പേര് എന്തുമാകട്ടെ, പരംപൊരുൾ ഒന്നുതന്നെ! ദാർശനിക തത്വം ഉള്ളിലൊതുക്കി പോക്കോ എം6 5ജി എത്തുന്നു!
പോക്കോ എം6 5ജി (Poco M6 5G) ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ പോകുകയാണ്. ബജറ്റ് വിലയിൽ ഇന്ത്യക്കാർക്ക് ലഭിക്കാൻ പോകുന്ന മറ്റൊരു മികച്ച 5ജി ഫോൺ ആയിരിക്കും പോക്കോ എം6 5ജി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോഞ്ചിന് മുന്നോടിയായി എം6 5ജിയുടെ ടീസർ കമ്പനി പുറത്തുവിട്ടു.
കഴിഞ്ഞ വർഷം വിപണിയിലെത്തിയ പോക്കോ എം5 ന്റെ പിൻഗാമിയായിട്ടാണ് പോക്കോ എം6 5ജിയുടെ വരവ്. ഡിസംബർ 22 ന് ഉച്ചയ്ക്ക് 12 ന് പോക്കോ എം6 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് നടക്കുമെന്ന് ഷവോമിയുടെ സബ് ബ്രാൻഡുകൂടിയായ പോക്കോ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനോടനുബന്ധിച്ചാണ് ടീസറും പുറത്തിറക്കിയത്.

വരാൻ പോകുന്ന പോക്കോ ഫോണിന്റെ ഭംഗി ടീസർ വെളിപ്പെടുത്തുന്നു. 50 മെഗാപിക്സൽ മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് പോക്കോ എം6 5ജിയിൽ ഉണ്ടാകുക എന്ന് ടീസർ വെളിപ്പെടുത്തുന്നു. മുൻവശത്ത് വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചും ഉണ്ടെന്നാണ് ടീസർ നൽകുന്ന സൂചന.
ലോഞ്ചിന് മുൻപ് തന്നെ പോക്കോ എം6 5ജിയുടെ വരവ് അറിയിച്ചുകൊണ്ട് ഫ്ലിപ്പ്കാർട്ട് പ്രത്യേക പേജ് സൃഷ്ടിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് സിൽവർ കളർ ഓപ്ഷനുകളിൽ ഈ 5ജി സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ടിലെ പേജ് സൂചിപ്പിക്കുന്നു. പോക്കോ എം6 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളിലൂടെ ചില വിവരങ്ങൾ പതിവുപോലെ ലഭ്യമായിട്ടുണ്ട്.

പോക്കോ എം6 5ജിയുമായി വന്നിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ വാർത്ത എന്തെന്നാൽ ഈ മാസം ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 13 സി 5ജിയുടെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഈ സ്മാർട്ട്ഫോൺ എന്നതാണ്. പല പേരിൽ വിളിക്കപ്പെടുന്നു എങ്കിലും എല്ലാത്തിന്റെയും പരംപൊരുൾ ഒന്നുതന്നെ എന്ന് പറയുന്ന ദാർശനിക തത്വംപോലെയാണ് ഇവിടെയും കാര്യങ്ങളെന്ന് കരുതേണ്ടിയിരിക്കുന്നു.
അതായത് പേര് വ്യത്യസ്തമായിരിക്കുമെങ്കിലും ഈ രണ്ട് മോഡലുകളിലെയും ഉള്ളിലുള്ള ഫീച്ചറുകൾ ഏതാണ്ട് ഒന്നുതന്നെയായിരിക്കും എന്ന് സാരം. റെഡ്മി 13 സി 5 ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില. ഇതേ ഫീച്ചറുകളുമായിട്ടാണ് പോക്കോ എം6 5ജി എത്തുന്നത് എങ്കിൽ വില എന്തായിരിക്കും എന്നതാണ് ചോദ്യം.
ബജറ്റ് വിലയിൽ തന്നെയാകും പോക്കോ എം6 5ജി എത്തുകയെന്ന് റെഡ്മി 13 സി 5ജി കണക്ഷൻ സൂചിപ്പിക്കുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 6100+ ചിപ്സെറ്റ് കരുത്തിലാണ് റെഡ്മി 13 സി 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും 90 ഹെർട്‌സ് റിഫ്രഷ് റേറ്റും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

8GB വരെ റാമും 256GB വരെ സ്റ്റോറേജും ആണ് റെഡ്മി 13 സി 5ജി വാഗ്ദാനം ചെയ്യുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. എഐ പിന്തുണയുള്ള 50എംപി പ്രൈമറി ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ തന്നെയാണ് പോക്കോ എം6 5ജിയിലുമുള്ളത്.
സെൽഫിക്കായി 5എംപി ക്യാമറയാണ് റെഡ്മി 13 സിയിലുള്ളത്, ഇവിടെയും അതാവർത്തിക്കും. കൂടാതെ റെഡ്മി 13 സി 5ജിക്ക് സമാനമായി 18W ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാകും പോക്കോ എം6 5ജിക്കും ഊർജം പകരുക. പോക്കോ എം6 5ജികൂടി എത്തുന്നതോടെ ഇന്ത്യയിൽ 15000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന 5ജി ഫോണുകളുടെ നിര കൂടുതൽ ശക്തമാകും.


Click it and Unblock the Notifications








