റിയൽമി 15 പ്രോ കിരീടം വയ്ക്കാത്ത രാജാവോ! 7000mAh ബാറ്ററി, 4D കർവ്ഡ്+ ഡിസ്പ്ലേ, IP69 റേറ്റിങ്... എല്ലാമുണ്ട്
ഇതുവരെ അറിഞ്ഞത് മനോഹരം, ഇനി അറിയാനുള്ളത് അതിമനോഹരം... അടുത്തുതന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന റിയൽമി 15 സീരീസിലെ പുതിയ സ്മാർട്ട്ഫോണുകളുടെ കാര്യമാണ് ഈ പറഞ്ഞത്. റിയൽമി തങ്ങളുടെ നമ്പർ സീരീസിൽ അടുത്തതായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് റിയൽമി 15 (Realme 15), റിയൽമി 15 പ്രോ (Realme 15 Pro) എന്നിവയാണ്. ജൂലൈ 24ന് ഇവ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചതാണ്. ഇപ്പോൾ ലോഞ്ചിന് മുന്നോടിയായി വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തിക്കൊണ്ട് ആരാധകരിൽ ആവേശം നിറയ്ക്കുകയാണ് റിയൽമി.
റിയൽമി 14 സീരീസിന്റെ പിൻഗാമിയായിട്ടാണ് റിയൽമി 15 സീരീസ് ഫോണുകൾ എത്തുക. അതിൽത്തന്നെ റിയൽമി 14 പ്രോയിൽ നിന്ന് തികച്ചും വേറിട്ടുനിൽക്കുന്ന ഒരുപാട് പുതിയ വൻ അപ്ഗ്രേഡുകൾ വരാൻപോകുന്ന റിയൽമി 15 പ്രോയിൽ ഉണ്ട് എന്നാണ് റിയൽമി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും സജീവമായിരിക്കുന്ന മൈക്രോസൈറ്റിലെ ഡീറ്റെയിൽസുകൾ വെളിപ്പെടുത്തുന്നത്.

അർഥവത്തായ അപ്ഗ്രേഡുകൾ തന്നെ റിയൽമി 15 പ്രോ അവതരിപ്പിക്കും എന്ന് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. അതിൽ ഏറെ ശ്രദ്ധേയം 7,000mAh ബാറ്ററി ഇതിൽ ഉണ്ടാകും എന്നതാണ്. മുൻ മോഡലിൽ 6,000mAh+ ബാറ്ററിയാണ് ഉണ്ടായിരുന്നത്. കൂടാതെ പുതിയ മോഡലിൽ പഴയ മോഡലിന്റെ ഇരട്ടി ഫാസ്റ്റ് ചാർജിങ് പിന്തുണയും ഉണ്ട്.
അതായത് റിയൽമി 14 പ്രോയിൽ 45W ഫാസ്റ്റ് ചാർജിങ് ആണ് ഉണ്ടായിരുന്നത്. പുതിയ 15 പ്രോയിലേക്ക് എത്തുമ്പോൾ അത് 80W ഫാസ്റ്റ് ചാർജിങ് ആയി നവീകരിക്കപ്പെട്ടിരിക്കുന്നു. ഇതിലെ 7,000mAh ബാറ്ററിക്ക് 22 മണിക്കൂർ യൂട്യൂബ് പ്ലേബാക്കും 113 മണിക്കൂർ സ്‌പോട്ടിഫൈ പ്ലേബാക്കും വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു.

ഇത്ര വലിയ ബാറ്ററി ശേഷി ഉറപ്പാക്കിയപ്പോൾ മറ്റൊരു കാര്യം കൂടി റിയൽമി ശ്രദ്ധിച്ചിട്ടുണ്ട്. ഫോണിന്റെ വലിപ്പം കൂടാതിരിക്കുക എന്നതാണ് അത്. ഇതിനായി സിലിക്കൺ-കാർബൺ ബാറ്ററിയാണ് റിയൽമി ഉപയോഗിച്ചിരിക്കുന്നത്, ഫോണിന്റെ കനം വർദ്ധിപ്പിക്കാതെ തന്നെ മികച്ച ബാറ്ററി ശേഷി നൽകാൻ ഒരു സിലിക്കൺ-കാർബൺ ബാറ്ററി സഹായിക്കുന്നു. വെറും 7.69mm ആണ് ഈ ഫോണിന്റെ വലിപ്പം.
പുതിയ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന് കരുത്തുപകരുക എന്ന് റിയൽമി ഇതിനകം തന്നെ സ്ഥിരീകരിച്ച കാര്യമാണ്. അതിനാൽ 25000 രൂപയോട് അടുത്ത വിലയിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കാം റിയൽമി 15 പ്രോ എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബാറ്ററി ഫീച്ചറുകൾക്ക് പുറമേ ഈ ഫോണിന്റെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഐപി റേറ്റിങ്ങും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 4D കർവ്+ ഡിസ്‌പ്ലേ സഹിതമാണ് റിയൽമി 15 പ്രോ എത്തുക. സ്ക്രീനിന്റെ മധ്യഭാഗത്ത് പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ട്. 6,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു എന്നതും കമ്പനി എടുത്തുപറയുന്നുണ്ട്.

144Hz റിഫ്രഷ് റേറ്റ്, 94 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 2500Hz സീറോ- ലാഗ് ടച്ച് റെസ്‌പോൺസ് എന്നിവയും ഇതിലെ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ സഹിതമാണ് ഈ ഡിസ്പ്ലേ എത്തുകയെന്നും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. പൊടി- ജല പ്രതിരോധത്തിനായി കൂടിയ സ്മാർട്ട്ഫോണുകളിലുള്ളതുപോലെ IP69 റേറ്റിങ് റിയൽമി 15 പ്രോയും വാഗ്ദാനം ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
15 പ്രോയുടെ ക്യാമറ ഫീച്ചറുകൾ വൈകാതെ വെളിപ്പെടുത്തുമെന്ന് റിയൽമി അറിയിച്ചിട്ടുണ്ട്. മികച്ച ബാറ്ററി, പെർഫോമൻസ്, ഡിസ്പ്ലേ, ഈട് എന്നിവയെല്ലാം വാഗ്ദാനം ചെയ്തുകൊണ്ട് 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെൻിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് റിയൽമി 15 പ്രോയുടെ വരവ് എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട ഫീച്ചറുകളിൽനിന്ന് മനസിലാക്കാനാകും. ഫ്ലോയിംഗ് സിൽവർ, സിൽക്ക് പർപ്പിൾ, വെൽവെറ്റ് ഗ്രീൻ, സിൽക്ക് പിങ്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുക.


Click it and Unblock the Notifications








