വൈകി വന്ന വിവേകം! പോക്കോ എം6 പ്രോ 5ജി ഇന്ത്യയിൽ പുതിയ സ്റ്റോറേജ് വേരിയന്റ് അവതരിപ്പിച്ചു, സംഗതി ലാഭമാണ്
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് ലാഭം നൽകുന്ന ഒരു മികച്ച ഡീലുമായി പോക്കോയുടെ എം6 പ്രോ ( POCO M6 Pro 5G) പുതിയ വേരിയന്റിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ബജറ്റ് വിലയിൽ പോക്കോ എം5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ഇപ്പോൾ ഒരു മാസം തികയും മുമ്പേ നല്ലൊരു മാറ്റം നടത്തി പോക്കോ എം6 പ്രോയുടെ പുതിയൊരു സ്റ്റോറേജ് വേരിയന്റുകൂടി അവതരിപ്പിച്ചിരിക്കുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മുൻപ് ലഭിച്ചിരുന്നതിനെക്കാൾ നല്ലൊരു ഓപ്ഷനാണ് പോക്കോ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. കാരണം. മുൻപ് പോക്കോയുടെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിക്കപ്പെട്ടത്.

പോക്കോ എം6 പ്രോ 4GB റാം + 64 GB സ്റ്റോറേജ്, 6GB റാം + 128 GB സ്റ്റോറേജ് എന്നിവയായിരുന്നു കമ്പനി ആദ്യം പുറത്തിറക്കിയ വേരിയന്റുകൾ. ഇതിൽ പോക്കോം എം6 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 10,999 രൂപയും ഉയർന്ന വേരിയന്റിന് 12,999 രൂപയുമായിരുന്നു വില.
4 ജിബി റാം+ 128 ജിബി സ്റ്റോറേജുള്ള പുതിയ വേരിയന്റാണ് ഇപ്പോൾ പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. ഇത് മറ്റ് രണ്ട് മോഡലുകൾക്കും ഇടയിൽ നിൽക്കുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി അനുയോജ്യമായ ഓപ്ഷനാണ് പോക്കോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വേരിയന്റിന്റെ യഥാർഥ വില 11,999 രൂപയാണ്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.
ഈ ഡിസ്കൗണ്ട് കൂടി പരിഗണിച്ചാൽ ഇപ്പോൾ പോക്കോ എം6 പ്രോയുടെ 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 10999 രൂപയ്ക്ക് കിട്ടും. അതായത് അടിസ്ഥാന വേരിയന്റിന്റെ വിലയിൽ ഇവിടെ 64 ജിബി സ്റ്റോറേജ് ഉപയോക്താവിന് സൗജന്യമായി ലഭ്യമാകുന്നു. എന്നാൽ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ഉണ്ടാകൂ. അതിനുശേഷം വില 11,999 ആകും.
ഫോറസ്റ്റ് ഗ്രീൻ, പവർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ പോക്കോ എം6 പ്രോ 5ജി ലഭ്യമാകും. പുതിയ വേരിയന്റ് സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകും. കുറഞ്ഞ വിലയിൽ 5ജി ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് പോക്കോ എം6 പ്രോ 5ജി. ഇതിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
പോക്കോ എം6 പ്രോയുടെ സവിശേഷതകൾ: 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റ്റേും ഉള്ള 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഇതിലുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് പോക്കോ എം6 പ്രോ സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 13 ൽ ആണ് എം6 പ്രോയുടെ പ്രവർത്തനം. രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ എന്നിവയും ഇതിൽ നൽകിയിരിക്കുന്നു.
5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി എന്നീ കണക്ടിവിറ്റി ഫീച്ചറുകളും IP53 റേറ്റിംഗും ഈ പോക്കോ എം6 പ്രോയുടെ ഫീച്ചറുകളുടെ പട്ടികയിൽ ഉണ്ട്.
50എംപി പ്രധാന ക്യാമറ, 2എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് എം6 പ്രോയിലുള്ളത്. സെൽഫികൾക്കും വീഡിയോകൾക്കുമായി 8എംപി ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് ബാറ്ററി. എല്ലാകൊണ്ടും സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന നല്ലൊരു ഓപ്ഷനായി മാറാൻ പോക്കോ എം6 പ്രോയ്ക്ക് കഴിയുന്നുണ്ട്.


Click it and Unblock the Notifications