പട, പട പടേ...! ഒന്നും രണ്ടുമല്ല, അഞ്ച് കിടിലൻ സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു
നല്ല കിടിലൻ ഫീച്ചറുകളുമായി എത്തിയെങ്കിലും വില അൽപ്പം കൂടുതലാണ് എന്ന് തോന്നിപ്പിച്ച സ്മാർട്ട്ഫോൺ ആയിരുന്നു നത്തിങ് ഫോൺ 2. എന്നാൽ കഴിഞ്ഞ ദിവസം നത്തിങ് ഫോൺ 2 വിന്റെ എല്ലാ വേരിയന്റുകളുടെയും വിലയിൽ ഒറ്റയടിക്ക് 5000 രൂപയുടെ കുറവ് കമ്പനി പ്രഖ്യാപിച്ചു.
ലോഞ്ച് ചെയ്തപ്പോൾ തന്നെ നത്തിങ് ഫോൺ 2 വിന്റെ ഫീച്ചറുകൾ കണ്ട് ഇഷ്ടപ്പെട്ടെങ്കിലും വാങ്ങാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രൈസ് കട്ട് ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. നത്തിങ് 2 മാത്രമല്ല, വേറെ ചില ഫോണുകളുടെ വിലയിലും ഇപ്പോൾ കാര്യമായ വിലക്കുറവുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അവയെ പരിചയപ്പെടാം.

നത്തിങ് ഫോൺ 2: ജൂലൈയിൽ ലോഞ്ച് ചെയ്ത ഈ കിടിലൻ ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭവില 44,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ഇതിന് 39,999 രൂപ നൽകിയാൽ മതി. അതേപോലെ അതേപോലെ നത്തിങ് 2 വിന്റെ 12GB/256GB വേരിയന്റ് 44,999 രൂപയ്ക്കും 12GB/512GB വേരിയന്റ് 49,999 രൂപയ്ക്കും ഇപ്പോൾ കിട്ടും.
ക്വാൽക്കോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ LTPO OLED ഡിസ്‌പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ്, HDR10+ സർട്ടിഫിക്കേഷൻ എന്നിവയോടെയാണ് നത്തിങ് 2 എത്തുന്നത്.

50എംപിയുടെ പ്രധാന ക്യാമറയും 50-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ, 45W ഫാസ്റ്റ്ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. 40000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഇപ്പോൾ നത്തിങ് ഫോൺ 2.
വിവോ ടി2 5ജി: ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ടി2 5ജിയുടെ വില കുറച്ചിരിക്കുന്നത്. ഇതിന്റെ 6ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും 8ജിബി റാം+ 128ജിബി ഓപ്ഷൻ 20,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ടി2 5ജിയുടെ 6GB/128GB വേരിയന്റ് 16,999 രൂപയ്ക്കും 8GB/128GB വേരിയന്റ് 18,999 രൂപയ്ക്കും ലഭിക്കും.
വിവോ ടി2 5ജിക്ക് ഒപ്പം തന്നെ മറ്റൊരു മോഡലായ വിവോ വൈ56 5ജിക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈ56 5ജിയുടെ 4GB/128GB വേരിയന്റ് 16,999 രൂപയ്ക്കും 8GB + 128GB വേരിയന്റ് 18,999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ വൈ56 5ജിയുടെ അടിസ്ഥാന മോഡൽ 15,999 രൂപയ്ക്കും ടോപ്പ് എൻഡ് പതിപ്പ് 17,999 രൂപയ്ക്കും ലഭ്യമാണ്.

ഓപ്പോ റെനോ 10 പ്രോ 5ജി: ഓപ്പോ റെനോ 10 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ലോഞ്ച് വില 39,999 രൂപയാണ്. എന്നാൽ ഇപ്പോൾ വിലയിൽ 2000 രൂപ കുറവ് വരുത്തിയിരിക്കുന്നു. ഇതോടെ ഈ ഫോൺ 37,999 രൂപയ്ക്ക് ലഭ്യമാകും. കഴിഞ്ഞ ജൂലൈയിലാണ് ഈ മോഡൽ പുറത്തിറക്കിയത്.
റെഡ്മി 12: ഷവോമിയുടെ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 12 ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോൺ ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. ഇതിൽ 11,999 രൂപയ്ക്ക് അവതരിപ്പിച്ച 6 ജിബി റാം വേരിയന്റിന്റെ വില മാത്രമാണ് ഇപ്പോൾ കുറഞ്ഞത്. 1500 രൂപയുടെ വിലക്കുറവിന് ശേഷം ഇതിപ്പോൾ 10,499 രൂപയ്ക്ക് ലഭ്യമാണ്.
സാംസങ് ഗാലക്സി എഫ്14: ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്സി എഫ്14 5G സ്മാർട്ട്‌ഫോണിന് 1,000 രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ 4GB റാം+ 128GB സ്റ്റോറേജ്, 6GB+128GB ഓപ്ഷനുകൾ യഥാക്രമം 14,490 രൂപയ്ക്കും 15,990 രൂപയ്ക്കും പുറത്തിറക്കി. ഇപ്പോൾ ഇവ യഥാക്രമം 13,990 രൂപയ്ക്കും 14,990 രൂപയ്ക്കും ലഭ്യമാണ്.


Click it and Unblock the Notifications








