വരുന്നത് ഇത്ര ശക്തനായ ഒരു സ്മാർട്ട്ഫോണോ? ലോഞ്ചിന് മുൻപ് തന്നെ പോക്കോ F7 തരംഗം
സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് പോക്കോ എഫ്7 ആണ്. പോക്കോ എഫ് സീരീസിൽ അടുത്തതായി ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. എഫ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നതായി പോക്കോ ഇപ്പോൾ ടീസറുകൾ പുറത്തിറക്കുന്നുണ്ട്. മികച്ച ബാറ്ററി ശേഷം അടക്കമുള്ള ഫീച്ചറുകൾ ഈ ഫോണിലുണ്ട് എന്നാണ് പോക്കോ അവകാശപ്പെട്ടിരിക്കുന്നത്. പുതിയ ഫോണിന്റെ വരവ് ഉറപ്പായതിന് പിന്നാലെ ഇതിന്റെ ഫീച്ചറുകൾ എന്തൊക്കെയാണ്, വില എത്രയായിരിക്കും എന്ന നിലയ്ക്കുള്ള ചർച്ചകളും സജീവമായതോടെ എങ്ങും പോക്കോ എഫ്7 തരംഗമാണ് എന്ന് പറയാം.
ഫ്ലിപ്പ്കാർട്ടിൽ പോക്കോ എഫ്7 (POCO F7) ന്റെ വരവിന്റെ സൂചനകൾ ഇതിനകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിൽ പോക്കോ എഫ്7 എപ്പോൾ ലോഞ്ച് ചെയ്യുമെന്ന നിലവിൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജൂൺ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്തോനേഷ്യയിൽ പോക്കോ F7 ലോഞ്ച് ചെയ്യുമെന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ അന്നുതന്നെയാകും ഇന്ത്യൻ ലോഞ്ചും.

കഴിഞ്ഞ തവണ പോക്കോ എഫ്6 ഇന്ത്യയിലും ആഗോള തലത്തിലും ഒരേ ദിവസം തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. അതിനാൽ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യുന്ന അന്നുതന്നെ ഇന്ത്യൻ ലോഞ്ചും ഉണ്ടാകാമെന്നും തിയതി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ ആണ് വരാൻ പോകുന്നത് എന്ന് പോക്കോ ഫ്ലിപ്പ്കാർട്ടിലും ട്വിറ്റർ അക്കൗണ്ടിലും നൽകിയിരിക്കുന്ന ടീസറുകൾ അവകാശപ്പെടുന്നുണ്ട്.
90W വയർഡ് ചാർജിംഗ് സപ്പോർട്ടും 22.5W റിവേഴ്‌സ് വയർലെസ് ചാർജിംഗും, സിലിക്കൺ കാർബൺ ബാറ്ററി സാങ്കേതികവിദ്യയുള്ള 7,550mAh സെല്ലും പോക്കോ എഫ്7ൽ ഉണ്ടാകും എന്നാണ് ഫ്ലിപ്പ്കാർട്ടിലെ ടീസർ അവകാശപ്പെടുന്നത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് ഇക്കാര്യങ്ങൾ മാത്രമാണ്. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ ഈ പോക്കോ ഫോണിൽ വരാൻ സാധ്യതയുള്ള ഫീച്ചറുകൾ പ്രവചിക്കുന്നുണ്ട്. അവ കൂടി പരിചയപ്പെടാം.

6.83 ഇഞ്ച് AMOLED പാനൽ (2772 × 1280 റെസല്യൂഷൻ), 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits ബ്രൈറ്റ്‌നെസ്, 3840Hz PWM ഡിമ്മിംഗ് എന്നിവയാണ് പോക്കോ എഫ്7ലെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ. സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിലാകും ഇത് എത്തുക.
LPDDR5X റാമും UFS 4.1 സ്റ്റോറേജും പോക്കോ എഫ്7 വാഗ്ദാനം ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. OIS, f/1.5, 1.6μm, 8MP അൾട്രാവൈഡ് സെൻസർ എന്നിവയുള്ള 50MP സോണി IMX882 മെയിൻ ക്യാമറയും 20MP സെൽഫി ക്യാമറയും ഈ ഫോണിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2ൽ ആയിരിക്കും പോക്കോ എഫ്7 പ്രവർത്തിക്കുക. ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനർ, Wi-Fi 7 എന്നിവയും ഇതിൽ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ബാറ്ററിയുടെ കാര്യത്തിൽ ഇന്ത്യൻ വേരിയന്റും ആഗോള വേരിയന്റും തമ്മിൽ വ്യത്യാസം ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ചില ഐക്യൂ, വിവോ സ്മാർട്ട്ഫോണുകൾ 7300mAh ബാറ്ററിയുള്ള ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടന്ന് മത്സരത്തിൽ മേൽക്കൈ നേടാനാണ് ഇന്ത്യയിൽ 7550mAh ബാറ്ററി ശേഷിയുള്ള ഫോൺ പോക്കോ എഫ്7 അവതരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ആഗോള തലത്തിൽ 6500mAh ബാറ്ററിയാണ് പോക്കോ എഫ്7ൽ ഉണ്ടാകുക.
അപ്‌ഗ്രേഡ് ചെയ്‌ത ഫീച്ചറുകളുള്ള ഒരു മിഡ്‌റേഞ്ച് ഫോൺ തേടുന്നവരെ ലക്ഷ്യമിട്ട് ഇന്ത്യയിൽ 30000 രൂപയോട് അടുത്ത വിലയിലാകും പോക്കോ എഫ്7 അവതരിപ്പിക്കപ്പെടുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻഗാമികളായ പോക്കോ എഫ്6, എഫ്5 എന്നിവ 29999 രൂപ വിലയിലാണ് എത്തിയത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ ഉണ്ടായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications







