ലാഭം ഉള്ളതുകൊണ്ട് ഈ കളിക്ക് ഇറങ്ങാം! പോക്കോ F6 5G വില കുറഞ്ഞു; ഇതുകൊണ്ടുള്ള ഗുണം ഇതാ
പോക്കോ കഴിഞ്ഞ ദിവസം ഒരു പുതിയ എഫ് സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി, നിലവിൽ ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്നത് അടക്കമുള്ള വിശേഷങ്ങളുമായി പോക്കോ എഫ്7 5ജി എന്ന മോഡൽ ആണ് എത്തിയത്. ജൂലൈ 1 മുതൽ വിൽപ്പനയ്ക്ക് എത്തുന്ന ഈ ഫോൺ വാങ്ങണമെങ്കിൽ 12GB + 256GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 512GB വേരിയന്റിന് 33,999 രൂപയും നൽകണം. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ എല്ലാ വേരിയന്റുകൾക്കും 2000 രൂപ വിലക്കുറവ് ലഭിക്കും.
അതായത് ഏറ്റവും പുതിയ പോക്കോ എഫ്7 5ജി വാങ്ങണമെങ്കിൽ ഉപയോക്താവിന് 30000 രൂപയോളം ചെലവ് വരും. എന്നാൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ അത്രയും ഉയർന്ന ബജറ്റ് ഇല്ലാത്ത സ്മാർട്ട്ഫോൺ പ്രേമികൾ നിരാശപ്പെടേണ്ടതില്ല. കാരണം 20000 രൂപയോടടുത്ത വിലയിൽ വാങ്ങാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ ഇപ്പോൾ പോക്കോ എഫ്7ന്റെ മുൻഗാമിയായ പോക്കോ എഫ്6 5ജിയും (POCO F6 5G) ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ പോക്കോ എഫ്6 8GB+ 256GB അടിസ്ഥാന മോഡലിന് 29,999 രൂപയായിരുന്നു വില. 12GB+ 256GB മോഡലിന് 31,999 രൂപയും 12GB + 512GB മോഡലിന് 33,999 രൂപയും നൽകണമായിരുന്നു. എന്നാലിപ്പോൾ വില വളരെയധികം കുറഞ്ഞിരിക്കുന്നു.
ഫ്ലിപ്പ്കാർട്ടിൽ 21999 രൂപ വിലയിലാണ് പോക്കോ എഫ്6 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓഫറും ലഭ്യമാക്കിയിട്ടുമുണ്ട്. ഏതാണ്ട് 8000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ഈ ഫോണിന് ലഭ്യമായിരിക്കുന്നു എന്ന് കാണാനാകും.

ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ 20000 രൂപയോടടുത്ത വിലയിൽ ഈ പോക്കോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. പുതിയ എഫ്7 മോഡൽ വാങ്ങാൻ ബജറ്റ് അനുവദിക്കാത്തവർക്കും ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിൽ എത്തിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണ് പോക്കോ എഫ്6 5ജി. അതിനാൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.
പോക്കോ F6 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 12-ബിറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
അഡ്രിനോ 735 GPU, 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, 4800 എംഎം² അൾട്രാ ലാർജ് IceLoop കൂളിംഗ് ടെക്നോളജി എന്നിവയും ഈ പോക്കോ ഫോണിന്റെ കരുത്താണ്. ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിലാണ് പോക്കോ എഫ്6 എത്തിയത്. 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

1/1.95″ സോണി IMX882 സെൻസറും f/1.59 അപ്പേർച്ചറും OIS പിന്തുണയും ഉള്ള 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്6 5ജിയിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP OmniVision OV20B ഫ്രണ്ട് ക്യാമറയും എത്തുന്നു.
IP64 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ടർബോചാർജിംഗ് പിന്തുണയ്‌ക്കൊപ്പം 5,000mAh ബാറ്ററി എന്നീ ഫീച്ചറുകളും ബോക്സിൽ 120W ചാർജറും പോക്കോ എഫ്6 5ജി നൽകുന്നുണ്ട്.


Click it and Unblock the Notifications








