ബജറ്റ് കിങ്! പ്രധാന രഹസ്യം ഒളിവിൽ, പോക്കോ C71 ഏപ്രിൽ 4ന് ഇന്ത്യയിൽ
ബജറ്റ് വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 7000 രൂപയിൽ താഴെ വിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ വാങ്ങുന്നത് ധൈര്യമായി സ്വപ്നം കാണാം, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ ബജറ്റ് സെഗ്മെന്റിൽ ഒരു കിടിലൻ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നതായി അറിയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് സെഗ്മെന്റിലെ സൂപ്പർ ഹിറ്റായി മാറിയ പോക്കോ സി61ന്റെ പിൻഗാമിയായി പോക്കോ സി71 (POCO C71) എന്ന മോഡൽ ആണ് പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്.
ഏപ്രിൽ 4ന് പോക്കോ സി71 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പോക്കോ സ്ഥിരീകരിച്ചു. ഈ ഫോണിനായുള്ള മൈക്രോ സൈറ്റും ഇതിനകം ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 7000 രൂപ സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71ൽ ഉണ്ടാകുക എന്ന് കമ്പനി പറയുന്നു. അതിനാൽത്തന്നെ വരാൻ പോകുന്ന മോഡൽ 7000 രൂപയിൽ താഴെ വിലയിൽ ആകും എത്തുകയെന്ന് ഉറപ്പിക്കാം.

6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുകയെന്ന് പോക്കോ വെളിപ്പെടുത്തുന്നു. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ സർട്ടിഫിക്കേഷനുകൾ എന്നീ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്‌മെന്റിലെ സ്മാർട്ട്ഫോണുകളിൽ കണ്ണിന് ഏറ്റവും അനുയോജ്യമായ ഡിസ്‌പ്ലേ ഉള്ള സ്മാർട്ട്ഫോണും ഇതാണ് എന്ന് കമ്പനി പറയുന്നു.
വെറ്റ് ഡിസ്‌പ്ലേ പിന്തുണയോടെയാണ് പോക്കോ സി71 വരുന്നത്. ഫ്ലാഷി ക്യാമറ ഡെക്കോയുള്ള സ്പ്ലിറ്റ് ഗ്രിഡ് ഡിസൈൻ ആണ് ഈ പോക്കോ ഫോൺ അവതരിപ്പിക്കുക. കൂടാതെ പവർ ബ്ലാക്ക്, കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ് നിറങ്ങളിൽ ഇത് ലഭിക്കും. ബജറ്റ് വിലയിൽ ആണ് എത്തുന്നത് എങ്കിലും ലുക്കിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ടില്ല എന്നാണ് പോക്കോ നിലപാട്.

AnTuTu-യിൽ 300K+ സ്‌കോറുകൾ വാഗ്ദാനം ചെയ്യുന്ന ഒക്ടാ കോർ പ്രോസസറാണ് പോക്കോ സി71 ന് കരുത്ത് പകരുന്നത്, 6GB RAM, 6GB വെർച്വൽ റാം എന്നിവയും ഇതിലുണ്ടാകും. കൂടാതെ 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൈക്രോ എസ്ഡി എക്സ്പാൻഷൻ സ്ലോട്ടും ഇതിലുണ്ടാകും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പോക്കോ സി71 എത്തുന്നത്. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ ബാൻഡ് വൈ ഫൈ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
5200mAh ബാറ്ററിയാണ് പോക്കോ സി71ൽ ഉണ്ടാകുക എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്റിറ ശേഷിയാണ് എന്നാണ് പോക്കോ അവകാശപ്പെടുന്നത്. 15W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. മൂന്ന് വർഷത്തിന് ശേഷവും 80% ബാറ്ററി ലൈഫ് ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് പോക്കോ പറയുന്നു.

എന്നാൽ ഇത്രയും വിവരങ്ങൾ വെളിപ്പെടുത്തിയെങ്കിലും പോക്കോ വ്യക്തമായി വെളിപ്പെടുത്താത്ത ഒരു കാര്യമുണ്ട്. ഇത് ഒരു 4ജി ഫോൺ ആണോ 5ജി ഫോൺ ആണോ എന്നതാണ് അത്. 7000 രൂപയിൽ താഴെ വിലയിൽ എത്തുന്നതിനാൽ ഇത് ഒരു 4ജി ഫോൺ ആയിരിക്കാനാണ് സാധ്യത. ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ മതി എന്നുള്ള സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും ഇത്. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








