പിക്സൽ 8 സീരീസ് പരിഷ്കരിച്ച് കളറാക്കി ഗൂഗിൾ, സാംസങ്ങിനുള്ള AI പണിയും തെർമോമീറ്ററും കൂട്ടത്തിലുണ്ട്!
ഗൂഗിളിന്റെ പിക്സൽ-8 സീരീസ് ഫോണുകൾ ഇനി പുതിയ ലുക്കിൽ ലഭ്യമാകും. പിക്സൽ 8, പിക്സൽ 8 പ്രോ ഫോണുകൾ മിന്റ് ഗ്രീൻ ഓപ്ഷനിലും ഗൂഗിൾ ലഭ്യമാക്കിയിരിക്കുന്നു. മുൻപ് പിക്സൽ 8 ബ്ലാക്ക്, ഗ്രീൻ, പിങ്ക് കളർഓപ്ഷനുകളിലും പിക്സൽ 8 പ്രോ ബ്ലാക്ക്, ബ്ലൂ കളർഓപ്ഷനുകളിലുമാണ് എത്തിയിരുന്നത്.
പിക്സൽ 8 സീരീസിലെ രണ്ട് മോഡലുകൾക്കും പുതിയ മിന്റ് നിറം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ 128 ജിബി സ്റ്റോറേജ് വേരിയന്റുകൾ മാത്രമാണ് ഈ നിറത്തിൽ ലഭ്യമാകുക. കൂടുതൽ സ്റ്റോറേജുള്ള പിക്സൽ 8 സീരീസ് ഫോണുകൾ വേണമെന്നുള്ളവർക്ക് മുൻപ് ലഭ്യമായിരുന്ന കളർ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കേണ്ടിവരും.

പ്രകൃതിയിൽ കാണപ്പെടുന്ന ഊർജ്ജസ്വലമായ നിറത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കളർവേരിയന്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും ''മനസ്സിനെ ഊർജ്ജസ്വലമായ ശാന്തതയിലേക്ക് ക്ഷണിക്കുന്ന പ്രകാശമാനമായ നിറം'' ആണ് ഇതെന്നും ഗൂഗിളിന്റെ ഡിസൈൻ ടീം പറയുന്നു. അതേസമയം പിക്സൽ സീരീസിലേക്കുള്ള ഈ പുതിയ കൂട്ടിച്ചേർക്കലിനെ ഉപഭോക്താക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.
പുതിയ കളർ ഓപ്ഷന് അപ്പുറം ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകളെ ശക്തമാക്കുന്ന മറ്റൊരു മാറ്റം ഗൂഗിൾ വരുത്തിയിട്ടുണ്ട്. പിക്സൽ 8 സീരീസ് ഫോണുകളിൽ പുതിയ എഐ ഫീച്ചറുകൾ കൊണ്ടുവരുന്നു എന്നതാണ് അത്. പിക്സൽ 8 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തത് തന്നെ ഒട്ടേറെ എഐ ഫീച്ചറുകളുമായാണ്.

എന്നാലിപ്പോൾ സാംസങ് തങ്ങളുടെ ഗാലക്സി എസ്24 സീരീസിൽ പുതിയ എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു. അതിൽ പലതും ഗൂഗിളിന്റെ സഹകരണത്തോടുകൂടിയാണ് അവതരിപ്പിച്ചത്. ഇപ്പോൾ, സാംസങ് എസ്24 സീരീസിൽ അവതരിപ്പിച്ച സർക്കിൾ ടു സെർച്ച് പോലുള്ള എഐ അടിസ്ഥാനമാക്കിയുള്ള സെർച്ചിങ് ഫീച്ചറുകൾ ഗൂഗിൾ തങ്ങളുടെ പിക്സൽ 8 സീരീസിലേക്കും കൊണ്ടുവരുന്നു.
ഗാലക്സി എസ്24 സീരീസിൽ കണ്ട സർക്കിൾ ടു സെർച്ച് ഫീച്ചർ ജനുവരി 31 മുതൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളിലും ലഭ്യമാകും. മറ്റൊരു ആപ്പിലേക്ക് കടക്കാതെ തന്നെ തങ്ങൾ ഡിസ്പ്ലേയിൽ കാണുന്ന എന്തിനെക്കുറിച്ചും അതേ സ്ക്രീനിൽ വച്ചുതന്നെ സെർച്ച് ചെയ്യാൻ കഴിയുന്ന എഐ അധിഷ്ഠിത ഫീച്ചറാണ് സർക്കിൾ ടു സെർച്ച്.
ഹോം സ്ക്രീനിൽ ലോങ് പ്രസ് ചെയ്തശേഷം സെർച്ച് ചെയ്യേണ്ട സബ്ജക്ടിന് ചുറ്റും മാർക്ക് ചെയ്താൽ അത് സെർച്ച് ചെയ്യപ്പെട്ട് വിവരങ്ങൾ മുന്നിലെത്തും എന്നതാണ് സർക്കിൾ ടു സെർച്ച് ഫീച്ചറിന്റെ പ്രത്യേകത. ഇതിന് പുറമേ, ശരീര താപനില അളക്കാൻ ബിൽറ്റ്-ഇൻ തെർമോമീറ്റർ ഉപയോഗിക്കാനുള്ള കഴിവും പിക്സൽ 8 പ്രോയിലേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ഗൂഗിൾ പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുന്ന സമയത്താണ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്, ഇപ്പോൾ 8 പ്രോയിലെ ഈ ഫീച്ചർ "മെഡിക്കൽ-ഗ്രേഡ്" ആണെന്ന് ഗൂഗിൾ അവകാശപ്പെടുന്നു, അതിനർത്ഥം ഗൂഗിളിന്റെ ഈ ഫീച്ചറിന് FDA അംഗീകാരം ലഭിച്ചു എന്നാണ്.
പിക്സൽ 8 പ്രോയുടെ ക്യാമറയ്ക്ക് തൊട്ടുതാഴെയാണ് ടെമ്പറേച്ചർ സെൻസർ സ്ഥിതി ചെയ്യുന്നത്. ഇതിൽ ശരീരത്തിന്റെ താപനില അളക്കാൻ ഇൻഫ്രാറെഡ് റേഡിയേഷൻ ഉപയോഗിക്കുന്നു. ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ഗൂഗിൾ പിക്സൽ ഫോണിലെ താപനില സെൻസറിന് 392°F (200°C) വരെ ചൂടും -4°F (-20°C) വരെ തണുപ്പും പറയാനാകും.
പിക്സൽ 8 സീരീസിൽ മാത്രമല്ല, പഴയ പിക്സൽ ഫോണുകളിലേക്കും ഗൂഗിൾ പുതിയതായി ചില ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. മാജിക് കമ്പോസ് പോലുള്ള എഐ ഫീച്ചറുകൾ പിക്സൽ 6 സീരീസിന് മുകളിലുള്ള സ്മാർട്ട്ഫോണുകളിൽ വൈകാതെ ലഭ്യമാകും. ഗൂഗിൾ ക്രോമിലേക്ക് ടാബ് ഓർഗനൈസർ, ക്രോം എഐ തീമുകൾ, ഹെൽപ് മീ ടു റൈറ്റ് എന്നീ എഐ ഫീച്ചറുകളും അവതരിപ്പിക്കും.


Click it and Unblock the Notifications








