ഡിസംബർ 9 ന് ഉച്ചയ്ക്ക് 12 ന് ഒരു ബജറ്റ് 5G ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും, ഇത് പോക്കോയുടെ വാക്ക്!
പോക്കോ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് പോക്കോ സി85 5ജി (POCO C85 5G) എന്ന ഒരു സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞ ദിവസം ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ തന്നെ ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയതിയും വന്നിട്ടുണ്ട്. ഡിസംബർ 9 ന് ഉച്ചയ്ക്ക് 12 മണിക്ക് പോക്കോ സി85 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്പ്കാർട്ടിലും പോക്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോക്കോ സി85 5ജിയുടെ മൈക്രോ സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ചില പ്രധാന ഫീച്ചറുകൾ വെളിപ്പെടുത്തുന്നു.
പോക്കോ സി85 5ജിയുടെ ബാറ്ററി, ചാർജിംഗ്, റിയർ ക്യാമറ സജ്ജീകരണം എന്നിവയുൾപ്പെടെയുള്ള ചില ഡീറ്റെയിൽസ് ആണ് ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ്ങുമായി ബന്ധപ്പെട്ടുള്ളതാണ്. 6,000mAh ബാറ്ററിയുമായിട്ടാണ് പോക്കോ സി85 5ജി എത്തുക എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

33W ഫാസ്റ്റ് ചാർജിങ്, 10W വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണകളോടെയാണ് ഈ 6,000mAh ബാറ്ററി എത്തുക. സി85 5ജിയിലെ ക്യാമറ സജ്ജീകരണങ്ങളെക്കുറിച്ച് പോക്കോ കാര്യമായി വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. എന്നാൽ, 50MP പ്രൈമറി AI സെൻസറുള്ള ഡ്യുവൽ റിയർ സജ്ജീകരണം ഇതിൽ ഉണ്ടായിരിക്കുമെന്ന് POCO ഒരു ടീസർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.
സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയാണ് ഈ മോഡലിൽ പ്രതീക്ഷിക്കുന്നത്. ഗൂഗിൾ പ്ലേ കൺസോളിൽ കാണുന്ന റെൻഡറുകൾ പ്രകാരം, വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ആയിരിക്കും സി85 5ജിയിൽ ഉണ്ടായിരിക്കുക. മിസ്റ്റിക് പർപ്പിൾ, സ്പ്രിങ് ഗ്രീൻ, പവർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

പോക്കോ സി85 5ജിയുടെ പ്രധാന ഫീച്ചറുകളിലൊന്നായ പ്രോസസറിനെക്കുറിച്ച് നിലവിൽ അവ്യക്തത ഉണ്ട്. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഈ 5ജി ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റ് കരുത്തിലാകും എത്തുക എന്ന സൂചനയാണുള്ളത്. എന്നാൽ മറ്റുചില റിപ്പോട്ടുകൾ ഡൈമെൻസിറ്റി 6300 SoC കരുത്തിലാണ് സി85 5ജി എത്തുകയെന്ന് പറയുന്നു.
ഈ പറയപ്പെടുന്ന രണ്ട് ചിപ്‌സെറ്റുകളും എൻട്രി ലെവൽ 5G വിഭാഗത്തിൽ വരുന്നവയാണ്. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം പോക്കോ സി85 5ജിയിൽ 4GB റാമും 720×1600 HD+ ഡിസ്‌പ്ലേയും ഉള്ളതായും ഇത് ആൻഡ്രോയിഡ് 16 ൽ പ്രവർത്തിക്കുന്നതായും സൂചനകൾ ഉണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള വലിയ 6.9 ഇഞ്ച് ഡിസ്പ്ലേ പാനൽ C85 ന് ഉണ്ടെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബജറ്റ് വിലയിലാകും ഈ ഫോൺ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. പോക്കോയുടെ സി- സീരീസ് സ്മാർട്ട്ഫോണുകൾ സാധാരണയായി 8,000 രൂപ മുതൽ 12,000 രൂപ വരെയുള്ള വിലയ്ക്കുള്ളിലാണ് എത്താറുള്ളത്.

5G കണക്റ്റിവിറ്റി, 6,000mAh ബാറ്ററി, 50MP ക്യാമറ, റിവേഴ്‌സ് ചാർജിംഗ് എന്നിവ കണക്കിലെടുക്കുമ്പോൾ വരാൻ പോകുന്ന പോക്കോ C85 5G സാധ്യമായ ഏറ്റവും ഉയർന്ന വിലയിൽ തന്നെ, അതായത് 12000 രൂപയോട് അടുത്ത വിലയിൽ തന്നെ എത്താനാണ് സാധ്യത. മാത്രമല്ല, ബജറ്റ് മോഡലുകൾക്ക് ഉൾപ്പെടെ സ്മാർട്ട്ഫോണുകൾക്ക് വില കൂടിക്കൊണ്ടിരിക്കുന്ന സമയവുമാണിത്. എന്തായാലും കൂടുതൽ വിവരങ്ങൾ ലോഞ്ചിന് മുൻപ് വരും ദിവസങ്ങളിലായി പുറത്തുവരും.


Click it and Unblock the Notifications








