വിലയുടെ ഉള്ളിൽ നിൽക്കുന്ന ഫീച്ചറുകൾ! പോക്കോ M8 സീരീസ് ലോഞ്ച് ഇങ്ങ് തൊട്ടടുത്ത് എത്തി
പോക്കോ തങ്ങളുടെ എം സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. പോക്കോ എം7 സീരീസിന്റെ പിൻഗാമിയായി പുതിയ എം8 സീരീസ് ഫോണുകളാണ് എത്താൻ പോകുന്നത്. പോക്കോ എം8 (POCO M8), പോക്കോ എം8 പ്രോ (POCO M8 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോൺ മോഡലുകളാണ് ഈ സീരീസിൽ ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ട്. സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഫോണുകളുടെ ഫീച്ചറുകൾ ഇപ്പോൾ അനൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. പോക്കോയുടെ M-സീരീസ് ഒരു ബജറ്റ് ലൈനപ്പാണ്, അതിനാൽ സ്പെസിഫിക്കേഷനുകൾ അവയുടെ ആ സെഗ്മെന്റിന്റെ ഉള്ളിൽ നിൽക്കുന്നതാണ്.
ഇപ്പോൾ വരാൻ പോകുന്ന പോക്കോ എം8 സീരീസ് മോഡലുകളുടെ ഡിസൈനും ഫീച്ചറുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ WinFuture ലീക്ക് ചെയ്തിരിക്കുന്നു. പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, പോളണ്ടിൽ അടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 15, 15 പ്രോ എന്നിവയോട് ഈ പോക്കോ ഫോണുകൾക്ക് ചില സാമ്യതകൾ ഉണ്ട് എന്നതാണ്.

ഡിസൈനിലും സ്പെസിഫിക്കേഷനുകളിലും ചില മാറ്റങ്ങളോടെ റീബ്രാൻഡഡ് റെഡ്മി ഫോണുകൾ പോക്കോ പുറത്തിറക്കുന്നത് പുതുമയുള്ള കാര്യമല്ല എന്നതിനാൽ, റെഡ്മി നോട്ട് 15, 15 പ്രോ എന്നിവയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും പോക്കോ എം8 സീരീസ് എന്ന റിപ്പോർട്ടുകളെ അവിശ്വസിക്കാനാകില്ല. എന്നാൽ എം8 സീരീസിനെപ്പറ്റി പോക്കോ ഇതുവരെ ഔദ്യോഗിമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
ഇപ്പോൾ പോക്കോ എം8 സീരീസിനെപ്പറ്റി ലഭ്യമായിട്ടുള്ള വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. WinFuture പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പോക്കോ M8 പ്രോയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ (2772 x 1080 പിക്‌സലുകൾ) ഉണ്ടായിരിക്കും. സ്റ്റാന്റേർഡ് M8 മോഡലിന് 120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാകുക.
പ്രോസസറിന്റെ കാര്യത്തിലും എം8 സീരീസ് മോഡലുകൾ തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റാണ് പ്രോ മോഡലിന് കരുത്തു പകരുക, അതേസമയം എം8 മോഡലിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റാണ് പ്രതീക്ഷിക്കുന്നത്.
ബാറ്ററിയുടെ കാര്യമെടുത്താൽ, പോക്കോ എം8 പ്രോ മോഡലിന് 100W ഫാസ്റ്റ് ചാർജിംഗ് സഹിതം 6,500mAh ബാറ്ററിയും M8 മോഡലിന് 5,520mAh ബാറ്ററിയും ആണ് ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട് പറയുന്നത്. കൂടാതെ പ്രോ മോഡൽ IP68 റേറ്റിങ്ങോടെയും സ്റ്റാന്റേർഡ് മോഡൽ IP65 റേറ്റിങ്ങോടെയും ആണ് എത്തുക.
256GB/ 512GB ഇന്റേണൽ സ്റ്റോറേജും 8GB വരെ റാമും പോക്കോ എം8 സീരീസ് വാഗ്ദാനം ചെയ്യുമെന്ന് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഈ സീരീസിൽ ഉണ്ടാകും. പോക്കോ ഇതുവരെ എം8 സീരീസിന്റെ ടീസർ ഇറക്കുകയോ മറ്റെന്തെങ്കിലും വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ല.
എങ്കിലും സർട്ടിഫിക്കേഷൻ ലിസ്റ്റിങ്ങ് വഴി ഫീച്ചറുകൾ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇതിന്റെ ലോഞ്ച് തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്നാണ്. അതേസമയം ഇനി പ്രധാനമായും അറിയാനുള്ളത് എന്ത് വിലയിലാകും ഈ ഫോണുകൾ ഇന്ത്യയിൽ എത്തുക എന്നാണ്. പോക്കോ എം7 പ്രോ മോഡൽ 15000 രൂപയിൽ താഴെ വിലയിലാണ് എത്തിയത്. എന്നാലിപ്പോൾ സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിലാണ് അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനാൽത്തന്നെ എം8 സീരീസിന്റെ വില പ്രവചിക്കുക ബുദ്ധിമുട്ടാണ്.


Click it and Unblock the Notifications








