എല്ലാം വളരെ പെട്ടെന്നായിരുന്നു! ഗൂഗിൾ പിക്സൽ 10 വന്നതിന് പിന്നാലെ പിക്സൽ 9 വില കുറഞ്ഞു; പുതിയ വില ഇങ്ങനെ
ഗൂഗിൾ പിക്സൽ സീരീസിലെ പുതിയ ഫോണുകൾ കഴിഞ്ഞ മാസം ലോഞ്ച് ചെയ്യപ്പെടുകയും കഴിഞ്ഞ ആഴ്ച അവയിൽ ചിലത് വിൽപ്പന ആരംഭിക്കുകയും ചെയ്തു. പിക്സൽ 10 സീരീസിൽ ഒരു ഫോൾഡബിൾ മോഡൽ ഉൾപ്പെടെ നാല് മോഡലുകളാണ് ഇത്തവണ എത്തിയത്. അതിൽ ഏറ്റവും വില കുറഞ്ഞ മോഡലായ പിക്സൽ 10 ഫ്ലിപ്പ്കാർട്ടിൽ ട്രെൻഡിങ്ങായി വിൽപ്പന തുടരുകയാണ്. ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് വില. പുതിയ മോഡൽ എത്തിയതിന് പിന്നാലെ മുൻ മോഡലായ പിക്സൽ 9ന്റെ വില കുറഞ്ഞിരിക്കുന്നു എന്ന സന്തോഷ വാർത്തയുമുണ്ട്.
പുതിയ മോഡലുകൾ എത്തുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയുക സ്വാഭാവികമാണ്. എന്നാൽ ഐഫോണിന്റെ കാര്യമെടുത്താൽ 79900 രൂപ വിലയുള്ള ഒരു ഐഫോണിന് പുതിയ മോഡൽ എത്തുമ്പോൾ അതിന്റെ വില കുറയുക 10000 രൂപയാണ്. അതായത് 69900 രൂപയായി പഴയ ഐഫോണിന്റെ വില പുതുക്കി നിശ്ചയിക്കപ്പെടും.

എന്നാൽ ഐഫോണിൽ കാണുന്നതുപോലെയല്ല, അതിനെക്കാൾ മികച്ച വിലക്കുറവാണ് പിക്സൽ 9 മോഡലിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നത്. അതായത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ വില 79,999 രൂപ ആയിരുന്നു. ഇപ്പോൾ 79,999 രൂപ വിലയിൽ പുതിയ പിക്സൽ 10 കിട്ടും.
പിക്സൽ 9 വില
പിക്സൽ 10 വന്നതിന് പിന്നാലെ ഇപ്പോൾ പിക്സൽ 9 ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കുറഞ്ഞ വിലയിൽ ആണ് വിൽക്കുന്നത്. ഇതിൽ ഏറ്റവും വിലക്കുറവ് കാണുന്നത് ആമസോണിൽ ആണ്. ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 9 മോഡൽ 64,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 7000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

പിക്സൽ ഫോണുകളുടെ ഇന്ത്യയിലെ ഔദ്യോഗിക വിൽപ്പനക്കാർ ഫ്ലിപ്പ്കാർട്ട് ആണ്. അതേസമയം ആമസോണിലും പിക്സൽ 9 കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ആമസോണിൽ പിക്സൽ 9ന്റെ വില 56,760 രൂപയാണ്. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 55,260 രൂപ വിലയിൽ ഇത് ഇപ്പോൾ വാങ്ങാനാകും.
ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ പിക്സൽ 9 ന് വലിയ പ്രാധാന്യമുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫീച്ചറുകളോടെ 4,700mAh ബാറ്ററിയാണ് ഇതിലുള്ളത്.
50എംപി പ്രൈമറി ക്യാമറ, 48എംപി അൾട്രാ വൈഡ് ക്യാമറ, 10.5എംപി സെൽഫി ക്യാമറ എന്നിവ പിക്സൽ 9 വാഗ്ദാനം ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് OLED സൂപ്പർ ആക്ച്വ ഡിസ്പ്ലേ, 1,800 nits HDR ബ്രൈറ്റ്നസ്, 2,700 nits പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഗൂഗിൾ ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. അതിനാൽത്തന്നെ ദീർഘകാല ഉപയോഗത്തിന് ഈ ഫോൺ ശക്തനാണ്. ഒബ്സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി കളർ ഓപ്ഷനുകളിൽ പിക്സൽ 9 വാങ്ങാൻ ലഭ്യമാണ്. മികച്ചൊരു പ്രീമിയം സ്മാർട്ട്ഫോൺ വിലക്കുറവിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications







