അഴകിയ പോക്കോ, മൂന്ന് 'തലയാ' ഇവന്! പോക്കോ F6 5G ഇന്ത്യയിൽ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് മുന്നിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ന് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. നിരവധി പേർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പോക്കോ F6 5ജി (POCO F6 5G) ആണ് കിടിലൻ ഫീച്ചറുകളുമായി ഏറ്റവും പുത്തൻ സ്മാർട്ട്ഫോണായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പോക്കോ എഫ്6 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടപ്പോൾ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയത് അതിലെ ഏറ്റവും പുതിയ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ്. ഈ ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് ഇതെന്ന് പോക്കോ പറയുന്നു.

മികച്ച പെർഫോമൻസ്, ക്യാമറ, ബാറ്ററി എന്നിങ്ങനെ മൂന്ന് 'തല' ഈ ഫോണിനുണ്ട്. അതായത്, ഈ മൂന്ന് തലങ്ങളിലും ഈ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ നിരാശപ്പെടുത്തില്ല എന്നാണ് പോക്കോ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഈ മൂന്ന് മികവുകളുടെയും വിജയകരമായുള്ള സംയോജനമാണ് പോക്കോ എഫ്6 5ജി എന്നാണ് കമ്പനി പറയുന്നത്.
ഫീച്ചറുകൾ പരിശോധിച്ചാൽ, കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി ടർബോ 3 യുടെ റീബ്രാൻഡ് പതിപ്പാണ് ഇത് എന്ന് തോന്നും. ഇതിന്റെ ബോഡിക്ക് ബോക്‌സി ലുക്കും കർവ്ഡ് എഡ്ജുകളും ആണ് ഉള്ളത്. റിയർ പാനലിൽ ഡ്യുവൽ ക്യാമറകളും എൽഇഡി ഫ്ലാഷും ഉണ്ട്.

പോക്കോ F6 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്രിസ്റ്റൽ റെസ് ഫ്ലോ അമോലെഡ് ഡിസ്‌പ്ലേയാണ് പോക്കോ എഫ്6 അവതരിപ്പിക്കുന്നത്. 6.7-ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 12-ബിറ്റ് OLED ഡിസ്പ്ലേ കൂടാതെ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ എന്നിവയുമുണ്ട്.
അടുത്ത സ്‌ക്രീനിലേക്ക് നീങ്ങുക, കോളുകൾക്ക് മറുപടി നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ആംഗ്യത്തിലൂടെ നിർവഹിക്കാൻ കഴിയുന്ന 'AON' ( Real-time response to action ) ഫീച്ചർ ഈ സ്മാർട്ട്‌ഫോണിലുണ്ട്. കൂടാതെ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ഈ ഫോണിന് പോക്കോ ഉറപ്പാക്കിയിരിക്കുന്നു.
അഡ്രിനോ 735 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പോക്കോ മിഡ്-റേഞ്ച് ഫോണിന്റെ കരുത്ത്. 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

എത്ര നേരം ഉപയോഗിച്ചാലും മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ട്, 4800 എംഎം² അൾട്രാ ലാർജ് IceLoop കൂളിംഗ് ടെക്നോളജിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് മറ്റ് സ്മാർട്ട്ഫോണുകളിലെ കൂളിങ് സിസ്റ്റത്തെക്കാൾ 3 മടങ്ങ് മികച്ചതാണെന്ന് പോക്കോ അവകാശപ്പെടുന്നു. IP64 ഡസ്റ്റ് പ്രൂഫ്, വാട്ടർ പ്രൂഫ് റേറ്റിങ്സുള്ള ഈ ഫോണിന് വെറും 7.8mm കനം മാത്രമാണുള്ളത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, 1/1.95″ സോണി IMX882 സെൻസറും f/1.59 അപ്പേർച്ചറും OIS പിന്തുണയും ഉള്ള
50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്6 5ജിയിൽ ഉള്ളത്. ഇതിനൊപ്പം 1080p വീഡിയോ റെക്കോർഡിംഗുള്ള 20MP OmniVision OV20B ഫ്രണ്ട് ക്യാമറയും എത്തുന്നു.
ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിലാണ് പോക്കോ എഫ്6 പ്രവർത്തിക്കുന്നത്. 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകളും ഇതിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 be, ബ്ലൂടൂത്ത് 5.4, Beidou, Galileo, GLONASS, GPS (L1 + L5), NavIC, യുഎസ്ബി ടൈപ്പ്-C 3.2 Gen 1, NFC എന്നിവയൊക്കെയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ.
പെർഫോമൻസ്, ക്യാമറ എന്നതുപോലെ ബാറ്ററിയുടെ കാര്യത്തിലും പോക്കോ എഫ്6 നിരാശപ്പടുത്തില്ല. 90W ടർബോചാർജിംഗ് പിന്തുണയ്‌ക്കൊപ്പം 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. കൂടാതെ 'ബൂസ്റ്റ് ചാർജിംഗ് സ്പീഡ്' ഫീച്ചറും പോക്കോ എഫ്6 5ജിയുടെ പ്രത്യേകതയാണ്. ഇത് 12 മിനിറ്റിനുള്ളിൽ 50% ചാർജും 35 മിനിറ്റിനുള്ളിൽ 100% ചാർജും കൈവരിക്കും. ബോക്സിൽ 120W ചാർജറുമായിട്ടാണ് ഈ ഫോൺ എത്തുന്നത്.

വിലയും ലഭ്യതയും: ടൈറ്റാനിയം, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുക. പോക്കോ എഫ്6 8GB+ 256GB അടിസ്ഥാന മോഡലിന് 29,999 രൂപയാണ് വില. 12GB+ 256GB മോഡലിന് 31,999 രൂപയും 12GB + 512GB മോഡലിന് 33,999 രൂപയും നൽകണം. മെയ് 29 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.
ലോഞ്ച് ഓഫറുകൾ: ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐക്കും 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടുമുണ്ട്. വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ഉപഭോക്താക്കൾക്ക് 1+1 വർഷ വാറൻ്റിയും തെരഞ്ഞെടുക്കാം. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 25,999 രൂപ, 27,999 രൂപ, 29,999 രൂപ വിലകളിൽ ഈ ഫോൺ സ്വന്തമാക്കാം.


Click it and Unblock the Notifications








