ആളുകളെ മണ്ടന്മാരാക്കാൻ നോക്കി, ഏറ്റില്ല; അടുത്ത നമ്പർ തയാറാകുന്നു! ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക
4ജി ഫോണുകൾക്ക് ഇന്ത്യയിൽ ഉടൻ തന്നെ വലിയ തോതിൽ വില കുറയുമെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന ഫെസ്റ്റിവൽ സീസണിൽ വൻ ഡിമാൻഡ് പ്രതീക്ഷിച്ച് റീട്ടെയിലർമാർ 4ജി ഫോണുകൾ കൂടുതലായി സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ ഇത് പ്രതീക്ഷിച്ച അളവിൽ വിറ്റുപോയില്ല. ഇതോടെയാണ് ചില റീട്ടെയ്ലർമാർ തന്ത്രം മാറ്റാനൊരുങ്ങുന്നത്.
ഫെസ്റ്റിവൽ സീസണുകളിൽ ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ വലിയ അളവിൽ വിറ്റുപോകാറുണ്ട്. എന്നാൽ ഇത്തവണ വിറ്റുപോയതിൽ അധികവും 5ജി ഫോണുകൾ ആയിരുന്നു. രാജ്യത്ത് ഇതിനകം 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയതിനാൽ ആളുകൾ 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് കണക്കിലെടുക്കാതെ 4ജി ഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് കരുതിയവർക്കാണ് തിരിച്ചടിയായിരിക്കുന്നത്.

ഫോൺ വാങ്ങാൻ എത്തുന്ന സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കാം എന്ന ധാരണയിൽ ചില റീട്ടെയിലർമാർ വലിയ അളവിൽ 4ജി ഫോണുകൾ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ ഇവ വിചാരിച്ച രീതിയിൽ വിറ്റഴിക്കാനായില്ല. ഇങ്ങനെ കെട്ടിക്കിടക്കുന്ന ഫോണുകൾ വിറ്റഴിക്കാൻ അടുത്ത തന്ത്രം തയാറായിക്കഴിഞ്ഞു എന്നാണ് വിവരം.
4G ഫോണുകളുടെ അധിക സ്റ്റോക്ക് കാരണം, 2023 അവസാനിക്കുമ്പോൾ ഇൻവെന്ററി ക്ലിയർ ചെയ്യുന്നതിനായി റീട്ടെയിലർമാർ 4G ഫോണുകളുടെ വിലക്കുറവ് നടപ്പിലാക്കാൻ പോകുന്നതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. വിൽക്കാതെ കെട്ടിക്കിടക്കുന്ന 4ജി ഫോണുകളിലേക്ക് ആളുകളെ ആകർഷിക്കാനായി വൻ വിലക്കുറവിനൊപ്പം കിടിലൻ ഓഫറുകളും റീട്ടെയിലർമാർ ലഭ്യമാക്കുമെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബറിൽ വിറ്റ ഫോണുകളിൽ 60 ശതമാനവും 5G ഫോണുകളാണെന്ന് ഐഡിസി റിപ്പോർട്ട് പറയുന്നു. 4G ഫോണുകളേക്കാൾ വലിയ അളവിൽ 5G ഫോണുകൾ വിൽക്കപ്പെടുന്ന പ്രവണത 2024-ലും തുടരും. അതിനാൽത്തന്നെ നിലവിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന 4ജി ഫോണുകൾ വിറ്റഴിക്കുന്നത് അടുത്ത വർഷം കൂടുതൽ ബുദ്ധിമുട്ടാകും.
ഈ സാഹചര്യത്തിലാണ് വില കുറച്ചിട്ടാണെങ്കിലും ഈ 4ജി ഫോണുകൾ ഈ വർഷം തന്നെ എങ്ങനെയെങ്കിലും വിറ്റ് തീർക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്. അടുത്ത വർഷം 5ജി ഫോണുകളുടെ കച്ചവടം കൂടുതൽ സജീവമാകും എന്നാണ് വിപണി റിപ്പോർട്ട്. പല ബ്രാൺഡുകളും 10,000 മുതൽ 15,000 രൂപ വരെയുള്ള വില വിഭാഗത്തിൽ കൂടുതൽ 5ജി ഫോണുകൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.
5ജി ഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന അത്തരമൊരു സാഹചര്യത്തിൽ 4ജി ഫോണുകൾ എങ്ങനെ ഈ വിലയിൽ നൽകും എന്നതും റീട്ടെയിലർമാരെ ആശങ്കയിലാഴ്ത്തുന്നു. കുറഞ്ഞ വിലയിൽ കൂടുതൽ 5ജി ഓപ്ഷനുകൾ ലഭ്യമാകുമ്പോൾ ആളുകൾ സ്വാഭാവികമായും 5ജി ഫോണുകളേ പരിഗണിക്കൂ. അതിനാൽത്തന്നെ 4ജിയുടെ പ്രസക്തി കുറയും.

ഈ ഒരു സാഹചര്യത്തിൽ 4ജി ഫോണുകളുടെ വില 7000 രൂപയ്ക്കും -10000 രൂപയ്ക്കും ഇടയിലേക്ക് കുറയ്ക്കുന്നതാണ് ഉചിതമെന്നാണ് കരുതപ്പെടുന്നത്. 4G ഫോണുകളുടെ വില പൊളിച്ചെഴുതാൻ ശരിയായ സമയം ഇതാണ് എന്നാണ് വിപണിയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ, 5G ഫോണുകൾക്ക് ശരാശരി 4G ഫോണുകൾക്ക് മുകളിലാണ് വില. എന്നാൽ അടുത്തവർഷം ഈ അവസ്ഥ മാറും.
ഇപ്പോൾ തന്നെ ഐടെൽ പോലുള്ള കമ്പനികൾ 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ നൽകുന്നു. റിയൽമിയും റെഡമിയും 10000 രൂപയോട് അടുത്ത വിലയിൽ 5ജി ഫോണുകൾ കൂടുതലായി ഇറക്കിക്കൊണ്ടിരിക്കുന്നു. കൂടുതൽ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ അടുത്ത വർഷം കുറഞ്ഞ വിലയിൽ 5ജി ഫോണുകൾ അവതരിപ്പിക്കും.
5ജി ഫോണുകളും 4ജി ഫോണുകളും തമ്മിലുള്ള വില വ്യത്യാസം നേർത്തുവരികയും 4ജിയെക്കാൾ കുറഞ്ഞ വിലയിൽ ധാരാളം 5ജി ഫോൺ ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് റീട്ടെയിലർക്ക് അവരുടെ 4G ഫോൺ ഇൻവെന്ററി ക്ലിയർ ചെയ്യുന്നത് ബുദ്ധിമുട്ടാക്കും. അതിനാൽ അധികം വൈകാതെ 4ജി ഫോണുകൾ വിലക്കുറവിൽ ഓഫറുകളോടെ വിറ്റഴിക്കാനുള്ള നീക്കങ്ങൾ ഉണ്ടാകും.

ഇവിടെ ഉപയോക്താക്കളും ജാഗ്രത പാലിക്കേണ്ടുതുണ്ട്. ഇപ്പോഴും നിരവധി 4ജി ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പ്രധാന ആവശ്യങ്ങൾക്കായി ഒരു ഫോൺ വാങ്ങുമ്പോൾ കഴിവതും 5ജി ഫോണുകൾ തന്നെ വാങ്ങുക. ഇനി വരാൻ പോകുന്നത് 5ജി സേവനങ്ങളുടെ കാലമാണ്. എല്ലാവരും 5ജിയിലേക്ക് മാറുന്ന ഈ സമയത്ത് 4ജി ഫോൺ വാങ്ങുന്നത് നല്ല തീരുമാനമായിരിക്കില്ല.
അതേസമയം, അത്യാവശ്യം ഉപയോഗങ്ങൾക്കായി ഏതെങ്കിലും ഒരു ഫോൺ മതി എന്നുള്ളവർക്ക് കുറഞ്ഞ വിലയിൽ 4ജി ഫോണുകൾ വാങ്ങാവുന്നതാണ്. എന്നാൽ 5ജി ഫോണുകളെക്കാൾ കൂടിയ വിലയിലുള്ള 4ജി ഫോണുകൾ വാങ്ങുന്നത് ഒരു മണ്ടൻ തീരുമാനമായിരിക്കും. ഫോൺ വാങ്ങാൻ കടകളിലും മറ്റും ചെല്ലുമ്പോൾ അവർ എല്ലാക്കാര്യങ്ങളും വിശദമാക്കണമെന്നില്ല. പ്രത്യേകിച്ച് ഫോൺ 4ജിയാണെന്നത്. അതിനാൽ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.


Click it and Unblock the Notifications








