5ജി ഫോണുകളുടെ സീൻ മാറ്റി റിയൽമി 12X 5ജി! പ്രാരംഭ മോഡലിന് വില വെറും 10,999 രൂപ
ചില കടന്നുവരവുകൾ ചരിത്രം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ, ബജറ്റ് വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോണുകളുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ശേഷിയോടെ ഒരു റിയൽമി ഫോൺ കടന്നുവന്നിരിക്കുന്നു. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ട് റിയൽമി തങ്ങളുടെ റിയൽമി 12x 5ജി (Realme 12x 5G) സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
വില കൊണ്ട് തന്നെ മറ്റ് ബ്രാൻഡുകളുടെ ഫോണുകളെ വെല്ലുവിളിക്കാൻ റിയൽമി 12x 5ജിക്ക് സാധിക്കുന്നുണ്ട്. അതിലെ മികച്ച ഫീച്ചറുകൾ കൂടി കണക്കിലെടുക്കുമ്പോൾ വിപണിയിൽ വൻ ആവേശം സൃഷ്ടിക്കാൻ ഈ റിയൽമി ഫോണിന് ശേഷിയുണ്ട്. കാരണം കുറഞ്ഞ വിലയിൽ എത്തുമ്പോൾ തന്നെ ഇതിലെ ഫീച്ചറുകൾ മികച്ചു നിൽക്കുന്നു.

റിയൽമി 12x 5ജി മൂന്ന് വേരിയന്റുകളിൽ വിപണിയിൽ എത്തുന്നു. ഇതിൽ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് വെറും 11,999 രൂപയാണ് വില. ഇതിന്റെ 6GB+128GB വേരിയന്റ് 13,499 രൂപയ്ക്കും 8GB+128GB വേരിയൻ്റ് 14,999 രൂപയ്ക്കും വിൽക്കും.
45W ചാർജിംഗ് വേഗത വാഗ്ദാനം ചെയ്യുന്ന 12,000 രൂപയിൽ താഴെയുള്ള ആദ്യത്തെ ഫോൺ എന്നത് ഉൾപ്പെടെയുള്ള സവിശേഷതകളും റിയൽമി 12x 5ജിക്ക് ഉണ്ട്. ഇത് കൂടാതെ എയർ ജെസ്ചർ ഫീച്ചർ പോലെ മറ്റ് സ്മാർട്ട്ഫോണുകളിൽ അധികം കാണാത്ത ചില ഫീച്ചറുകളും ഈ ബജറ്റ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി 12x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. മാലി G57 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഈ 5ജി സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്.
ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, 50എംപി പ്രൈമറി എഐ ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കായി, 8MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ പ്രധാന OS അപ്‌ഡേറ്റുകളും ഇതിന് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
45W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5,000mAh ബാറ്ററിയാണ് റിയൽമി 12x 5ജി പായ്ക്ക് ചെയ്യുന്നത്. കുറഞ്ഞ വിലയിൽ എത്തുമ്പോൾ തന്നെ ആകർഷകമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നു എന്നതാണ് റിയൽമി 12x 5ജിയുടെ വരവിനെ ശ്രദ്ധേയമാക്കുന്നത്. അതിൽ ഏറെ ശ്രദ്ധേയം എയർ ജെസ്ചർ ഫീച്ചറും ഡൈനാമിക് ബട്ടണും ആണ്.

സ്‌ക്രീനിൽ തൊടാതെ തന്നെ ചില ഫോൺ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാൻ കഴിയും എന്നതാണ് എയർ ജെസ്ചർ (Air Gesture) ഫീച്ചറിന്റെ പ്രത്യേകത. നേരത്തെ റിയൽമി നാർസോ 70 പ്രോ 5ജിയിൽ എയർ ജെസ്ചർ ഫീച്ചർ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്ര കുറഞ്ഞ വിലയിൽ എത്തുന്ന ഈ ഫോണിൽ ഈ ഫീച്ചർ ലഭ്യമാകുന്നത് ഉപയോക്താക്കളെ ശരിക്കും അമ്പരപ്പിക്കും.
റിയൽമി 12x 5ജിയുടെ മറ്റൊരു സവിശേഷതയായ ഡൈനാമിക് ബട്ടൺ ഫോണിലെ ചില ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഷോട്ട്കട്ട് ബട്ടണാണ്. നേരത്തെ റിയൽമി-12ൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത്രയും കുറഞ്ഞ വിലയിൽ എത്തുമ്പോൾത്തന്നെ ഈ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചതിലൂടെ റിയൽമി 12x 5ജി ശരിക്കും എൻട്രി ലെവൽ 5G കില്ലർ എന്ന വിശേഷണത്തിന് അർഹനാണ്.

ട്വിലൈറ്റ് പർപ്പിൾ, വുഡ്‌ലാൻഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. റിയൽമി 12x 5ജിയുടെ ഏർലി ബിഡ് സെയിൽ ഏപ്രിൽ 2 ന് വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിൽ നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഈ എൻട്രി ലെവൽ 5G കില്ലർ ഫോൺ വാങ്ങാം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ റിയൽമി 12x 5ജി വേരിയന്റുകൾ വാങ്ങാൻ സാധിക്കും. ഇതുപ്രകാരം, റിയൽമി 12x 5ജി പ്രാരംഭ വേരിയന്റ് 10999 രൂപയ്ക്കും 6Gb+ 128GB വേരിയന്റ് 11,999 രൂപയ്ക്കും 8Gb+ 128GB വേരിയന്റ് 13999 രൂപയ്ക്കും വാങ്ങാൻ കഴിയുമെന്ന് റിയൽമി പറയുന്നു.


Click it and Unblock the Notifications








