ഇന്ത ഫീച്ചർ പോതുമാ... ഇന്നും കൊഞ്ചം വേണമാ! റിയൽമി 14 5Gയുടെ മെയിൻ ഫീച്ചറുകൾ വെളിപ്പെടുത്തി
ഒരു പുതിയ കിടിലൻ സ്മാർട്ട്ഫോൺ കൂടി ആഗോള വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. റിയൽമി 14 5ജി (realme 14 5G) എന്ന മോഡലിന്റെ ലോഞ്ച് സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങളിൽ ചിലതാണ് ഇപ്പോൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം, അതായത് ഏപ്രിലിൽ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ആഗോള വിപണികളിൽ റിയൽമി 14 5G ലോഞ്ച് ചെയ്യും. ഇന്തോനേഷ്യയിൽ നടന്ന ഒരു ഇവന്റിൽ വച്ച് റിയൽമി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ഈ ഫോണിന്റെ ടീസറും കമ്പനി പുറത്തുവിട്ടു.
റിയൽമി 14 5ജിയുടെ ബാറ്ററി, ചിപ്സെറ്റ് തുടങ്ങിയ സുപ്രധാന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ റിയൽമി പുറത്തുവിട്ട ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ വിലയിരുത്തിയാൽ, അടുത്തയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റിയൽമി P3 5G യോട് സാമ്യമുള്ളതാണ് റിയൽമി 14 5ജിയുടെ രൂപകൽപ്പന, എന്നാൽ ഇതിൽ സ്റ്റാൻഡേർഡ് ഫ്ലാഷിന് പുറമേ ഒരു റിംഗ് എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു.

50MP മെയിൻ ക്യാമറയും അതോടൊപ്പം ഒരു സെക്കൻഡറി ക്യാമറയും റിയൽമി 14 5ജിയിൽ ഉണ്ടെന്ന് ടീസർ സൂചിപ്പിക്കുന്നു. "നോ ലാഗ്, നോ ഹീറ്റ്, നോ ചാർജ്" എന്ന ടാഗ് ലൈൻ ആണ് റിയൽമി 14 5ജിക്ക് ടീസറിൽ നൽകിയിരിക്കുന്നത്. കൂടാതെ വരാൻ പോകുന്ന ഈ ഫോണിനെ പെർഫോമൻസ് ഡോമിനേറ്റർ എന്നാണ് കമ്പനി വിളിക്കുന്നത്!
മാർച്ച് 19ന് റിയൽമിയുടെ പി3 സീരീസിലെ പുതിയ രണ്ട് ഫോണുകൾ ഇന്ത്യയിൽ എത്തുന്നുണ്ട്. ഇതിലെ റിയൽമി P3 5G എത്തുന്നത് സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റ് കരുത്തിലാണ്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്‌ഫോണായിരിക്കും ഇത്. എന്നാൽ ഇപ്പോൾ റിയൽമി പുറത്തുവിട്ട ടീസറിൽ റിയൽമി 14 5ജിയിലും ഇതേ ചിപ്സെറ്റ് തന്നെയാണ് ഉള്ളത്.

അതായത്, റിയൽമി പി3 5ജിയിലെ അതേ ചിപ്സെറ്റ് കരുത്താക്കി തന്നെയാകും റിയൽമി 14 5ജിയും ആഗോളതലത്തിൽ ലോഞ്ച് ചെയ്യുക. റിയൽമി 14 5ജിയിലെ ഗെയിമിംഗ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഫ്രീ ഫയറുമായി റിയൽമി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 6000എംഎച്ച് ബാറ്ററിയും എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഈ ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്.
ലഭ്യമായ വിവരങ്ങൾ വച്ച് പി3 5ജിയിലെ ഫീച്ചറുകൾക്ക് സമാനമായ ചില ഫീച്ചറുകൾ റിയൽമിയുടെ 14 5ജിയിലും പ്രതീക്ഷിക്കാം. അതിൽ 45W ഫാസ്റ്റ് ചാർജിംഗ്, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP69 റേറ്റിംഗുകൾ, 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള 120Hz AMOLED ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളും ഉൾപ്പെടുന്നു.
റിയൽമി 14 5ജിയുടെ ലോഞ്ച് തിയതിയും മറ്റ് ഫീച്ചറുകളും വരും ദിവസങ്ങളിൽ വ്യക്തമാകും. അതേസമയം, അടുത്ത ആഴ്ച ഇന്ത്യയിൽ പുതിയ പി3 സീരീസ് ഫോണുകൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ. കഴിഞ്ഞ മാസം റിയൽമി പി3 പ്രോ, റിയൽമി പി3X എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മാർച്ച് 19ന് ഈ നിരയിലേക്ക് റിയൽമി P3 അൾട്ര 5G, റിയൽമി P3 5G എന്നിവകൂടി എത്തും.

റിയൽമിയുടെ പി3 സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായിരിക്കും റിയൽമി പി3 അൾട്ര 5ജി. ഇത് മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്രാ ചിപ്‌സെറ്റ് കരുത്തിലാണ് എത്തുക. ഈ ചിപ്സെറ്റ് സഹിതമെത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി പി3 അൾട്രാ 5ജി. LPDDR 5x റാമും 2500Hz ടച്ച് സാമ്പിൾ റേറ്റും ഇതിൽ ഉണ്ടാകും - ഇത് സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇൻ-ഗെയിം ടച്ച് റെസ്‌പോൺസ് കാഴ്ചവയ്ക്കും.
80W AI ബൈപാസ് ചാർജിംഗും അഞ്ച് വർഷത്തെ ഈടും ഉള്ള 6000mAh ബാറ്ററിയാണ് റിയൽമി പി3 അൾട്ര 5ജിയിൽ ഉണ്ടാകുക. GT ബൂസ്റ്റ് ഫീച്ചർ സഹിതമാണ് ഈ അൾട്ര മോഡൽ എത്തുന്നത്. ഇത് 90fps ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു, 4K 60fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, +13% മൾട്ടി-കോർ പെർഫോമൻസ്, 3.3x വേഗതയേറിയ AI പ്രോസസ്സിംഗും എന്നിവ റിയൽമി പി3 അൾട്ര 5ജിയിൽ ഉണ്ടാകും.


Click it and Unblock the Notifications








