കാവിലെ പാട്ട് മത്സരത്തിന് റെഡിയാകുന്ന പിക്സൽ 9 പ്രോ; ആദ്യ ചിത്രങ്ങൾ പുറത്ത്
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി എസ്24 സീരീസ് അവതരിപ്പിച്ചിരിക്കുകയാണ്. അതോടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജാവ് എന്ന സ്ഥാനം ഗാലക്സി എസ്23 അൾട്രയിൽ നിന്ന് ഗാലക്സി എസ്24 അൾട്രയിലേക്ക് എത്തിയിരിക്കുന്നു. ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ആണ് എസ്24 അൾട്രയുടെ പ്രധാന എതിരാളി.
സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ ഐഫോണും ഗാലക്സി എസ് സീരീസ് അൾട്ര മോഡലും ആണ്. എന്നാൽ ഈ പതിവിൽ മാറ്റം വരുത്താനും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാനും ഗൂഗിൾ ആഗ്രഹിക്കുന്നു. ആപ്പിളിനെയും സാംസങ്ങിനെയും പോലെ സാധ്യമായ ഏറ്റവും മികച്ച ഫോണുകൾ ഇറക്കാൻ ഗൂഗിളും ശ്രമിക്കുന്നു.

പിക്സൽ സീരീസിൽ മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാംസങ്ങിന്റെയും ആപ്പിളിന്റെയും പ്രീമിയം സ്മാർട്ട്ഫോണുകളോട് പിടിച്ചു നിൽക്കാൻ കഴിയുന്ന ഫോണുകൾ പിക്സൽ നിരയിൽ ഇല്ല. ഈ പോരായ്മ പരിഹരിക്കാനും ജനമനസിൽ ഇടം നേടാനുമുള്ള ഗൂഗിളിന്റെ പരിശ്രമം വരാൻ പോകുന്ന പിക്സൽ 9 സീരീസിലും തുടരും.
2023ൽ ഗൂഗിൾ പുതിയ പിക്സൽ 8 സീരീസ് അവതരിപ്പിക്കുകയുണ്ടായി. അതിന്റെ തുടർച്ചയായുള്ള പിക്സൽ 9 സീരീസ് ഈ വർഷം വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് മോഡലുകൾ പിക്സൽ 9 സീരീസിൽ അവതരിപ്പിക്കപ്പെടും എന്ന് ഉറപ്പാണ്. പിക്സൽ 9 (Pixel 9), പിക്സൽ 9 പ്രോ (Pixel 9 Pro) എന്നിവയായിരിക്കും അവ.
ഇതിൽ പിക്സൽ 9 പ്രോയുടെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ ലീക്കായിരിക്കുകയാണ്. മൈസ്മാർട്ട് പ്രൈസുമായി (MySmartPrice) സഹകരിച്ച്, ഓൺലീക്സിലെ പ്രമുഖ ടിപ്സ്റ്ററായ Steve H.McFly (@OnLeaks) ആണ് ഗൂഗിൾ പിക്സൽ 9 പ്രോയുടെ റെൻഡറുകളും സവിശേഷതകളും ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ മോഡലുകളോട് സാമ്യമുള്ള ഫ്ലാറ്റ് എഡ്ജുകളുമായാണ് ഈ ഹാൻഡ്‌സെറ്റ് എത്തുന്നത് എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
വരാൻ പോകുന്ന പിക്സൽ 9 പ്രോയുടെ രൂപത്തെക്കുറിച്ചും ഡിസ്പ്ലേയെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകാൻ ഇപ്പോൾ പുറത്തുവന്ന ലീക്ക് ചിത്രങ്ങൾ സഹായിക്കുന്നു. 6.5 ഇഞ്ച് തോന്നിക്കുന്ന പഞ്ച്-ഹോൾ ക്യാമറയുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് പിക്‌സൽ 9 പ്രോയിൽ കാണുന്നത്. പിക്സൽ 8 പ്രോയുടെ 6.8 ഇഞ്ച് ഡിസ്പ്ലേയേക്കാൾ ചെറുതായിരിക്കും പിക്സൽ 9 പ്രോയുടെ ഡിസ്പ്ലേ എന്നാണ് സൂചന.
ഫോൺ വളരെ ഒതുക്കമുള്ളതായി കാണപ്പെടുന്നു. നേർത്ത ബെസലുകളും കർവ്ഡ് എഡ്ജുകളുമുള്ള പിക്‌സൽ 8 പ്രോയിൽ നിന്ന് വ്യത്യസ്തമായി ഫ്ലാറ്റ് എഡ്ജുകളാണ് ഇതിലുള്ളത്. ഈ ഡിസൈൻ ഐഫോൺ 15 നെ അനുസ്മരിപ്പിക്കുന്നു. യുഎസ്ബി-സി പോർട്ട്, സ്പീക്കർ ഗ്രിൽ, സിം കാർഡ് ട്രേ എന്നിവ ചുവടെ സ്ഥാപിച്ചിരിക്കുന്നു. പവർ ബട്ടണും വോളിയം കീകളും വലതുവശത്ത് കാണാം.

ഒതുക്കമുള്ള ക്യാമറ യൂണിറ്റിനൊപ്പം റിയർ ക്യാമറകൾക്ക് പുതിയ മേക്ക് ഓവറും പിക്സൽ 9 പ്രോയിൽ ഗൂഗിൾ നൽകിയിരിക്കുന്നു. വൈഡ് ആംഗിൾ ലെൻസ്, ടെലിഫോട്ടോ ലെൻസ്, പെരിസ്‌കോപ്പ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറകൾ പിക്‌സൽ 8 പ്രോയിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. 9 പ്രോയിലെ ക്യാമറ യൂണിറ്റ് മുൻ മോഡലിലേതിനെക്കാൾ മികച്ചതാക്കാൻ ഗൂഗിൾ ശ്രമിക്കുന്നു.
ഗൂഗിളിന്റെ ടെമ്പറേച്ചർ സെൻസർ പിക്സൽ 9 പ്രോയിൽ പ്രതീക്ഷിക്കാമെന്ന് തോന്നുന്നുണ്ട്. കമ്പനിയുടെ ഇൻ-ഹൗസ് ടെൻസർ G4 ചിപ്സെറ്റിനൊപ്പമാകും പിക്സൽ 9 പ്രോ എത്തുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനം. ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്തേക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. പിക്സൽ 9 പ്രോയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Source and Image Credit: MySmartPrice and OnLeaks


Click it and Unblock the Notifications








