ക്യാമറയിലും ലുക്കിലും ആഢംബരം! പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറുമായി റിയൽമി 12 പ്രോ സീരീസ് ഇന്ത്യയിലേക്ക്
റിയൽമി തങ്ങളുടെ 12 പ്രോ 5ജി സീരീസ് (Realme 12 Pro 5G series) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. റിയൽമി 12 പ്രോ (Realme 12 Pro), റിയൽമി 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ ആണ് ഈ സീരീസിൽ ഉൾപ്പെടുന്നത്.
റിയൽമി 12 പ്രോ 5ജി സീരീസ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ട്വിറ്റർ (ഇപ്പോൾ X) പോസ്റ്റിലൂടെ റിയൽമി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഫോണുകളുടെ കൃത്യമായ ലോഞ്ച് തീയതിയും ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളിലൂടെ ലോഞ്ചിന് മുൻപ് ഫീച്ചറുകൾ ചോർന്നിട്ടുണ്ട്.

റിയൽമി 12 Pro സീരീസ് ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 12 പ്രോ സീരീസ് ഫോണുകൾ 120X ഡിജിറ്റൽ സൂം വരെ പിന്തുണയ്‌ക്കുമെന്നും 0.6x, 1x, 2x, 3x, 6x ലോസ് ലെസ് സൂം വാഗ്ദാനം ചെയ്യുമെന്നും റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ റിയൽമി 12 പ്രോ സീരീസിനായി അന്താരാഷ്ട്ര ലക്ഷ്വറി വാച്ച് ഡിസൈൻ മാസ്റ്ററായ ഒലിവിയർ സാവിയോയുമായി സഹകരിച്ചു എന്ന വാർത്തയും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ശക്തമായ ക്യാമറ ഫീച്ചറുകൾക്കൊപ്പം ലക്ഷ്വറി ഡിസൈനും റിയൽമി 12 പ്രോ സീരീസ് ഫോണുകളിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാം.

റിയൽമി 12 പ്രോ സീരീസിന്റെ വരവിൽ പെരിസ്‌കോപ്പ് ക്യാമറയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. പെരിസ്‌കോപ്പ് സെൻസർ ഉയർന്ന സൂം സന്ദർഭങ്ങളിൽ മികച്ച ഇമേജ് ക്ലാരിറ്റി നൽകും. റിയൽമി 12 സീരീസിന്റെ വരവ് സൂചിപ്പിച്ചുകൊണ്ട് റിയൽമിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ പുതിയ ലാൻഡിങ് പേജ് ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഹാൻഡ്‌സെറ്റുകളുടെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
റിയൽമി 12 Pro സീരീസിൽ 71mm ഗോൾഡൻ പോർട്രെയ്‌റ്റ് ഫോക്കൽ ലെങ്ത് ഉള്ള 3X പോർട്രെയിറ്റ് മോഡ് അവതരിപ്പിക്കും. റിയൽമി 12 പ്രോ സീരീസിലെ പ്രധാന ക്യാമറ OIS, f/1.8 അപ്പേർച്ചർ എന്നിവയുള്ള സോണി IMX890 1/1.56" സെൻസറാണ്. ഇത് 50എംപി സെൻസറാണ്.
ക്വാൽക്കോമുമായി സഹകരിച്ച്, മാസ്റ്റർഷോട്ട് അൽഗോരിതം ഉപയോഗിച്ച് ഇമേജ് പ്രോസസ്സിംഗ് റിയൽമി മെച്ചപ്പെടുത്തിയിട്ടുണ്ട്. RAW ഡൊമെയ്‌നുകൾ പ്രോസസ്സ് ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ- ഒരേയൊരു- ഡിവൈസാണ് 12 പ്രോ സീരീസ്. റിയൽമി 12 പ്രോ പ്ലസ് 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അവതരിപ്പിച്ചേക്കും. 12 പ്രോ മോഡൽ 2x ഒപ്റ്റിക്കൽ സൂമോടുകൂടിയ 32MP ടെലിഫോട്ടോ ക്യാമറയുമായി എത്തിയേക്കാം.

അടുത്തിടെ, റിയൽമി 12 പ്രോയും 12 പ്രോ പ്ലസും യഥാക്രമം RMX3843, RMX3841 എന്നീ മോഡൽ നമ്പറുകളിൽ TENAA വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റിയൽമി 12 പ്രോ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റിൽ എത്തുമെന്ന് ഇതിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത് എന്നാണ് റിപ്പോർട്ട്.
5,000എംഎഎച്ച് ബാറ്ററി പിന്തുണയോടെയാകും 12 പ്രോ എത്തുക. റിയൽമി 12 പ്രോ പ്ലസ് മോഡലിന് 64 മെഗാപിക്സൽ ഓമ്നിവിഷൻ OV64B 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ഫ്ലിപ്പ്കാർട്ട് വഴിയാണ് റിയൽമി 12 പ്രോ 5ജി സീരീസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക.
റിയൽമി 12 പ്രോ പ്ലസിന്റെ ഒരു പോസ്റ്റർ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചോർന്ന ടീസർ ചിത്രത്തിൽ ഒരു റോളക്സ് വാച്ചുണ്ട്, അതിൽ 28-ാം തീയതി കാണിക്കുന്നു, അതിനാൽ ജനുവരി 28 ന് 12 പ്രോ സീരീസ് ലോഞ്ച് ചെയ്തേക്കാമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ ഫോണുകൾ ജനുവരി 31-ന് എത്തിയേക്കാമെന്ന് ടിപ്‌സ്റ്റർ സുധാൻഷു അംബോർ പ്രവചിക്കുന്നു.
റിയൽമി 12 പ്രോ മോഡൽ നാവിഗേറ്റർ ബീജ്, സബ്‌മറൈൻ ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം റിയൽമി 12 പ്രോ+ ഒരു അധിക എക്സ്പ്ലോറർ റെഡ് ഷേഡിൽ വരാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റിയൽമി 11 പ്രോ, 11 പ്രോ പ്ലസ് എന്നിവയുടെ പിൻഗാമിയായിട്ടാണ് റിയൽമി 12 പ്രോ സീരീസ് എത്തുന്നത്.


Click it and Unblock the Notifications








