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത് എന്ന് ഗൂഗിൾ പറയുന്നു. ഈ ഫോണുകളിൽ ഏതാനും മണിക്കൂറുകളോളം നിൽക്കുന്ന റിസർവ് പവർ ഉണ്ട്. ഇത് ബ്ലൂടൂത്ത് ചിപ്പിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ബാറ്ററി തീർന്നാലും ഫോൺ കണ്ടെത്താൻ ഏതാനും മണിക്കൂറുകൾ കൂടി നൽകാൻ ഇതുവഴി സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
ഇപ്പോൾ പിക്സൽ 8 സീരീസിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത് എങ്കിലും, ഭാവിയിലെ പിക്സൽ ഫോൾഡ് -2, പിക്സൽ-9, പിക്സൽ-9 പ്രോ സ്മാർട്ട്ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാക്കിയേക്കും. അതേസമയം പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രം ഈ ഫീച്ചർ ഉൾപ്പെടുത്തിയാൽ മതി എന്ന് ഗൂഗിൾ തീരുമാനിച്ചാൽ അടുത്തമാസം പുറത്തിറങ്ങുന്ന പിക്സൽ 8എയിൽ ഓഫ്‌ലൈൻ ലൊക്കേഷൻ ട്രാക്കിങ് ഉണ്ടായേക്കില്ല.

ആപ്പിളും അടുത്തിടെ സമാനമായ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഡാറ്റാ കണക്ഷൻ ഇല്ലാത്തപ്പോഴോ പവർ ഡൗൺ ആയിരിക്കുമ്പോഴോ ഐഫോണുകൾ ട്രാക്ക് ചെയ്യാൻ ഇതുവഴി സാധിക്കും. ഫോൺ നഷ്ടമാകുന്നതും അതിലെ പ്രധാന ഡാറ്റ അപരിചിതരുടെ പക്കൽ എത്തുന്നതും സ്മാർട്ട്ഫോൺ ഉടമകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കൂടി ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിയ ഫീച്ചർ അത്തരം പേടികൾക്ക് ആശ്വാസം പകരും.
ഗൂഗിളിന്റെ ഈ വർഷത്തെ I/O ഇവന്റ് മേയ് 14ന് നടക്കാനിരിക്കുകയാണ്. ഈ ഇവന്റിൽ ആൻഡ്രോയിഡ് 15 ഒഎസിന്റെ ലോഞ്ചും പ്രതീക്ഷിക്കുന്നുണ്ട്. ഒരുപാട് പുതിയ ഫീച്ചറുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് അവതരിപ്പിക്കാൻ കഴിയും വിധത്തിലാണ് ഗൂഗിൾ ആൻഡ്രോയിഡ് 15 ഒഎസ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. പിക്സൽ ഫോണുകളെ കൂടുതൽ ശക്തമാക്കുന്ന പുതിയ ഫീച്ചറുകളും ഈ ഇവന്റിൽ അവതരിപ്പിക്കപ്പെട്ടേക്കാം.


Click it and Unblock the Notifications








