ആശ നിറവേറ്റാൻ ഇത് ധാരാളം! പോക്കോ C61 ഇന്ത്യയിലെത്തി, വെറും 6999 രൂപയ്ക്ക് വാങ്ങാം
സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി പോക്കോ C61 (Poco C61) ബജറ്റ് വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ എന്ന നിലയിൽ തിളങ്ങാൻ ആവശ്യമായ ഫീച്ചറുകളോടെയാണ് പോക്കോ സി61 എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വിലക്കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഇനി പോക്കോ സി61 ഉണ്ടാകും.
രണ്ട് വേരിയന്റുകളിൽ ആണ് പോക്കോ സി61 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. അതിൽ അടിസ്ഥാന വേരിയന്റ് 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ വേരിയന്റ് 6 GB റാം +128 GB ഇന്റേണൽ സ്റ്റോറേജ് ആണ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഷവോമി റെഡ്മി A3 യുടെ റീബ്രാൻഡാണ് പോക്കോ സി61 എന്നാണ് റിപ്പോർട്ട്. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, 90Hz ഡിസ്‌പ്ലേ, ആകർഷകമായ ഡിസൈൻ എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പോക്കോ സി61 ന്റെ പ്രധാന പ്രത്യേകത.
പോക്കോ C61 ന്റെ പ്രധാന ഫീച്ചറുകൾ: 6.71 ഇഞ്ച് HD+ IPS LCD സ്‌ക്രീനാണ് ഇതിലുള്ളത്. ടിയർഡ്രോപ്പ് നോച്ചും 90Hz റിഫ്രഷ് റേറ്റും 500 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ബജറ്റ് വിലയിലെത്തുന്ന പോക്കോ സി61 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

6 ജിബി വരെ റാം ഉള്ള മീഡിയടെക് ഹീലിയോ ജി 36 പ്രോസസറാണ് പോക്കോ സി61 സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 6GB വരെ ടർബോ റാമും സി61 വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി തന്നെയാണ് ഈ പോക്കോ ഫോണും പ്രവർത്തിക്കുന്നത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് റിയൽമി സി61ൽ ഉള്ളത്. f/2.0 അപ്പേർച്ചർ ഉള്ള 8MP പ്രൈമറി ക്യാമറയും LED ഫ്ലാഷുള്ള AI ലെൻസും അടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ സെൽഫിക്കായി 5MP ക്യാമറയും നൽകിയിരിക്കുന്നു.
സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സ്കാനർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും പ്രത്യേക മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ഇതിലുണ്ട്. ഡ്യുവൽ സിം, 4ജി, വൈഫൈ 5, ബ്ലൂടൂത്ത് 5.3, ജിഎൻഎസ്എസ് തുടങ്ങിയവ ഒക്കെയാണ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പോക്കോ സി61ൽ ഉള്ള പ്രധാന ഫീച്ചറുകൾ.

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പോക്കോ സി61 അടിസ്ഥാന വേരിയൻ്റിന് 7,499 രൂപയാണ് വില. 6GB+128GB വേരിയൻ്റിന് 8,499 രൂപ നൽകണം. എന്നാൽ തുടക്കത്തിൽ ലോഞ്ച് ഓഫർ ലഭ്യമാകുന്നതിനാൽ യഥാക്രമം 6,999 രൂപയ്ക്കും 7,999 രൂപ വിലകളിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.
മാർച്ച് 28 ന് ഉച്ചയ്ക്ക് 12 മണി മുതൽ പോക്കോ സി61 ന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 500 രൂപയുടെ കൂപ്പണാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് ഫോണിന്റെ രണ്ട് വേരിയന്റുകളുടെയും വില 6,999 രൂപയിലേക്കും 7,999 രൂപയിലേക്കും എത്തിക്കാം.
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പോക്കോ സി61 പരിഗണിക്കാം. എന്നാൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെങ്കിലും ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നുകൂടി മനസിലാക്കിയിരിക്കണം. 7000 രൂപ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന മാന്യമായ ഫീച്ചറുകൾ പോക്കോ സി61 വാഗ്ദാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








