സ്ലിം ആണെങ്കിലെന്താ, സ്ട്രോങ്ങിന് കുറവില്ല! അടുത്ത ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന പോക്കോ M8 ഫീച്ചറുകൾ
പോക്കോ എം7 5ജിയുടെ പിൻഗാമിയായി പുതിയ പോക്കോ എം8 5ജി ജനുവരി 8ന് ഉച്ചയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ലോഞ്ചിന് മുന്നോടിയായി ഈ സ്മാർട്ട്ഫോണിന്റെ ടീസറുകൾ ഇപ്പോൾ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്. വരാൻ പോകുന്ന ഈ 5ജി ഫോണിന്റെ ചില ഫീച്ചറുകളും ഈ ടീസറുകൾ വെളിപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയാണ് പോക്കോ എം8 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലെ പോക്കോ എം8 പേജിൽ ഈ ഫോണിന്റെ ചില ഫീച്ചറുകൾ കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 കരുത്തിലാണ് പോക്കോ എം8 5ജി ലോഞ്ച് ചെയ്യപ്പെടുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 8ജിബി റാം ഇതിൽ ഉണ്ടാകും. അതോടൊപ്പം 8ജിബി വെർച്വൽ റാമും ഉള്ളതിനാൽ ആകെ 16ജിബി റാം കരുത്ത് ലഭിക്കും. AnTuTu ബെഞ്ച്മാർക്കിൽ 825,000-ലധികം പോയിന്റുകൾ ഈ ഫോൺ നേടിയതായി പോക്കോ വെളിപ്പെടുത്തിയിട്ടുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (1080x2392 റെസല്യൂഷനോടുകൂടിയ) കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് പോക്കോ എം8 5ജിയിൽ ഉണ്ടാകുക. 3,200-നിറ്റ് പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. സെഗ്‌മെന്റിലെ "ഏറ്റവും ഈടുനിൽക്കുന്ന 3D കർവ്ഡ് ഡിസ്‌പ്ലേ ഫോൺ" ആണ് ഇത് എന്ന് പോക്കോ അവകാശപ്പെടുന്നു.
കടുത്ത ചൂട്, പൊടി തുടങ്ങി ദൈനംദിന ഉപയോഗത്തിൽ ഫോൺ നേരിടാൻ സാധ്യതയുള്ള ഏതാണ്ട് എല്ലാ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ശേഷിയോടെ MIL-STD-810H സർട്ടിഫിക്കേഷൻ സഹിതമാണ് പോക്കോ എം8 5ജി എത്തുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP66 റേറ്റിങ്ങും ബിൽറ്റ്-ഇൻ വെറ്റ് ടച്ച് 2.0 ടെക്നോളജിയും ഇതിലുണ്ട്.

1.7 മീറ്റർ വരെ ഉയരത്തിൽ നിന്നുള്ള വീഴ്ചകളെ ഈ ഫോൺ പ്രതിരോധിക്കും. 50MP പ്രധാന ക്യാമറ, 2MP ഡെപ്ത് സെൻസർ, 20MP സെൽഫി ക്യാമറ എന്നിവ അടങ്ങുന്നതാണ് പോക്കോ എം8 5ജിയിലെ ക്യാമറ സജ്ജീകരണം എന്നാണ് റിപ്പോർട്ട്. 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,520mAh ബാറ്ററിയാണ് ഇതിലുണ്ടാകുക.
7.35mm വലിപ്പവും 178 ഗ്രാം മാത്രം ഭാരവുമുള്ള പോക്കോ എം8 5ജി സെഗ്മെന്റിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്ലിമ്മും ഭാരം കുറഞ്ഞതുമായ ഡിവൈസ് ആയിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 15 OS അടിസ്ഥാനമാക്കിയുള്ള HyperOS 2 കസ്റ്റം ഒഎസിൽ ആണ് ഈ ഫോൺ എത്തുക.
4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും പോക്കോ ഈ 5ജി ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിനാൽ ഇന്ത്യൻ ലോഞ്ചിന് തൊട്ടുപിന്നാലെ പോക്കോ M8 5ജിക്ക് പുതിയ HyperOS 3 അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡ്യുവൽ ടോൺ ഡിസൈൻ ആണ് പോക്കോ എം8 5ജിക്ക് കമ്പനി നൽകിയിരിക്കുന്നത്.

ബജറ്റ് വിലയിൽ ഈ പോക്കോ 5ജി ഫോൺ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ. പോക്കോ എം8 5ജിയുടെ മുൻഗാമിയായ പോക്കോ എം7 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 10499 രൂപയും 8GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു വില. നിലവിലെ സ്മാർട്ട്ഫോണുകളുടെ വില വർധന കണക്കിലെടുക്കുമ്പോൾ ഇതിനെക്കാൾ അൽപ്പം ഉയർന്ന വില പോക്കോ എം8 5ജിക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








